മനസ് നിറയ്ക്കും ഈ പ്രണയക്കാഴ്ച; കഥ ഇന്നുവരെ റിവ്യു
റൊമാന്റിക് ഫീൽഗുഡ് - കഥ ഇന്നുവരെ റിവ്യു(3 / 5)
വ്യത്യസ്തമായ പ്രണയങ്ങൾ ഒറ്റ ചരടിൽ കോർത്തെടുത്താൽ എങ്ങനെയിരിക്കും, ഒറ്റവാക്കിൽ പറഞ്ഞാൽ കഥ ഇന്നുവരെ എന്ന ചിത്രത്തിന്റെ കാതൽ ഇതാണ്. സിനിമയുടെ ടൈറ്റിൽസ് എഴുതി കാണിക്കുമ്പോൾ തന്നെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ ചിത്രങ്ങളിലെ പഴയകാല പ്രണയ രംഗങ്ങളും ഡയലോഗുമെല്ലാം കടന്നുവരുന്നുണ്ട്. ബിജു മേനോൻ അവതരിപ്പിക്കുന്ന രാമചന്ദ്രൻ എന്ന കഥാപാത്രത്തിന്റെ നാല് കാലഘട്ടങ്ങളിലൂടെ, അല്ലെങ്കിൽ വ്യത്യസ്തമാർന്ന അയാളുടെ നാല് പ്രണയങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. നോൺലീനിയർ ആയാണ് സിനിമയുടെ സഞ്ചാരം. ഓരോ പ്രണയങ്ങളും ഒന്നിനൊന്ന് വേറിട്ടതാണെന്നതാണ് സിനിമയുടെ ഒരു ഹൈലൈറ്റ്.
കുട്ടിക്കാലത്ത് സ്കൂളിൽ ഒപ്പം പഠിക്കുന്ന കൂട്ടുകാരിയോട് തോന്നുന്ന പ്രണയം മുതൽ മധ്യവയസിലെത്തി നിൽക്കുമ്പോഴുള്ള അയാളുടെ പ്രണയം വരെയാണ് ചിത്രം പറയുന്നത്. രാമചന്ദ്രന്റെ ജീവിതത്തിന്റെ നാല് ഘട്ടവും കണക്ട് ചെയ്യുന്നതിൽ ഒരുപരിധി വരെ സംവിധായകൻ വിഷ്ണു മോഹൻ വിജയിച്ചിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ പ്രേക്ഷകർക്ക് കൺഫ്യൂഷനും ഉണ്ടാകുന്നുണ്ട്. വിഷ്ണു മോഹൻ തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും.
'എങ്ങനെ നീ മറക്കും' എന്ന സിനിമയിലെ ദേവദാരൂ പൂത്തു എന്ന ഗാനം സിനിമയിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. അത് വളരെ നന്നായി തന്നെ വർക്കായി. തിരക്കഥയിലുള്ള ഒതുക്കമില്ലായ്മ ആസ്വാദനത്തിൽ പലയിടങ്ങളിലും ഒരു കല്ലുകടിയായി മാറുന്നുണ്ട്. പ്രത്യേകിച്ച് ഒരു സീനിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ പൂർണതയില്ലായ്മ അനുഭവപ്പെടുന്നുണ്ട്. ഇത് കഴിഞ്ഞോ എന്ന് പലയിടങ്ങളിലും പ്രേക്ഷകരിൽ തോന്നലുണ്ടാക്കുന്നുണ്ട്.
ആദ്യ പകുതിയിൽ ഭക്തിയുടെ മേമ്പൊടിയേടെയാണ് സിനിമയുടെ സഞ്ചാരം. തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വൈഡ് ഷോട്ടിലേക്കാണ് ആദ്യം കാമറ തിരിയുന്നതും. പിന്നെ പലയിടങ്ങളിലായി ഭക്തിയും ക്ഷേത്രവുമൊക്കെ കൂടെ കൂടെ കടന്നുവരുന്നുണ്ട്. പദ്മനാഭ സ്വാമി ക്ഷേത്രവും എരുത്താവൂർ ക്ഷേത്രവും ഗണപതിയുമെല്ലാം സംവിധായകൻ കൃത്യമായി കൊണ്ടുവരുന്നുണ്ട് സിനിമയിൽ.
പ്രണയം പോലെ തന്നെ പ്രണയത്തകർച്ചയും സംസാരിക്കുന്നുണ്ട് സിനിമ. ബിജു മേനോൻ മേതിൽ ദേവിക കോമ്പിനേഷൻ രംഗങ്ങളൊക്കെ നന്നായി വർക്കൗട്ട് ആയിട്ടുണ്ട്. ഒരുപാട് പെർഫോമൻസ് ആവശ്യപ്പെടുന്ന ഒരു കഥാപാത്രമല്ല മേതിൽ ദേവികയുടെ ലക്ഷ്മി എന്ന കഥാപാത്രം, വളരെ സിംപിൾ ആയ റോളാണ്. എന്നാലും അരങ്ങേറ്റ ചിത്രത്തിൽ അത്ര നിരാശപ്പെടുത്തിയിട്ടില്ല മേതിൽ ദേവിക.
49 കാരനായ രാമചന്ദ്രനെന്ന കഥാപാത്രം ബിജു മേനോനിൽ വളരെ ഭദ്രമായിരുന്നു. അനു മോഹൻ - നിഖില വിമൽ കോമ്പോയാണ് മറ്റൊന്ന്. അടുത്ത കാലത്ത് പുറത്തിറങ്ങിയ നിഖിലയുടെ സിനിമകൾ വച്ച് നോക്കുമ്പോൾ ഈ സിനിമയിൽ എക്സ്പ്രഷൻ മാത്രമല്ല ഡയലോഗും കുറച്ചേറെയുണ്ട് നിഖിലയ്ക്ക്. ആലപ്പുഴയിലെ യുവ രാഷ്ട്രീയ നേതാവായ ജോസഫായാണ് അനു മോഹനെത്തുന്നത്.
സിനിമയിൽ അടുത്തതായി കടന്നുവരുന്നത് ഇടുക്കിയിലെ മദ്യഷോപ്പിലെ ജീവനക്കാരന്റെ പ്രണയമാണ്. ഈ നാല് കഥാപാത്രങ്ങളിലും കുറച്ച് വൈകാരികമായി തോന്നുന്നത് മദ്യഷോപ്പിലെ താടിക്കാരന്റെയും നസീമയുടെയും പ്രണയമാണ്. ഹക്കിം ഷാജഹാനും അനുശ്രീയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രണയം മനസിലാണ് എന്ന് അടിവരയിട്ടു പറയുന്നുണ്ട് ഇവരുടെ പ്രണയത്തിലൂടെ സംവിധായകൻ.
കഥ ഇന്നുവരെയിലെ ഏറ്റവും വേറിട്ട പ്രണയവും ഇവരുടേത് തന്നെയായിരുന്നു. പ്രണയ നായകനായി താടിക്കാരനായി ഹക്കിം പ്രേക്ഷകരുടെ മനം കവർന്നു, ഒപ്പം അനുശ്രീയുടെ കരിയറിലേയും മികച്ച കഥാപാത്രങ്ങളിലൊന്നാകും നസീമ. ഏറ്റവും എടുത്തു പറയേണ്ട കഥാപാത്രം അപ്പുണ്ണി ശശിയുടേതാണ്. വൈകാരിക രംഗങ്ങളിലുൾപ്പെടെ അപ്പുണ്ണി ശശി കൈയ്യടി നേടി.
ജോമോൻ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. കാലഘട്ടങ്ങളെ അതുപോലെ തന്നെ അവതരിപ്പിക്കാൻ ജോമോന് കഴിഞ്ഞിട്ടുണ്ട്. പാലക്കാട് ജില്ലയുടെ ഭംഗിയുള്ള ചില ഫ്രെയിമുകളും ചിത്രത്തിൽ കാണാം. അശ്വിൻ ആര്യന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്കൊപ്പം ചേർന്നു നിന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫീൽഗുഡ് സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ചിത്രം കണ്ടിരിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക