ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ അപകടത്തേക്കുറിച്ച് പറഞ്ഞ് ഗാനരചയിതാവ് മനു മഞ്ജിത്ത്. സൈമ അവാർഡിൽ പങ്കെടുക്കാനുള്ള തയ്യാറെടുക്കുന്നതിനിടെ മനുവിന് തിളച്ച വെള്ളം ദേഹത്ത് വീണ് പൊള്ളലേൽക്കുകയായിരുന്നു. രണ്ട് തുടകളിലേയും തൊലി പൂർണമായി പോയ നിലയിലായിരുന്നു. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീൽചെയറിൽ ദുബായിൽ പോയി അവാർഡ് വാങ്ങിയതിനെക്കുറിച്ചാണ് മനു സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മനു മഞ്ജിത്തിന്റെ കുറിപ്പ് വായിക്കാം
"തിരുവാവണി രാവ്" സംഭവിച്ചതിനു ശേഷം എൻ്റെ ഓണക്കാലങ്ങൾക്ക് ഒരു പ്രത്യേക ഭംഗിയും സന്തോഷവും ഒക്കെ തൊന്നാറുണ്ട്. നമ്മുടെ നാടിന്റെ ഏറ്റവും വലിയ ആഘോഷത്തിലേക്ക് ചേർത്തു പിടിക്കപ്പെടുന്ന പാട്ടിന്റെ ഭാഗമാവുക. നമ്മൾ തന്നെ ഒരു തുണിക്കടയിലോ മറ്റ് ഓണത്തിരക്കുകളിലോ ഒക്കെ നിൽക്കുമ്പോൾ ചുറ്റും നിന്നും ഈ പാട്ട് വീണ്ടും വീണ്ടും വന്ന് പൊതിയുക. ആ ഉത്സവത്തിൻ്റെ ഈണത്തിന്റെ നടുക്ക് ഇങ്ങനെ കയ്യും കെട്ടി നിൽക്കാൻ പറ്റുക. ഒരു പ്രത്യേക അനുഭവമാണത്. മഹാഭാഗ്യം. !
അങ്ങനെയിരിക്കെ ഇക്കുറി "സൈമാ അവാർഡ്സി"ൽ "നീലനിലവേ"യ്ക്ക് നോമിനേഷൻ ലഭിക്കുന്നു. തിരുവോണത്തിന്റെ അന്നു തന്നെ ദുബായിൽ നടക്കുന്ന അവാർഡ് നൈറ്റിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്യുന്നു. വല്ല്യപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ച് വരുക എന്നൊക്കെ കേട്ടിട്ടല്ലേ ഉള്ളൂ. ഇത് അത് തന്നെ. സോ കുടുംബസമേതം ടിക്കറ്റെടുത്തു.വിളിച്ച ചങ്ങാതിമാരൊകെ പറഞ്ഞു "ഹബീബീ... വെൽക്കം ടു ദുബായ്..!"
അങ്ങനെ കഴിഞ്ഞ പത്തിന് രാത്രി കുറച്ച് ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് താമസിക്കുന്ന നെയ്യാറ്റിൻകര വീട്ടിലെത്തി കുറച്ച് വെള്ളം തിളപ്പിച്ച് അതൊന്നു തണുപ്പിക്കാൻ ഫാനിൻ്റെ അടിയിൽ കൊണ്ടു വെക്കാൻ പോയതായിരുന്നു.
തെന്നി വീണു.
ഞാൻ തറയിലും. തിളച്ച വെള്ളം മേലെയും.
രണ്ടു തുടയും പിൻഭാഗവും. പുകച്ചിലിൽ തട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഷവറിൻ്റെ ചോട്ടിലേക്കോടി എന്തൊക്കെയോ വെപ്രാളം കാട്ടുന്നതിനിടയിൽ ഒന്നു പിൻഭാഗം തൊട്ടതും അവിടത്തെ കുറച്ച് തൊലി ഇളകി കൈയ്യിൽ വീണു. സംഗതി പിടുത്തം വിടുകയാണ് എന്ന് കണ്ടപ്പോൾ അന്ന് എന്തോ ഭാഗ്യത്തിന് കൂടെയുണ്ടായിരുന്ന ഓംകാറിനെക്കൊണ്ട് മറ്റൊരു സുഹൃത്തായ ജിഷ്ണുവിനെ വിളിച്ച് ആ കാറിൽ നേരെ നിംസിലേക്ക് വച്ചു പിടിച്ചു. എന്താണ് നടക്കുന്നതെന്ന് എന്നറിയുന്നില്ല.
പുതിയ പുതിയ ബ്ലിസ്റ്റേഴ്സ് ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. ഉള്ളത് പൊട്ടി മുറിവുകളാവുന്നു. അവർ അപ്പോൾ തന്നെ അഡ്മിഷൻ പറഞ്ഞു. തൽക്കാലം ഒന്നു ഡ്രെസ് ചെയ്തു തന്നാൽ മതി. എങ്ങനേലും കോഴിക്കോട്ടെത്തി അവിടെ അഡ്മിറ്റ് ആയിക്കോളാം എന്ന ഉറപ്പിൽ ഡ്രിപ്പ് ആൻ്റിബയോട്ടിക്ക് ഐ വികൾ കഴിഞ്ഞ ശേഷം പതിനൊന്നിന് പുലർച്ചെ നിംസിൽ നിന്നിറങ്ങുന്നു. അന്നത്തെ പകൽ നീറിപ്പുകഞ്ഞ് കഴിഞ്ഞതിനൊടുവിൽ രാത്രി ഒരു സ്ലീപ്പർ ബസിൽ കോഴിക്കോട്ടേക്ക്.
വീട്ടിലെത്തി പിന്നീട് അടുത്തുള്ള മലബാർ മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് സംഭവത്തിന്റെ "ആഴവും പരപ്പും" എനിക്ക് തന്നെ മനസിലാവുന്നത്. മൂന്നു മണിക്കൂറെടുത്ത് മൊത്തം ഏരിയ ഒന്നു ക്ലീൻ ആക്കി ഡ്രസ് ചെയ്ത് കഴിയുമ്പോഴേക്കും ഞാൻ പല വട്ടം സ്വർഗം കണ്ട് പോന്നിരുന്നു. രണ്ട് തുടകളും ഏതാണ്ട് പൂർണമായും 'തോൽരഹിത'മായിരിക്കുന്നു.
17% സെക്കൻഡ് ഡിഗ്രി ബേൺസ് . അവിടെ അഡ്മിറ്റ് ആവുന്നു.
ദുബായ് പോവുന്നത് പോയിട്ട് ഒന്ന് തിരിഞ്ഞ് കിടക്കുന്നത് ഓർക്കുമ്പോൾ തന്നെ കാലിൽ നിന്ന് പുകച്ചിലും കടച്ചിലും വരും. ആ അവസ്ഥ.
ഐ വി തരുന്ന പെയിൻ കില്ലറിൻ്റെ കരുണയിൽ ഉറക്കം.
രണ്ട് പേരുടെ സഹായത്തോടെ ഒന്നു എഴുന്നേൽക്കണമെങ്കിൽ പോലും പത്തു പതിനഞ്ചു മിനിറ്റ് വേണമെന്ന അവസ്ഥ. നിവരാൻ കഴിയില്ലെങ്കിലും ഒന്നു രണ്ടു കാലിൽ നിൽക്കാൻ ശ്രമിക്കുമ്പോൾ മുഴുവൻ മുറിവിലും വേദനയുടെ തരിപ്പാണ്. അങ്ങനെ രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസത്തെ ഡ്രെസിംഗ് കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യുന്നു.
പിറ്റേന്ന് പുലർച്ചക്കാണ് ദുബായ് ഫ്ലൈറ്റ്. ഡോക്ടഴ്സിൻ്റെ അഭിപ്രായം ചോദിച്ചപ്പോൾ ജസ്റ്റ് ഒന്നു പോയി വരാൻ മെഡിക്കലി ഒബ്ജക്ഷൻസ് ഒന്നുമില്ല. പക്ഷെ നിവർന്നു നില്ക്കാൻ പറ്റാതെ എങ്ങനെ അവിടെ വരെ ? എന്നതായിരുന്നു ചോദ്യം. ധൈര്യം തന്നവരൊക്കെ എൻ്റെ അവസ്ഥ നേരിൽ കണ്ടപ്പോൾ ഒന്നും മിണ്ടാതെയായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഞാൻ ഹിമയെ നോക്കി. അവളോട് മാത്രം പറഞ്ഞു. "നീ പറയും പോലെ ചെയ്യാം. നിനക്ക് ഉറപ്പുണ്ടേൽ പോയി നോക്കാം". വേദന കൊണ്ട് കിളി പോയ ഇവനോട് ഇനി എന്ത് പറയാനാണ് എന്നാവും അവൾ ചിന്തിച്ചത്.
അവൾ പറഞ്ഞ മറുപടി ആണ് ആ കൈയ്യിൽ ഏറ്റുവാങ്ങിയ അവാർഡ്.
തൊട്ടുമുന്നിൽ ഐശ്വര്യ റായിയെയും വിക്രമിനെയും നയൻ താരയെയും ശ്രുതി ഹാസനെയും ശിവകാർത്തികേയനെയും കിച്ച സുദീപിനെയും ഒക്കെ കണ്ടപ്പോൾ അവളുടെ വിടർന്ന മുഖത്തെ വിസ്മയമാണ് എൻ്റെ വേദനകൾക്ക് ഉള്ള മരുന്ന്.
അങ്ങനെ ഈ ഓണം ഓർമ്മകളുടെ ഒരു വല്ലാത്ത കൊളാഷാണ്.
ഇപ്പൊഴും വീൽ ചെയറിൽ ഇരുന്ന് മാത്രം ദൂരങ്ങൾ കടന്ന ഞാൻ പേര് വിളിച്ചപ്പോൾ ഒറ്റക്ക് എഴുന്നേറ്റതും ഒരാളുടെ സഹായമില്ലാതെ അത്രയും പടികൾ കയറിയത് എങ്ങനെയാണെന്നും ഇപ്പോഴും അറിയില്ല.
"മലയാള മനോരമ"യ്ക്ക് വേണ്ടി ഇത്തവണ ഒരു ഓണപ്പാട്ടെഴുതിയതിലെ ഒരു വരി ഇങ്ങനെ ആയിരുന്നു.
"മുറിവും ചിരിയിതളാക്കി പൂവിളി പാടാം...!"
വൈകിയെങ്കിലും ഏവർക്കും ഒരിക്കൽ കൂടി ഓണാശംസകൾ...!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക