നടുക്കടലിൽ നിന്നൊരു ആക്ഷൻ കൊടുങ്കാറ്റ്; കൊണ്ടൽ റിവ്യു
ഇടിയുടെ ചാകര; ആഞ്ഞ് വീശി കൊണ്ടൽ(4 / 5)
വെറും കാറ്റ് അല്ല നടുക്കടലിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റാണ് ആന്റണി വർഗീസ് പെപ്പയുടെ കൊണ്ടൽ. നവാഗതനായ അജിത് മാമ്പള്ളിയുടെയും ടീമിന്റെയും കിടിലൻ ഓണസദ്യ. സദ്യയിലെ ഓരോ കറിയും രുചിച്ചും മണത്തും ആസ്വദിച്ച് കഴിക്കുന്ന പോലെയാണ് കൊണ്ടൽ കഴിഞ്ഞിറങ്ങുമ്പോഴും പ്രേക്ഷകന് തോന്നുക. അടിയ്ക്ക് അടി, ഇടിയ്ക്ക് ഇടി, പാട്ടിന് പാട്ട്, ഇമോഷന് ഇമോഷൻ അങ്ങനെയെല്ലാ സിനിമാറ്റിക് എലമെന്റുമുണ്ട് കൊണ്ടലിലും. ഒരു പക്കാ ആക്ഷൻ റിവഞ്ച് ത്രില്ലറായാണ് തന്റെ ആദ്യ ചിത്രവുമായി അജിത് എത്തിയിരിക്കുന്നത്.
കഥ
കടലാണ് കൊണ്ടലിന്റെ മെയിൻ. കരയേക്കാൾ കൂടുതൽ കഥാപാത്രങ്ങളും കഥയും നടക്കുന്നത് കടലിലാണ്, അങ്ങ് നടുക്കടലിൽ. ആന്റണി വർഗീസ് അവതരിപ്പിക്കുന്ന മാനുവൽ എന്ന കഥാപാത്രത്തിലൂടെയാണ് കഥ തുടങ്ങുന്നത്. മാനുവലിലൂടെ മറ്റു കഥാപാത്രങ്ങളിലേക്കും കഥയിലേക്കും ഇറങ്ങി ചെല്ലുകയാണ്. അജിത് മാമ്പള്ളി, റോയ്‌ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. മത്സ്യബന്ധനം ഉപജീവനമാക്കി മാറ്റിയവരുടെ ചോറിൽ മണ്ണ് വാരിയിടാൻ വരുന്ന ഒരു കൂട്ടം ആളുകൾക്കുള്ള മറുപടിയിൽ നിന്നാണ് കൊണ്ടലിന്റെ ആരംഭം.
ഒരാഴ്ച ഒരു മത്സ്യബന്ധന ബോട്ടിൽ നടക്കുന്ന കഥയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. കരയിൽ നിന്ന് ബോട്ട് പുറപ്പെടുമ്പോൾ മുതൽ പ്രേക്ഷകരും ആ ബോട്ടിനൊപ്പം സഞ്ചരിച്ച് തുടങ്ങും. അൽപ്പം റഫ് ആൻഡ് ടഫ് ആയാണ് മാനുവൽ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. ആരോടും അധികം സംസാരിക്കാത്ത മാനുവൽ ചില ഉദ്ദേശ്യങ്ങളോടെയാണ് ബോട്ടിൽ കയറുന്നത്. ആ ഉദ്ദേശ്യമെന്താണെന്ന് ഇന്റർവെല്ലോടെ പ്രേക്ഷകന് കാണിച്ചു തരുന്നുണ്ട് സംവിധായകൻ.
മാനുവലിന്റെ സഹോദരൻ ഡാനിയേലിന്റെ കഥയാണ് പിന്നീടങ്ങോട്ട് പ്രേക്ഷകനെ കാത്തിരിക്കുന്നത്. രണ്ടാം പകുതിയിൽ പ്രേക്ഷക മനസ് നിറയെ മാനുവലും ഡാനിയേലും മാറി മാറി നിറയും. വെറുമൊരു ആക്ഷൻ ചിത്രമായല്ല കൊണ്ടൽ ഒരുക്കിയിരിക്കുന്നത്. തീരപ്രദേശവാസികളുടെ പ്രശ്നങ്ങളും അവരുടെ ജീവിതത്തിലൂടെയുമൊക്കെ സിനിമ പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. കടലും ബോട്ടും കാറ്റുമെല്ലാം കൊണ്ടലിൽ കഥാപാത്രങ്ങളാകുന്നുണ്ട്.
മേക്കിങ്
ഏറ്റവും കൂടുതൽ കൈയ്യടി കൊടുക്കേണ്ടത് സംവിധായകൻ അജിത് മാമ്പള്ളിയ്ക്ക് തന്നെയാണ്. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ കടലിലെ ജീവിതമൊക്കെ നന്നായി നിരീക്ഷിച്ചിട്ടുണ്ട് സംവിധായകൻ. ഓരോ കഥാപാത്രങ്ങളുടെയും ശരീരഭാഷയിൽ തന്നെ ആ നിരീക്ഷണം പ്രകടമായി കാണാം. ഇമോഷൻ, ആക്ഷൻ എല്ലാം കൃത്യമായി തന്നെയാണ് ചേർത്തു വച്ചിരിക്കുന്നത്. ഒരിടത്തു പോലും പ്രേക്ഷകന് ലാഗ് അടിക്കുകയോ ബോർ അടിക്കുകയോ ചെയ്തില്ല.
ആദ്യ പകുതിയും രണ്ടാം പകുതിയും ഒന്നിനൊന്ന് മെച്ചം. കടലിലെ രംഗങ്ങൾ ഓരോന്നും എടുത്തു പറയേണ്ടതാണ്. കാലാവസ്ഥ പ്രതികൂലമാകുമ്പോൾ കടലിനും മത്സ്യബന്ധന ബോട്ടിലും സംഭവിക്കുന്ന കാര്യങ്ങളൊക്കെ ശരിക്കും നെഞ്ചിടിപ്പോടെയല്ലാതെ പ്രേക്ഷകന് കണ്ടിരിക്കാനാകില്ല. ക്ലൈമാക്സ് രംഗവും അഭിനന്ദനാർഹമാണ്. കൊമ്പൻ സ്രാവിനൊപ്പമുള്ള വേട്ടയാടൽ രംഗങ്ങളും കോരിത്തരിപ്പിക്കുന്നതാണ്.
പെർഫോമൻസ്
വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളാണ് കൊണ്ടലിലുള്ളത്. വെറുതെ വന്നു പോകുന്ന കഥാപാത്രങ്ങൾ ആയിരുന്നില്ല അവയൊന്നും. ഓരോരുത്തർക്കും അവരുവരുടേതായ കൃത്യമായ സ്പെയ്സ് ഉണ്ട് കൊണ്ടലിൽ. പെർഫോമൻസിലേക്ക് വന്നാൽ പെപ്പെ തന്നെയാണ് മിന്നിച്ചത്. സ്നേഹവും വേദനയും പകയും ഒരേസമയം പെപ്പെയുടെ കണ്ണുകളിൽ മിഞ്ഞിമാഞ്ഞു. ഡാനിയേൽ ആയെത്തിയ കന്നഡ നടൻ രാജ് ബി ഷെട്ടിയും അത്യുഗ്രൻ പ്രകടനമാണ് നടത്തിയത്.
ആക്ഷൻ രംഗങ്ങളിലും രാജ് ബി ഷെട്ടി കസറി. പ്രതിനായകനായെത്തിയ ഷെബീർ കല്ലറക്കലിന്റെ പ്രകടനവും അഭിനന്ദാർഹമാണ്. നന്ദു, രാഹുൽ രാജഗോപൽ, ആഷ്‌ലി, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, സിറാജുദ്ദീൻ നാസർ, ശരത് സഭ, നെബിഷ് ബെൻസൺ തുടങ്ങിയവരും പ്രകടനത്തിൽ ഞെട്ടിച്ചു. സ്ത്രീ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യമില്ല സിനിമയിൽ. എങ്കിൽ പോലും ഗൗതമിയും പ്രതിഭയും ഉഷയും അവരവരുടെ ഭാഗം മികവുറ്റതാക്കി.
ടെക്നിക്കൽ ടീം
ചിത്രത്തിന്റെ ടെക്നിക്കൽ ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. വിഎഫ്എക്സ്, പശ്ചാത്തല സംഗീതം, ഛായാഗ്രഹണം, ആർട്ട്, മേക്കപ്പ്, ആക്ഷൻ, എഡിറ്റിങ് തുടങ്ങി എല്ലാം ഒന്നിനൊന്നിന് മികച്ചു നിന്നു. സാം സി എസ് ആണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയിരിക്കുന്നത്. കഥയ്ക്കും പശ്ചാത്തലത്തിനും ഏറ്റവും യോജിച്ച രീതിയിലാണ് സാം പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും മനോഹരമാണ്.
വിക്രം മോർ, കലൈ കിങ്സൺ, തവസി രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. കടലിന്റെ അടിത്തട്ടിലെ ഇടി, ബോട്ടിൽ നിന്നുള്ള പറന്നിടി അങ്ങനെ ഇടികൾ പലതാണ് കൊണ്ടിലിലുള്ളത്. മാനുവലിനും ഡാനിയേലിനും ഇടിയിലും ഒരു ഐഡന്റിറ്റി കൊണ്ടുവന്നിട്ടുമുണ്ട്. ആർഡിഎക്സിന് ശേഷം പെപ്പെ ഇടിച്ചു നേടിയ വിജയമാണ് കൊണ്ടലെന്ന് ഉറപ്പായും പറയാം. ഈ ഓണത്തിന് കഥയും ആവശ്യത്തിന് ഇടിയുമുള്ള ഒരു കിടിലൻ തിയറ്റർ അനുഭവം തന്നെയാണ് കൊണ്ടൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക