തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ് നടൻ ജയം രവിയുടെ വിവാഹ മോചന വാർത്ത. സെപ്റ്റംബർ 9നാണ് താനും ആരതിയും തമ്മിൽ വേർപിരിഞ്ഞുവെന്ന് ജയം രവി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒരുപാട് ആലോചനയ്ക്കും ചർച്ചകൾക്കും ഒടുവിലാണ് ഈ തീരുമാനമെടുത്തതെന്നും താരം പ്രസ്താവനയിൽ പറഞ്ഞിരുന്നു. തന്റെ ജന്മദിനത്തിന്റെ തലേന്നാണ് ജയം രവി ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ വാർത്തയുമായി ആരാധകർക്ക് മുന്നിലെത്തിയത്. ഇന്ന് താരത്തിന്റെ 44-ാം ജന്മദിനമാണ്.
വിഷമഘട്ടത്തിലും തങ്ങളുടെ പ്രിയതാരത്തിന് ജന്മദിനാശംസകൾ നേരുകയാണ് ആരാധകർ. നിർമ്മാതാവും എഡിറ്ററുമായ അച്ഛൻ മോഹന്റെ പാത പിന്തുടർന്നാണ് ജയം രവി സിനിമയിലെത്തുന്നത്. ഇന്നിപ്പോൾ രണ്ട് പതിറ്റാണ്ടിലേറെയായി ജയം രവി വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്നു. 2003 ൽ സഹോദരൻ എം രാജ സംവിധാനം ചെയ്‌ത ജയം എന്ന ചിത്രത്തിലൂടെയാണ് ജയം രവി തന്റെ കരിയർ തുടങ്ങുന്നത്. ചിത്രം സൂപ്പർ ഹിറ്റായതോടെ ജയം എന്ന് പേരിൽ താരം അറിയപ്പെടാൻ തുടങ്ങി.
പരാജയങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുമ്പോഴും ജയം രവിയുടെ കരിയറില്‍ കുത്തനെ ഒരു കയറ്റം ഉണ്ടാവുക പതിവാണ്. അങ്ങനെ ഇടവേളകളില്‍ ഹിറ്റുകൾ സൃഷ്ടിക്കുന്ന നടൻ കൂടിയാണ് ജയം രവി. വ്യത്യസ്തമാർന്ന പലതരം വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും സൂപ്പര്‍ താരം എന്ന ലെവലിലേക്ക് ഇതുവരെ നടന് എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
തന്റെ കംഫര്‍ട്ട് സോണ്‍ മറികടന്ന് പുറത്തേക്ക് വരാന്‍ താന്‍ തയ്യാറല്ലാത്തതു കൊണ്ടാണ് അത് സംഭവിക്കാത്തത് എന്ന് മുൻപൊരിക്കാൽ ജയം രവി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. അഭിനയത്തിനപ്പുറം ഭരതനാട്യത്തിലും രവി പരിശീലനം നേടിയിട്ടുണ്ട്. ഏത് കഥാപാത്രത്തിലേക്കും അനായാസമായി കടന്നു ചെല്ലുന്ന ജയം രവിയുടെ മികച്ച സിനിമകളിലൂടെ.
അസിൻ, നദിയ മൊയ്തു, പ്രകാശ് രാജ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അസിൻ്റെ തമിഴ് അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം നദിയ മൊയ്തു അഭിനയത്തിലേക്ക് തിരിച്ചെത്തിയ ചിത്രവും കൂടിയായിരുന്നു ഇത്. കുമരൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ജയം രവിയെത്തിയത്.
മോഹൻ രാജയുടെ തന്നെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു സന്തോഷ് സുബ്രഹ്മണ്യം. ജെനീലിയ, പ്രകാശ് രാജ്, ഗീത എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. സന്തോഷ് സുബ്രഹ്മണ്യം എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ജയം രവി അവതരിപ്പിച്ചത്.
2015 ൽ വീണ്ടും മോഹൻ രാജ - ജയം രവി കൂട്ടുകെട്ടിലെത്തിയ ചിത്രമായിരുന്നു തനി ഒരുവൻ. അരവിന്ദ് സ്വാമി ആണ് ചിത്രത്തിൽ വില്ലനായെത്തിയത്. നയൻതാര, നാസർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു. നൂറ് കോടിയലധികം ചിത്രം കളക്ഷൻ നേടുകയും ചെയ്തു. മിത്രൻ ഐപിഎസ് ആയാണ് ജയം രവി ചിത്രത്തിലെത്തിയത്.
എഴിൽ കഥയെഴുതി സംവിധാനം ചെയ്ത് 2007 ൽ പുറത്തുവന്ന ചിത്രമാണ് ദീപാവലി. ഭാവന, രഘുവരൻ, ലാൽ, വിജയകുമാർ, കൊച്ചിൻ ഹനീഫ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തി. ബില്ലു എന്നായിരുന്നു ജയം രവിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ അരുൾമൊഴി വർമ്മനെന്ന കഥാപാത്രമായാണ് ജയം രവിയെത്തിയത്. വൻ താരനിര അണിനിരന്ന ചിത്രത്തിൽ ജയം രവിയുടെ കഥാപാത്രവും ഏറെ പ്രശംസകളേറ്റു വാങ്ങി. താരത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നു കൂടിയാണ് പൊന്നിയിൻ സെൽവനിലേത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക