Kishkindha Kaandam
കിഷ്കിന്ധാ കാണ്ഡം

കണ്ണ് നിറ‍ഞ്ഞും കൈയ്യടിച്ചും കണ്ടിറങ്ങാം 'കിഷ്കിന്ധാ കാണ്ഡം'

ക്ലൈമാക്സിലെ അരമണിക്കൂറും പ്രേക്ഷകരെ ഞെട്ടിക്കും.
Published on
ഓർമ്മയ്ക്കും മറവിക്കുമിടയിലെ 'കിഷ്കിന്ധാ കാണ്ഡം'(4.5 / 5)

ഇടതിങ്ങി നിൽക്കുന്ന വൃക്ഷക്കൂട്ടങ്ങൾക്ക് നടുവിൽ ഒരു വലിയ വീട്. ആ വീടിന്റെ അതിർത്തിക്കപ്പുറം റിസർവർവ് ഫോറസ്റ്റാണ്. മറ്റു മനുഷ്യരുടെ ആളനക്കമോ ബഹളമോ ഒന്നുമില്ല. ആ വലിയ വീട്ടിൽ നിന്നാണ് കിഷ്കിന്ധാ കാണ്ഡത്തിലേക്ക് സംവിധായകൻ ദിൻജിത്ത് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. അപ്പുപിള്ള (വിജയരാഘവൻ), അജയചന്ദ്രൻ (ആസിഫ് അലി), അപർണ (അപർണ ബാലമുരളി) തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് കിഷ്കിന്ധാ കാണ്ഡം വികസിക്കുന്നത്.

വളരെ പതിഞ്ഞ താളത്തിലാണ് സിനിമയുടെ ആദ്യത്തെ പോക്ക്. എന്നാൽ ആ പോക്ക് പ്രേക്ഷകനെ കൊണ്ടു ചെന്നെത്തിക്കുന്നത് മനുഷ്യ വികാരങ്ങളുടെ വലിയൊരു കൊടുമുടിയിലേക്കാണ്. ആദ്യ പകുതിയേക്കാൾ ഒരുപടി മുന്നിലാണ് ചിത്രത്തിന്റെ രണ്ടാം പകുതി. ക്ലൈമാക്സിലെ അരമണിക്കൂറും പ്രേക്ഷകരെ ഞെട്ടിക്കും. അപ്പുപിള്ള, രണ്ടാമത്തെ മകൻ അജയചന്ദ്രൻ, അജയചന്ദ്രൻ്റെ ഭാര്യ അപർണ എന്നിവരാണ് ഈ കിഷ്കിന്ധാ കാണ്ഡത്തിലെ ബുദ്ധിമാന്മാരായ മൂന്ന് കുരങ്ങൻമാർ.

ഒരു ദീർഘനിശ്വാസത്തോടെയല്ലാതെ ഒരാൾക്കും സിനിമ കഴിഞ്ഞ് തിയറ്ററിൽ നിന്ന് ഇറങ്ങാനാകില്ല. സിനിമയിലെ കുരങ്ങൻമാർ ഒരു മരച്ചില്ലയിൽ നിന്ന് മറ്റൊന്നില്ലേക്ക് ചാടുന്നതുപോലെ കഥയും കഥാസന്ദർഭങ്ങളും പ്രേക്ഷകരെയും കൂട്ടി ചാടുകയാണ്.

പെർഫോമൻസ്

പെർഫോമൻസു കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത് വിജയരാഘവനായിരുന്നു. അപ്പുപിള്ളയെ വിജയരാഘവനോളം നന്നായി ചെയ്യാൻ മറ്റൊരു നടനുമാകില്ലെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ്. പലതരം വികാരങ്ങളുടെ ഒരു കൂമ്പാരമാണ് അപ്പുപിള്ളയും. ഓർമ്മയ്ക്കും മറവിക്കുമിടയിൽ അയാൾ ജീവിക്കുന്ന ജീവിതം പ്രേക്ഷകരിലും ഒരു വീർപ്പമുട്ടൽ ഉണ്ടാക്കുന്നുണ്ട്. തുടക്കത്തിൽ അയാളോട് പ്രേക്ഷകന് ഒരു മടുപ്പും മുഷിച്ചിലുമൊക്കെ തോന്നാം.

ഈ കാർന്നോര് എന്താ ഇങ്ങനെയെന്ന് പലയിടങ്ങളിലും മനസിൽ നമ്മളോർക്കും. എന്നാൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ അപ്പുപിള്ള എന്തുകൊണ്ടാണ് അങ്ങനെയൊക്കെ പെരുമാറിയതെന്ന് സംവിധായകൻ നമ്മുക്ക് കാണിച്ചു തരും. അതിൽ പ്രേക്ഷകന് അയാളോട് സ്നേഹവും സഹതാപവുമൊക്കെ തോന്നും. പല രം​ഗങ്ങളിലും വിജയരാഘവൻ അഭിനയത്തിന്റെ പീക്ക് ലെവലിൽ എത്തി നിൽക്കുന്നതും പ്രേക്ഷകന് കൺകുളിർക്കെ കാണാം.

വിജയരാഘവനൊപ്പം കട്ടയ്ക്ക് നിന്ന മറ്റൊരു നടനാണ് ആസിഫ് അലി. ഓരോ സിനിമ കഴിയുന്തോറും സ്വയം തേച്ചു മിനുക്കുകയാണ് ആസിഫ്. ഇമോഷണൽ രം​ഗങ്ങളിലൊക്കെ ആസിഫ് ചെയ്യുന്ന വോയ്സ് കൺ​ട്രോളിങ്ങിൽ പോലുമുണ്ടായിരുന്നു അയാളിലെ നടൻ. എത്ര പ്രശംസിച്ചാലും മതിയാകില്ല ആസിഫിനെ. അച്ഛനെ അനുസരിക്കുന്ന മകനായി വിങ്ങലുകളെല്ലാം ഉള്ളിലൊതുക്കേണ്ടി വരുന്ന അജയചന്ദ്രനായി ആദ്യാവസാനം വരെ ആസിഫ് ശരിക്കും ഞെട്ടിച്ചു.

ഞാനിവിടെ വെക്കേഷന് വന്നതല്ല അജയേട്ട, ഇവിടുത്തെ ആളുകളും പ്രശ്നങ്ങളുമൊക്കെ എന്റെയും കൂടെയാണെന്ന് അപർണ പറയുന്നിടത്തു തന്നെയുണ്ട് ആ കഥാപാത്രത്തിന്റെ ആഴം. സുമദത്തനായെത്തിയ ജ​ഗദീഷ്, അശോകൻ, നിഷാൻ തുടങ്ങിയവരും പ്രേക്ഷക മനം കീഴടക്കി. കിഷ്കിന്ധാ കാണ്ഡത്തിൽ മനുഷ്യർക്ക് മാത്രമല്ല പ്രകൃതിയ്ക്കും മൃ​ഗങ്ങൾക്കും എന്തിനേറെ കാലാവസ്ഥയ്ക്ക് വരെ റോളുണ്ട്. ചിത്രത്തിൽ കാണിക്കുന്ന മരങ്ങളും കുരങ്ങൻമാരുമെല്ലാം ഓരോ കഥാപാത്രങ്ങളാണ്. മനുഷ്യരെപ്പോലെ തന്നെ നന്നായി അഭിനയിച്ചിട്ടുണ്ട് കുരങ്ങൻമാരും.

മേക്കിങ്

സ്ക്രിപ്റ്റ് കൊണ്ടും മേക്കിങ് കൊണ്ടും പെർഫോമൻസ് കൊണ്ടും ഡയറക്ഷൻ കൊണ്ടും ഏറ്റവും ടോപ്പിലാണ് കിഷ്കിന്ധാ കാണ്ഡം. ആ വലിയ പറമ്പിലേക്കും വീട്ടിലേക്കും സംവിധയകൻ പ്രേക്ഷകരെ അഴിച്ചുവിട്ടിരിക്കുകയാണ്. പിന്നെ ഒരു ലൂപ്പിൽ പെട്ടതുപോലെ പ്രേക്ഷകനും കഥാപാത്രങ്ങൾക്കൊപ്പം ചുറ്റിത്തിരിയും. ബാഹുൽ രമേഷ് ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്.

വലിയ രീതിയിലുള്ള ട്വിസ്റ്റുകളൊന്നുമില്ലെങ്കിൽ കൂടിയും മികച്ചൊരു ത്രില്ലർ അനുഭവം പ്രേക്ഷകന് സമ്മാനിക്കാൻ സംവിധായകൻ ദിൻജിത്തിനും കഥാകൃത്ത് ബാഹുലിനുമായി. അവസാനത്തെ അരമണിക്കൂർ പ്രേക്ഷകനെ ഞെട്ടിക്കാനും കരയിക്കാനും ത്രില്ലടിപ്പിക്കാനുമൊക്കെയായി സംവിധായകനും കൂട്ടർക്കും.

ഛായാ​ഗ്രഹണം, പശ്ചാത്തല സം​ഗീതം

കഥയും അഭിനയവും സംവിധാനവുമൊക്കെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൈയ്യടി കൊടുക്കേണ്ടത് ഛായാ​ഗ്രഹകനാണ്. തിരുനെല്ലിയിലും നെടുഞ്ചാലിലുമാണ് തങ്ങൾ ഉള്ളതെന്ന് പ്രേക്ഷകനും തോന്നിപ്പോകും. അത്രത്തോളം സൂക്ഷ്മമായാണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ രചയിതാവ് ബാഹുൽ രമേഷ് തന്നെയാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണവും നിർവഹച്ചിരിക്കുന്നത്.

ഒരു തരത്തിൽ അത് സിനിമയ്ക്ക് ​കുറച്ചു കൂടി ​ഗുണകരമായി എന്ന് വേണം പറയാൻ. തങ്ങളുടെ മനസിലുള്ള കാഴ്ചകളും കാര്യങ്ങളുമെല്ലാം അതേപോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ചതും അതുകൊണ്ട് കൂടിയാണ്. മുജീബ് മജീദിന്റെ സം​ഗീതവും സിനിമയ്ക്കൊപ്പം തന്നെയാണ് സഞ്ചരിക്കുന്നത്. പശ്ചാത്തല സം​ഗീതം നൽകുന്ന അനുഭവവും വേറെ ലെവലാണ്.

Kishkindha Kaandam
നടുക്കടലിൽ നിന്നൊരു ആക്ഷൻ കൊടുങ്കാറ്റ്; കൊണ്ടൽ റിവ്യു

ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നാടോടിപ്പാട്ടിനെ കഥാപാത്രങ്ങളുടെ മുന്‍കാല ജീവിത പരിസരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്നതും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. വരികളൊന്നും മനസിലായില്ലെങ്കിൽ കൂടിയും ഇത് ഏതൊരാൾക്കും ആസ്വദിക്കാനാകും. സൂരജ് ഇ എസിന്റെ എഡിറ്റിങ്ങും അഭിനന്ദനാർഹമാണ്. തീർച്ചയായും തിയറ്ററിൽ തന്നെ കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണ് കിഷ്കിന്ധാ കാണ്ഡം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com