മലയാളികളുടെ ഏറ്റവും വലിയ ഗൃഹാതുരത്വങ്ങളിൽ ഒന്നാണ് ഓണം. ഓണത്തിനായി കാത്തിരിക്കുന്നത് പോലെ മറ്റൊരു ഉത്സവത്തിനും ഒരുപക്ഷേ ഇത്രയധികം ഒരുക്കങ്ങളുമായി മലയാളികൾ കാത്തിരുന്നിട്ടുണ്ടാവില്ല. ഇപ്പോഴും ആ ഓണക്കാല കൗതുകത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. നിരവധി സിനിമകളും ഓണക്കാലത്ത് റിലീസിനെത്താറുണ്ട്. ഓണത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന നിരവധി സിനിമകളും മലയാളത്തിലുണ്ട്.
1975 ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരും തിരുവോണം എന്നായിരുന്നു. പിന്നെയും വന്നു കുറേ ഓണച്ചിത്രങ്ങൾ. കെ.ജി ജോർജ് സംവിധാനം ചെയ്ത ഓണപ്പുടവ, 1983 ൽ ജെ ശശികുമാർ സംവിധാനം ചെയ്ത മഹാബലി, സുരേഷ് സംവിധാനം ചെയ്ത ഓണത്തുമ്പിക്കൊരു ഊഞ്ഞാൽ തുടങ്ങി നിരവധി ചിത്രങ്ങൾ. ഈ ഓണനാളിൽ മലയാളികൾ നെഞ്ചിലേറ്റിയ ചില ഓണപ്പാട്ടുകളിലൂടെയും, മലയാള സിനിമയിലെ ഓണാഘോഷത്തിലൂടെയും കടന്നുപോകാം.
വർഷം കുറേയായി മലയാളികൾക്ക് ഓണക്കാലത്ത് കൂട്ടിനെത്തുന്ന പാട്ടാണ് പൂവിളി പൂവിളി പൊന്നോണമായി... 1977 ൽ ജെ ശശികുമാർ സംവിധാനം ചെയ്ത വിഷുക്കണി എന്ന ചിത്രത്തിലെ പാട്ടായിരുന്നു ഇത്. ഇന്നും ഓണാഘോഷ വേദികളിൽ ഈ പാട്ടാണ് എല്ലാവരും പാടാറ്. പ്രേം നസീറും വിധുബാലയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സലിൽ ചൗധരിയാണ് സംഗീതമൊരുക്കിയത്. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഓണത്തിന്റെ ഓർമകളുടെ ഒരു ഘോഷയാത്ര തന്നെ മനസിലേക്ക് കൊണ്ടുവരുന്ന പാട്ടാണ് പൂ വേണം പൂപ്പട വേണം പൂവിളി വേണം...1987 ൽ ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ നെടുമുടി വേണു, പാർവതി, ശാരദ എന്നിവരായിരുന്നു പ്രധാന വേഷത്തിൽ. ഒഎൻവിയുടെ വരികൾക്ക് ജോൺസൺ മാഷായിരുന്നു സംഗീതമൊരുക്കിയത്.
1990 ൽ കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ശുഭയാത്ര. ജയറാം, ഇന്നസെന്റ്, പാർവതി, ജഗദീഷ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. ഒരു കൂട്ടം മലയാളികൾ ചേർന്ന് മുംബൈയിലെ ഒറ്റമുറി അപ്പാർട്ട്മെൻ്റിൽ എളിമയോടെ ഓണം ആഘോഷിക്കുന്ന രംഗം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
രാമേട്ടന്റെ റൂമിൽ തിരുവോണത്തിന് ഒത്തുകൂടി വടക്കെന്നോ തെക്കെന്നോ വേർതിരിവില്ലാതെ ഒന്നിച്ചു ഭക്ഷണം പാചകം ചെയ്തും നാട്ടിലെ ഓർമ്മകൾ പങ്കുവെച്ചും സൗഹാർദ്ദപരമായി ആഘോഷിക്കുന്ന രംഗം അതിമനോഹരമായാണ് കമൽ അവതരിപ്പിച്ചിരിക്കുന്നത്.
2015 ൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രേമം. ക്യാംപസിലെ ഓണാഘോഷമായിരുന്നു ചിത്രം കാണിച്ചു തന്നത്. നിവിൻ പോളി, സായ് പല്ലവി തുടങ്ങി നിരവധി യുവതാരങ്ങളാണ് ചിത്രത്തിനായി അണിനിരന്നത്. ചിത്രത്തിലെ കോളജിലെ ഓണാഘോഷ രംഗം ക്യാംപസുകളിൽ ഹിറ്റായി മാറിയിരുന്നു. വെള്ളമുണ്ടും കറുത്ത ഷർട്ടും ധരിച്ചായിരുന്നു പിന്നീട് വിദ്യാർഥികൾ ക്യാംപസുകളിൽ ഓണാഘോഷങ്ങൾക്ക് എത്തിയിരുന്നത്.
ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലെ തിരുവാവണി രാവ്, മനസാകെ നിലാവ്... എന്ന പാട്ടും മലയാളികൾക്ക് ഓണം ഓർമ്മ സമ്മാനിക്കുന്നത് തന്നെ. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക