അപ്പുപിള്ളയെന്ന റിട്ടയേർഡ് പട്ടാളക്കാരന്റെയും അയാളുടെ മകൻ അജയചന്ദ്രന്റെയും ജീവിതത്തിന്റെ അസാധാരണത്വത്തിലൂടെ സഞ്ചരിക്കുന്നൊരു കഥ. പലവിധത്തിലുള്ള മാനസിക വ്യാപരങ്ങളിലേക്കും പ്രേക്ഷകനെ ഇവർ കൂട്ടിക്കൊണ്ടുപോകും. സിനിമ കാണുന്ന ഓരോ പ്രേക്ഷകനും അവരവരുടേതായ അനുമാനങ്ങളും ശരിതെറ്റുകളും നിഗമനങ്ങളുമൊക്കെ നൽകുന്ന സിനിമ, അതാണ് കിഷ്കിന്ധാ കാണ്ഡം.
ഒരു വലിയ തറവാട്ടിലെ ആ മൂന്ന് കുരങ്ങന്മാർ ഇതിനോടകം തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ഇത്തവണത്തെ ഓണം റിലീസുകളിലെ ആസിഫ് അലിയുടെ സർപ്രൈസ് ഹിറ്റ് കിഷ്കിന്ധാ കാണ്ഡത്തിന്റെ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
കിഷ്കിന്ധാ കാണ്ഡം ഇത്രയും വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
കഥ തന്നെയാണ് കിഷ്കിന്ധാ കാണ്ഡത്തിന്റെ ഹീറോ. അതിൽ എനിക്ക് പൂർണവിശ്വാസമുണ്ടായിരുന്നു. കഥ ആദ്യം കേട്ടപ്പോൾ തന്നെ നൂറ് ശതമാനവും വർക്കാകുമെന്നറിയാമായിരുന്നു. സിനിമ ചെയ്യുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ഞങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ ഈ സിനിമ പ്രേക്ഷകരിലേക്ക് എങ്ങനെ എത്തിക്കുമെന്നത് തന്നെയായിരുന്നു ഏറ്റവും പ്രധാന വെല്ലുവിളി. പക്ഷേ കഥ വളരെ ശക്തമായിരുന്നതു കൊണ്ട് ഓക്കെയായിരുന്നു.
കഥയിൽ തന്നെ പലരീതിയിലുള്ള എഡിറ്റിങ് നടത്തിയിരുന്നു. ഇതെല്ലാവരും ചെയ്യുന്ന കാര്യമാണ്, പക്ഷേ ഞങ്ങൾ അത് കുറച്ചു കൂടുതൽ ചെയ്തെന്ന് വേണം പറയാൻ. പക്കാ എഡിറ്റിങ് പാറ്റേണിൽ തന്നെയായിരുന്നു സ്ക്രിപ്റ്റ് ഒരുക്കിയത്. അതുകൊണ്ട് തന്നെ നൂറ് ശതമാനം വിജയിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ ഇത്രയും വലിയ വിജയമാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ഇതിപ്പോൾ കൈവിട്ടു പോയി എന്നു പറയാം.
ഓണം റിലീസ് തന്നെയായിരുന്നോ ആദ്യം പ്ലാൻ ചെയ്തിരുന്നത്?
വലിയ പടങ്ങൾക്കൊപ്പം ഈ സിനിമ എങ്ങനെ നിലനിൽക്കുമെന്നൊരു പേടിയുണ്ടായിരുന്നു. ഈ സമയത്ത് സിനിമ റിലീസ് ചെയ്യേണ്ട, അത് ഭയങ്കര അപകടമാകുമെന്നൊക്കെ പലരും വിളിച്ചു പറഞ്ഞിരുന്നു. ഗുഡ്‍വിൽ ജോബി ചേട്ടന്റെ ധൈര്യമായിരുന്നു ഈ സിനിമയുടെ റിലീസ്. അദ്ദേഹം അങ്ങനെയൊരു ധൈര്യം കാണിച്ചില്ലായിരുന്നെങ്കിൽ ഈ സിനിമ ഇപ്പോൾ ഇറങ്ങില്ലായിരുന്നു. ബസൂക്കയും ബറോസുമെല്ലാം മാറിയതു കൊണ്ടാണ് ശരിക്കും റിലീസ് ചെയ്യാമെന്ന് തീരുമാനിക്കുന്നത്.
ഓണത്തിന് റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ഒരു മാസം ചിന്തിച്ചിരുന്നതേയില്ല. ഓണം കഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം റിലീസ് ചെയ്യാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. ബസൂക്ക മാറിയതിന് ശേഷം കുറച്ചു കൂടി ധൈര്യമായി. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമ മുന്നേറിയത്. നല്ലൊരു കണ്ടന്റാണ് ഈ സിനിമ. മാസോ, അടിയോ ഒന്നുമില്ലാതെ ഓണത്തിന് ഹിറ്റാടിക്കാനായതിന്റെ ത്രില്ലിലാണിപ്പോൾ. അങ്ങനെയുള്ള സിനിമകളും ഹിറ്റാക്കാമെന്ന് ഇതിലൂടെ കാണിച്ചു കൊടുത്തു എന്നൊരു ത്രില്ലുമുണ്ട്.
എട്ട് ദിവസം കൊണ്ട് തിരക്കഥ, തള്ളാണോ?
എട്ട് ദിവസം കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി പൂർത്തിയാക്കിയത്. ഇത് പറഞ്ഞാൽ ആരും വിശ്വസിക്കില്ല, അത് തള്ളാണെന്നൊക്കെ വിചാരിക്കും. പക്ഷേ സത്യമതാണ്. മലയാളത്തിലെന്നല്ല ഒരു ഇന്റർനാഷണൽ ലെവലിലുള്ള എഴുത്തുകാരനാണ് ബാഹുൽ രമേശ്. അത്രയ്ക്ക് കഴിവുണ്ട്. ഞാൻ അദ്ദേഹത്തിന്റെ എത്രയോ സ്ക്രിപ്റ്റുകൾ വായിച്ചിട്ടുണ്ട്.
ഓരോ സ്ക്രിപ്റ്റ് വായിക്കുമ്പോഴും, ഇതുപോലെ നന്നായി സ്ക്രിപ്റ്റ് ഹാൻഡിൽ ചെയ്യുന്ന വേറൊരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല. അതും ഓരോ സീനുകളും നമ്മളെ ത്രില്ലടിപ്പിച്ചും ആവേശത്തിലാക്കിയുമുള്ള പാറ്റേൺ ആണ് അദ്ദേഹത്തിന്റേത്. കൺവെൻഷണൽ രീതികളെയെല്ലാം പൊളിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ എഴുത്ത്. കഥാപാത്രത്തിന്റെ രൂപീകരണം, ജോലി, സ്വഭാവം അങ്ങനെ എല്ലാം വ്യത്യസ്തമാണ്.
കിഷ്കിന്ധാ കാണ്ഡത്തിലേക്ക്?
ഛായാഗ്രഹകനും ബാഹുൽ തന്നെയായിരുന്നതു കൊണ്ട് എല്ലാത്തിനെയും കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ നല്ല ക്ലോസായിരുന്നതു കൊണ്ട് പല കാര്യങ്ങളും കമ്മ്യൂണിക്കേറ്റ് ചെയ്യാനും എളുപ്പമായിരുന്നു. കോവിഡിന്റെ സമയത്താണ് ബാഹുൽ എന്നോട് ഇങ്ങനെയൊരു ത്രെഡ് ഉണ്ടെന്ന് പറയുന്നത്, ഞാൻ എഴുതിയിട്ട് പറയാം എന്ന് പറഞ്ഞാണ് നമ്മൾ അന്ന് പിരിയുന്നത്. പിന്നെ ഒരു എട്ട് ദിവസം കഴിഞ്ഞ് വന്ന് സ്ക്രിപ്റ്റ് തന്നിട്ട് ഇതൊന്നു വായിച്ചു നോക്കാൻ പറഞ്ഞു.
വായിച്ചതിന് ശേഷം ഞാൻ ഭയങ്കര ആവേശത്തിലായി, നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. ആസിഫുമായി എനിക്ക് അടുപ്പമുണ്ടായിരുന്നതു കൊണ്ട് അതും എളുപ്പമായി. പിന്നെ പെട്ടെന്ന് പ്രൊജക്ടായി. ഷൂട്ട് വേഗം പൂർത്തിയായെങ്കിലും പ്രൊഡക്ഷൻ സംബന്ധമായ കാര്യങ്ങൾ കൊണ്ടാണ് സിനിമ വൈകിയത്. ഷൂട്ട് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് സിനിമ വരുന്നത്.
അഞ്ച് വർഷത്തിന് ശേഷമാണ് രണ്ടാമത്തെ സിനിമ. ഇത്രയും ഗ്യാപ് വന്നത് എന്തുകൊണ്ടാണ്?
സിനിമയെ വളരെ സീരിയസ് ആയാണ് കാണുന്നത്. അതുകൊണ്ടായിരിക്കും എന്റെ കഴിഞ്ഞ അഞ്ച് വർഷം പോയതും. വേണമെങ്കിൽ എനിക്ക് സിനിമകൾ ചെയ്യാമായിരുന്നു. പക്ഷേ ആ സിനിമകൾ ഒരിക്കലും വിജയിക്കണമെന്നില്ല. സാമ്പത്തികമായി എനിക്ക് നേട്ടങ്ങൾ ഉണ്ടായേക്കാം, പക്ഷേ വിജയിക്കണമെന്നില്ല. പക്ഷേ കഷ്ടപ്പാടിന്റെ ഫലം ഇപ്പോഴെനിക്ക് കിട്ടികൊണ്ടിരിക്കുകയാണ്. അടുത്ത ലെവലിലേക്ക് പോകാനുള്ള ഊർജം കൂടിയാണിത്. ഇനി അടുത്ത സിനിമ ചെയ്യുമ്പോഴുള്ള ഉത്തരവാദിത്വം വളരെ വലുതാണ്. ചില സമയങ്ങളിൽ നമ്മുക്ക് ഒരു മടുപ്പ് വരാം, എന്നാലും കഴിഞ്ഞ സിനിമ ഹിറ്റാണല്ലോ എന്ന തോന്നലുകൊണ്ട് കുറച്ചു കാത്തിരുന്നിട്ടാണെങ്കിലും നല്ലൊരു സിനിമ ചെയ്യാനേ ശ്രമിക്കൂ, എന്തായാലും ഇനിയും നല്ല സിനിമകളേ ചെയ്യൂ.
സത്യം പറഞ്ഞാൽ ഇപ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കക്ഷി അമ്മിണിപിള്ള കഴിഞ്ഞ് അഞ്ച് വർഷമെടുത്തു ഇങ്ങനെയൊരു സിനിമയ്ക്കായി. ഈ അഞ്ച് വർഷം ഒരു ഫിലിംമേക്കറെ സംബന്ധിച്ചിടത്തോളം ഭയങ്കരമാണ്. കാരണം ആദ്യ സിനിമയിൽ നിന്ന് നമുക്ക് സാമ്പത്തികമായി ഒന്നും കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോൾ ആളുകളുടെ ചോദ്യങ്ങൾ ഉണ്ടാക്കുന്ന ഒരു ബുദ്ധിമുട്ടുണ്ടല്ലോ, കല്യാണം കഴിയുമ്പോൾ കുട്ടികളായില്ലേ എന്ന് ചോദിക്കുന്ന പോലെയായിരുന്നു ആ നാളുകളൊക്കെ. എനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ചോദ്യങ്ങൾ കേട്ടാൽ ആരായാലും എങ്ങോട്ടേലും ഓടിപ്പോകും, അത്രത്തോളമായിരുന്നു ആ അവസ്ഥ.
പിന്നെ ഈ സിനിമയെക്കുറിച്ച് ഒരാളിൽ നിന്നുപോലും മോശം അഭിപ്രായം വരില്ലെന്ന് എനിക്കറിയാമായിരുന്നു. നമ്മുടെ ടീമിലെ എല്ലാവർക്കും അങ്ങനെ തന്നെയായിരുന്നു. നമ്മുടെ കൈയ്യിൽ നിന്ന് പോയി കഴിഞ്ഞാൽ പിന്നെ പ്രേക്ഷകരാണ് പറയേണ്ടതെങ്കിൽ പോലും ഒരാളു പോലും മോശം പറയില്ലെന്നറിയാമായിരുന്നു. അതേക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. വിജയിച്ചു എന്നറിയുമ്പോൾ ഭയങ്കര സന്തോഷം. അതിന്റെ ഹാങ്‌ഓവർ ഇതുവരെ മാറിയിട്ടില്ല. സന്തോഷം, കഷ്ടപ്പെട്ടതിന് ഫലമുണ്ടായി.
അപ്പുപിള്ളയും അജയചന്ദ്രനും?
ബാഹുലിന് അപ്പുപിള്ളയെപ്പോലെയുള്ള കഥാപാത്രവുമായി നേരിട്ട് അനുഭവമുണ്ട്. ബാഹുലിന്റെ അനുഭവത്തിൽ നിന്നാണ് അപ്പുപിള്ളയെന്ന കഥാപാത്രത്തിന് അത്രയും ഡീറ്റെയിലിങ് കൊടുക്കാൻ കഴിഞ്ഞത്. ഞാനും ഇങ്ങനെയുള്ള ആളുകളെ കണ്ടിട്ടുണ്ട്, അതുകൊണ്ട് അതിന്റെ ആഴം എന്താണെന്ന് എനിക്കും അറിയാം. കൃത്യമായി അത് അവതരിപ്പിക്കാൻ കഴിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ കണ്ടിട്ടുള്ള ആളുകളെയും അപ്പുപിള്ളയേയും തമ്മിൽ കറക്ടായി റിലേറ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. കുട്ടേട്ടൻ (വിജയരാഘവൻ) തന്നെ പല കാര്യങ്ങളും കൈയ്യിൽ നിന്നിട്ട് ചെയ്തിട്ടുണ്ട്.
ചെറിയ കാര്യങ്ങൾ മാത്രമേ കുട്ടേട്ടന് പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടുള്ളൂ. അപ്പുപിള്ളയെന്ന കഥാപാത്രം ശരിക്കും ഉൾക്കൊണ്ടാണ് കുട്ടേട്ടൻ ചെയ്തതും. ആസിഫിന്റെ കഥാപാത്രത്തിന് വേറെ ആരും മനസിലുണ്ടായിരുന്നില്ല. അപ്പുപ്പിള്ളയെന്ന കഥാപാത്രത്തിനായിരുന്നു കാസ്റ്റിങ്ങിൽ ഒരു സംശയം വന്നത്. ഫ്രഷ് ആയുള്ള ആരെയെങ്കിലും പരിഗണിച്ചാലോ എന്നായിരുന്നു ചിന്തിച്ചിരുന്നത്. പിന്നെ ഫാസിൽ സാറാണ് പറയുന്നത് അനുഭവസമ്പത്തുള്ള ഒരാളെ കൊണ്ട് മാത്രമേ ഈ കഥാപാത്രം ചെയ്യിക്കാവൂ എന്ന്.
ഭയങ്കര ആഴമേറിയ കഥാപാത്രമാണിത്. മാത്രമല്ല ഈ കഥാപാത്രം പാളിയാൽ സിനിമ മുഴുവൻ പാളുമെന്നും അദ്ദേഹം പറഞ്ഞു. മണിച്ചിത്രത്താഴിന്റെ ലെവലിലുള്ള സ്ക്രിപ്റ്റാണിതെന്നായിരുന്നു കഥ കേട്ടിട്ട് അന്ന് ഫാസിൽ സാർ പറഞ്ഞത്. അത് തന്നെ വലിയ അനുഗ്രഹമായിരുന്നു. നമ്മൾ ഗുരുതുല്യനായി കാണുന്ന ഒരാൾ, മണിച്ചിത്രത്താഴിന്റെ അത്രയും കോംപ്ലിക്കേറ്റഡായ സ്ക്രിപ്റ്റാണിതെന്ന് പറയുമ്പോൾ, അത് നമ്മുക്ക് തരുന്ന എനർജി വളരെ വലുതാണ്. നമ്മുടെ ഓപ്ഷനുകളിൽ കുട്ടേട്ടനുണ്ടായിരുന്നു, പിന്നീട് അത് തന്നെ ഉറപ്പിച്ചു. കഥ കേട്ടപ്പോൾ തന്നെ കുട്ടേട്ടൻ വളരെ ആവേശത്തിലായി.
സിനിമയിലെ കുരങ്ങൻമാരെക്കുറിച്ചും ലൊക്കേഷനേക്കുറിച്ചും?
കുരങ്ങൻമാരുടെ കാര്യം വലിയ രഹസ്യമാണ്. നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ അവിടെ ഒരു എനർജി അല്ലെങ്കിൽ സോൾ ഉണ്ടാകാറുണ്ട്. കാസർകോട് വച്ചായിരുന്നു ആദ്യം ഈ സിനിമ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഈ സിനിമയിലേക്കാളും നല്ല വീടായിരുന്നു നമ്മുക്ക് അവിടെ കിട്ടിയത്, പക്ഷേ പരിസരം കിട്ടിയിരുന്നില്ല. വീട് ഒരു കഥാപാത്രമായതു കൊണ്ട് തന്നെ, ആ വീട് ഞങ്ങൾക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ ആ ഉടമസ്ഥൻ വീട് തന്നില്ല. പല ആളുകളെ കൊണ്ട് വിളിപ്പിച്ചും പല വഴിയിലൂടെയുമൊക്കെ ഞങ്ങൾ നോക്കി പക്ഷേ കിട്ടിയില്ല.
ഞങ്ങൾക്ക് ഭയങ്കര വിഷമമായി കാരണം കറക്ട് സ്ഥലമായിരുന്നു അത്, കുറേ കഷ്ടപ്പെട്ടാണ് കാസർകോടെത്തിയതും. പിന്നെയാണ് ഒളപ്പമണ്ണയിലെത്തുന്നത്. ആ വീട് കണ്ടപ്പോൾ അത് ഫിക്സ് ചെയ്തു. പക്ഷേ അന്നേരം അവിടെ ഭ്രമയുഗത്തിന്റെ ഷൂട്ടിങിനായി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ ഒരുവിധം എല്ലാം ഒത്തുവന്നു. ജനുവരിയിലായിരുന്നു ഷൂട്ട് തുടങ്ങാനിരുന്നത്. അപ്പോൾ ആസിഫിന്റെ ഡേറ്റ് പ്രശ്നമായി.
അങ്ങനെ ജൂണിലാണ് ഷൂട്ട് തുടങ്ങുന്നത്. ഓരോ കാര്യങ്ങളും കൈയ്യിൽ നിന്ന് പോകുമ്പോൾ വിഷമാമാകും. പിന്നെ ഒരുവിധം ആ പെരുമഴ സമയത്ത് ഷൂട്ട് തുടങ്ങി. പിന്നെ എല്ലാം നമ്മുക്ക് അനുകൂലമായി വന്നു. യൂണിവേഴ്സിന്റെ അനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയായി നടന്നു. ഷൂട്ടിങ് സമയത്ത് ഞങ്ങൾ വളരെ സീരിയസ് ആയിരുന്നു. കാലാവസ്ഥയും അങ്ങനെ തന്നെയായിരുന്നു.
വിജയരാഘവനെ ആസിഫ് അലി കെട്ടിപിടിക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ. അത് വല്ലാത്തൊരു ഇമോഷനായിരുന്നു, ആ രംഗത്തേക്കുറിച്ച്?
കെട്ടിപ്പിടിക്കുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. കെട്ടിപിടിക്കുമ്പോൾ നമ്മുടെ ഉള്ളിലൊരു രോമാഞ്ചമുണ്ടാകും. കഥ പറഞ്ഞ സമയത്ത് തന്നെ ആ ഒരു സീൻ അങ്ങനെയാകണമെന്ന് ഞാൻ സ്റ്റോറി ബോർഡിൽ വരച്ചുവച്ചിരുന്നു. ആ കെട്ടിപ്പിടുത്തം നന്നായി വർക്കാവുകയും ചെയ്തു. മാത്രമല്ല, ഒരിക്കൽ പോലും അച്ഛനെ കെട്ടിപിടിച്ചിട്ടില്ലാത്ത ഒരാളാണ് അജയൻ. അച്ഛൻ അത് പറയുമ്പോൾ അജയന്റെ പിടിവിട്ടു പോവുകയാണ്. അച്ഛനും മകനും തമ്മിലുള്ള ബന്ധവും നന്നായി വർക്കൗട്ടായി സിനിമയിൽ.
സംഗീതവും അൽപ്പം വ്യത്യസ്തമായിരുന്നല്ലോ ചിത്രത്തിലെ?
ബാഹുലിന്റെ സുഹൃത്താണ് മുജീബ് മജീദ്. ആദ്യം സംഗീതത്തിനായി ഞങ്ങൾ സമീപിച്ചത് സുഷിനെയായിരുന്നു. സുഷിൻ ഈ പ്രൊജക്ടിനായി ഫുൾ ഓണായിരുന്നു. പക്ഷേ ഷൂട്ടും മറ്റു കാര്യങ്ങളും വൈകിയതു കൊണ്ട്, സുഷിന് മറ്റു പ്രൊജക്ടുകളുടെ തിരക്ക് വന്നു. ആവേശം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കുകൾ കാരണം സുഷിൻ നല്ല ടൈറ്റായി. മുജീബിന് മുൻപ് വേറെ കുറേ ആളുകളുമായി ഞങ്ങൾ ചർച്ച നടത്തിയിരുന്നു, പക്ഷേ അതൊന്നും വർക്കൗട്ടായില്ല.
പിന്നെ നമ്മളെ ശരിക്കറിയാവുന്നവരെ കൊണ്ടേ ഇത് നടക്കൂ എന്ന് മനസിലായി. അങ്ങനെയാണ് മുജീബിലേക്കെത്തുന്നത്. നമ്മുക്ക് ഓക്കെ ആകുന്നതുവരെ മുജീബ് വർക്ക് ചെയ്യുമായിരുന്നു. വളരെ കഴിവുള്ള ഒരാളാണ് മുജീബും, ഈ പടത്തോടു കൂടി അദ്ദേഹത്തിന്റെ തലവര മാറുമെന്നുറപ്പാണ്. ഞങ്ങൾ ഒരുമിച്ചിരുന്നാണ് എല്ലാം ചെയ്തത്. ട്രൈബൽ പാട്ടിന്, ഏതെങ്കിലുമൊരു പാട്ട് പറ്റില്ല. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നാടോടിപ്പാട്ട് തന്നെയായിരുന്നു വേണ്ടത്. നിർമാതാവിന്റെ ഒറ്റ നിർബന്ധത്തിലാണ് ആ പാട്ട് ഉണ്ടാകുന്നത്.
അമ്മിണിപ്പിള്ളയിൽ നിന്ന് കിഷ്കിന്ധാ കാണ്ഡത്തിലേക്ക് വരുമ്പോഴുള്ള ആസിഫിന്റെ മാറ്റം എന്താണ്?
കക്ഷി അമ്മിണിപ്പിള്ളയിലൂടെയാണ് ആസിഫിന്റെ ചെയ്‌ഞ്ച് കാണാൻ പറ്റിയതെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. അത്രയും കാലം ഒരു കോളജ് ബോയ് ഇമേജായിരുന്നു ആസിഫിന്. ആ ക്യാരക്ടറുകളിൽ നിന്ന് ആസിഫിന് കുടുംബപ്രേക്ഷകരുടെ സ്വീകാര്യത ലഭിക്കുന്നത് കക്ഷി അമ്മിണിപ്പിള്ളയിലൂടെയാണ്. അതിന് ശേഷം കെട്ട്യോളാണെന്റെ മാലാഖ വരുന്നു.
അതോടെ ആസിഫിന് കുറച്ചു കൂടി വലിയ സ്വീകാര്യത ലഭിക്കുന്നു. അമ്മിണിപ്പിള്ളയിൽ തന്നെ ആസിഫിന്റെ കഴിവ് ഞാൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ ആസിഫിന്റെ അമ്മിണിപ്പിള്ളയിലെ കഥാപാത്രത്തെ കുറിച്ച് ആരും എവിടെയും പറയാറില്ല. അമ്മിണിപ്പിള്ളയിൽ നിന്ന് ഇവിടെയെത്തുമ്പോൾ ആസിഫ് നല്ല പക്വതയുള്ള ഒരു നടനായി മാറിയിരിക്കുന്നു. ഓരോ ചെറിയ കാര്യങ്ങൾ പോലും അത്ര ശ്രദ്ധയോടും സൂക്ഷമതയോടെയുമാണ് ആസിഫ് അവതരിപ്പിച്ചിരിക്കുന്നത്.
പല ലെയറുകളിലൂടെ സഞ്ചരിക്കുന്ന ഒരു കഥാപാത്രമാണ് അജയൻ. ആ ഒരു കഥാപാത്രത്തിന്റെ ഒരു മീറ്ററിൽ പോലും പാളിച്ച പറ്റിയാൽ തീർന്ന്, അത് മൊത്തം കുളമാകും. അത് നന്നായി ആസിഫ് കൊണ്ടുപോയി. ക്ലൈമാക്സ് ആദ്യമേ നമ്മൾ ഷൂട്ട് ചെയ്തിരുന്നു. പിന്നെ എന്റെ മനസ് പറഞ്ഞു, ഇതല്ല കുറച്ചു കൂടി നല്ലത് വേണമെന്ന്. അങ്ങനെ രണ്ടാമത് വീണ്ടും ക്ലൈമാക്സ് ഷൂട്ട് ചെയ്യുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രൊഡക്ഷൻ സൈഡിൽ നിന്നൊക്കെ അത് വളരെ ടെൻഷനുണ്ടാക്കിയിരുന്നു. റീഷൂട്ട് എന്ന് പറയുന്നത് ഭയങ്കര റിസ്കാണ്. പക്ഷേ ഞാനത് ചെയ്യിപ്പിച്ചു. അത് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ സിനിമയുടെ മറ്റൊരു വേർഷൻ ആകുമായിരുന്നു, അത് പാളിപ്പോയേനെ. ആസിഫിന്റെ അടുത്ത ലെവൽ, ലാലേട്ടനെ പോലെയൊക്കെ മാറുമെന്നാണ് എനിക്ക് പറയാനുള്ളത്, ആസിഫ് അത്രയും ട്രൈ ചെയ്യുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക