പൂക്കളം, സദ്യ, പിന്നെയൊരു സിനിമയും. മലയാളികളുടെ ഓണം ആഘോഷത്തിന്റെ ഭാഗമാണ് സിനിമയും. ഇത്തവണ ഓണം കളറാക്കാന്‍ യുവതാരങ്ങളാണ് രംഗത്തിറങ്ങുന്നത്. ടൊവിനോയുടെ അജയന്റെ രണ്ടാം മോഷണം, ആസിഫ് അലിയുടെ കിഷ്‌കിന്ധാകാണ്ഡം, ആന്റണി വര്‍ഗീസിന്റെ കൊണ്ടല്‍ എന്നിവയാണ് റിലീസിന് എത്തുന്നത്. ഇവരില്‍ ആരാവും ഇത്തവണത്തെ ഓണം വിജയി? കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓണത്തിന് തിയറ്ററുകളില്‍ ആവേശം തീര്‍ത്ത സിനിമകള്‍ ഏതെന്ന് നിങ്ങള്‍ക്കറിയുമോ? 2019 മുതല്‍ 2023 വരെ ബോക്‌സ് ഓഫിസില്‍ ഹിറ്റായി മാറിയ സിനിമകള്‍ ഇവയാണ്.
കഴിഞ്ഞ വര്‍ഷത്തെ ഓണം വിജയി ആര്‍ഡിഎക്‌സ് ആയിരുന്നു. വന്‍ പ്രതീക്ഷയോടെ എത്തിയ ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്തയേയും നിവിന്റെ രാമചന്ദ്ര ബോസ് ആന്‍ഡ് കോയെയും തകര്‍ത്താണ് ആര്‍ഡിഎക്‌സ് ബോക്‌സ് ഓഫിസ് കീഴടക്കിയത്. ഷെയിന്‍ നിഗം, ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഗംഭീര ആക്ഷനുമായാണ് എത്തിയത്. നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തത്. എട്ട് കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 84.55 കോടിയാണ് നേടിയത്.
2022ലെ ഓണം മലയാളം സിനിമയ്ക്ക് നിരാശയുടേതായിരുന്നു. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളൊന്നും തിയറ്ററിലെത്തിയില്ല. വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടിന് മാത്രമാണ് കുറച്ചെങ്കിലും മുന്നേറ്റം നടത്താനായത്. ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പറഞ്ഞത്. കുഞ്ചാക്കോ ബോബന്‍- അരവിന്ദ് സ്വാമിചിത്രം ഒറ്റ്, ബിജു മേനോന്റെ ഒരു തെക്കന്‍ തല്ല് കേസ് എന്നിവ ആയിരുന്നു മറ്റ് ഓണം റിലീസുകള്‍. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളും തിയറ്ററില്‍ തകര്‍ന്നടിഞ്ഞു. ഓണം ചിത്രങ്ങള്‍ക്ക് കാര്യമായ മുന്നേറ്റം നടത്താനാവാതിരുന്നത് ആ സമയത്ത് തിയറ്ററിലുണ്ടായിരുന്നു ന്നാ താന്‍ കേസ് കൊട്, തല്ലുമാല എന്നീ ചിത്രങ്ങള്‍ക്ക് ഗുണം ചെയ്തു.
ഓണം ആഘോഷിക്കാന്‍ തിയറ്ററുകള്‍ ഒരുങ്ങാതിരുന്ന വര്‍ഷമാണ് 2021. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഒരു സിനിമ പോലും തിയറ്ററില്‍ എത്തിയിരുന്നില്ല. സെപ്റ്റംബര്‍ 17 ന് ഡയറക്ടറ്റ് ഒടിടി റിലീസായി എത്തിയ കാണെക്കാണെ മാത്രമാണ് സിനിമാപ്രേമികളുടെ മുന്നിലെത്തിയ ഏക ചിത്രം.
കോവിഡ് ഭീതിയില്‍ ലോകം ഒന്നടങ്കം വീടിനുള്ളില്‍ ഒതുങ്ങിപ്പോയ വര്‍ഷം. 2020 ഓണം മലയാളികള്‍ ആഘോഷിച്ചത് ഓണ്‍ലൈനിലായിരുന്നു. മൂന്ന് സിനിമകളാണ് ഓണം പ്രമാണിച്ച് പ്രേക്ഷകരിലേക്ക് എത്തിയത്. ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ടെലിവിഷനിലൂടെയാണ് റിലീസ് ചെയ്തത്. ഫഹദും മഹേഷ് നാരായണനും ഒന്നിച്ച സീയൂ സൂണ്‍ ആമസോണിലും മണിയറയില്‍ അശോകന്‍ നെറ്റ്ഫഌക്‌സിലൂടെയും എത്തി.
സൂപ്പര്‍താരങ്ങളുടെ മത്സരം നടന്ന വര്‍ഷമാണ് 2019. മോഹന്‍ലാലിന്റെ ഇട്ടിമാണി: മേഡ് ഇന്‍ ചൈന, നിവിന്റെ ലവ് ആക്ഷന്‍ ഡ്രാമ, പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ, രജീഷ വിജയന്റെ ഫൈനല്‍സ് എന്നിവയാണ് ഓണം റിലീസായി എത്തിയത്. ഓണം വിന്നര്‍ ലവ് ആക്ഷന്‍ ഡ്രാമയായിരുന്നു. ഇട്ടിമാണിയുമായിട്ടായിരുന്നു പ്രധാന മത്സരം. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക