ഒരു കാലത്ത് ബോളിവുഡിലെ ട്രെൻഡ് സെറ്ററായിരുന്നു അക്ഷയ് കുമാർ. എന്നാല്‍ കോവിഡ് കാലത്തിന് ശേഷം താരത്തിന്റേതായി പുറത്തിറങ്ങിയ മിക്ക സിനിമകളും വൻ പരാജയമായി. അടുത്തിടെ റിലീസ് ചെയ്ത താരത്തിന്റെ സര്‍ഫിര എന്ന സിനിമ പോലും തിയറ്ററില്‍ ഫ്ലോപ്പ് ആയി മാറിയിരുന്നു.
ഇതിനോടകം തന്നെ നിരവധി ബയോപിക്കുകളിലും അക്ഷയ് കുമാർ നായകനായെത്തിയിരുന്നു. അക്ഷയ് നായകനായെത്തിയ ബയോപിക്കുകളെല്ലാം പ്രേക്ഷക മനം കവർന്നിരുന്നു. ഇന്ന് താരത്തിന്റെ 57-ാം പിറന്നാൾ കൂടിയാണ്. പിറന്നാൾ ദിനത്തിൽ അക്ഷയ് കുമാറിന്റെ ചില ബയോപിക്കുകളിലൂടെ കടന്നു പോകാം.
ആർ ബാൽക്കി സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പാഡ് മാൻ. സോനം കപൂർ, രാധിക ആപ്തെ എന്നിവരായിരുന്നു അക്ഷയ് കുമാറിനൊപ്പം ചിത്രത്തിലെത്തിയ മറ്റു താരങ്ങൾ. സാനിറ്ററി നാപ്കിനുകൾ വിദൂര സ്വപ്നം മാത്രമായിരുന്ന ഇന്ത്യയിലെ ഗ്രാമീണ സ്ത്രീകളുടെ ദുരിതമകറ്റാനായി കുറഞ്ഞ ചെലവിൽ സാനിറ്ററി പാഡുകൾ നിർമ്മിച്ച തമിഴ്‌നാട്ടിലെ സാമൂഹിക പ്രവർത്തകനും സംരംഭകനുമായ അരുണാചലം മുരുകാനന്ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിയറ്ററുകളിൽ വൻ വിജയമായി എന്ന് മാത്രമല്ല അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിച്ചു.
റീമ കാഗ്തി കഥയെഴുതി സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോൾഡ്: ദ് ഡ്രീം ദാറ്റ് യുണൈറ്റഡ് അവർ നേഷൻ. മൗനി റോയ്, അമിത് സാദ്, കുനാൽ കപൂർ, വിനീത് കുമാർ സിങ്, സണ്ണി കൗശൽ, നികിത ദത്ത തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. 1948 ലെ സമ്മർ ഒളിംപിക്സിലേക്കുള്ള ഇന്ത്യയുടെ ദേശീയ ഹോക്കി ടീമിൻ്റെ യാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോക്കിയിൽ ഇന്ത്യയ്ക്ക് ആദ്യമായി സ്വർണ മെഡൽ നേടിക്കൊടുത്ത തപൻ ദാസിനെയാണ് ചിത്രത്തിൽ അക്ഷയ് കുമാർ അവതരിപ്പിച്ചത്. നൂറ് കോടിയലധികം ചിത്രം ബോക്സോഫീസിൽ കളക്ഷൻ നേടുകയും ചെയ്തു.
അനുരാഗ് സിങ് രചനയും സംവിധാനവും നിർവഹിച്ച് 2019 ൽ പുറത്തിറങ്ങിയ ചിത്രമാണ് കേസരി. പരിനീതി ചോപ്ര, വിക്രം സിങ് ചൗഹാൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചു. 1897ൽ നടന്ന സരാഘർഹി യുദ്ധത്തെ ആസ്പദമാക്കിയാണ് കേസരി ഒരുക്കിയിരിക്കുന്നത്. യുദ്ധത്തിൽ 10,000 അഫ്ഗാൻ സേനാനികളോട് ഏറ്റുമുട്ടിയ 21 സിഖുക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. സിഖ് പട്ടാളക്കാരനായ ഹവിൽദാർ ഇഷാർ സിങ് ആയാണ് അക്ഷയ് കുമാർ ചിത്രത്തിലെത്തിയത്.
രാജാ കൃഷ്ണ മേനോന്റെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ ചിത്രമാണിത്. അക്ഷയ് കുമാറും നിമ്രാത്ത് കൗറും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇറാഖ് - കുവൈറ്റ് യുദ്ധത്തിലകപ്പെട്ട ഇന്ത്യക്കാരെ എയർലിഫ്റ്റ് വഴി സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ശ്രമിക്കുന്ന കുവൈത്തിലെ വ്യവസായിയായ രഞ്ജിത് കറ്റ്യാലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രം ബോക്സോഫീസിൽ വലിയ വിജയമായി മാറിയിരുന്നു.
ടിനു സുരേഷ് ദേശായി സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ചിത്രമാണ് റസ്തം. ഇല്യാന ഡിക്രൂസ്, അർജൻ ബജ്‌വ, ഇഷ ഗുപ്ത എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. 2016 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ഹിന്ദി ചിത്രവും അതേ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ ഇന്ത്യൻ ചിത്രവുമായിരുന്നു ഇത്. അടുത്തിടെ പുറത്തിറങ്ങിയ സർഫിര എന്ന അക്ഷയ് കുമാറിന്റെ ചിത്രവും ബയോപിക്കായിരുന്നു. സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ഇത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക