Academy Awards
ലാപതാ ലേഡീസ്

1957 മുതലുള്ള ഇന്ത്യയുടെ ശ്രമം, ആദ്യ എൻട്രിയും ഹിന്ദിയിൽ നിന്ന്! ലാപതാ ലേഡീസ് ഓസ്കർ കൊണ്ടുവരുമോ?

ഫെല്ലിനിയുടെ നൈറ്റ്സ് ഓഫ് കാബിരയയോട് ഒറ്റ വോട്ടിനാണ് മദർ ഇന്ത്യ പിന്തള്ളപ്പെട്ടത്.

ഇന്ത്യയുടെ ഇത്തവണത്തെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രമായി കിരണ്‍ റാവുവിന്റെ ലാപതാ ലേഡീസ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായാണ് സിനിമ മത്സരിക്കുക. പ്രണയവും ഡ്രാമയും കോമഡിയും ആക്ഷേപഹാസ്യവും കോർത്തിണക്കിയ ചിത്രത്തിന്റെ പ്രമേയം സ്ത്രീ ശാക്തീകരണം തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ട്രെയിൻ യാത്രക്കിടെ ഭാര്യമാർ മാറിപോകുന്നതും പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

97-ാമത് ഓസ്ക‍ർ പുരസ്കാരങ്ങൾക്ക് ഔദ്യോഗിക എൻട്രി ലഭിക്കുന്നതിനായി 29 ചിത്രങ്ങളാണ് മത്സരിച്ചത്. വിദേശഭാഷയിലെ മികച്ച ചിത്രത്തിന് അക്കാദമി അവാർഡ് നൽകുന്ന പതിവ് തുടങ്ങുന്നത് 1956 മുതലാണ്. 1957 മുതൽ ഇന്ത്യ എൻട്രികൾ അയച്ചു തുടങ്ങി. മെഹബൂബ് ഖാന്റെ മദർ ഇന്ത്യ (1957) യാണ് ഓസ്‌കറിലെ ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക എൻട്രി. 30-ാമത് അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷാ ചലച്ചിത്ര വിഭാഗത്തിൽ ഓണററി പരാമർശം ലഭിച്ച ആദ്യ ഇന്ത്യൻ സിനിമയായിരുന്നു മെഹബൂബ് ഖാന്റെ മദർ ഇന്ത്യ.

ഫെല്ലിനിയുടെ നൈറ്റ്സ് ഓഫ് കാബിരയയോട് ഒറ്റ വോട്ടിനാണ് മദർ ഇന്ത്യ പിന്തള്ളപ്പെട്ടത്. പിന്നീട് പല വർഷങ്ങളിലായി മികച്ച വിദേശ ഭാഷാ ചിത്രത്തിനായി ഓസ്കർ എൻട്രിയായി ഹിന്ദി സിനിമകൾ നാമനിർദേശം ചെയ്യപ്പെട്ടു. ഇത്തവണ ലാപതാ ലേഡീസിലൂടെ ഓസ്കർ ഇന്ത്യയിലേക്ക് എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുൻ വർഷങ്ങളിൽ ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട ഹിന്ദി ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1. മന്ധൻ

Academy Awards

1976 ൽ ശ്യാം ബെനഗൽ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു. ഇന്ത്യയുടെ ധവള വിപ്ലവത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രൗഡ് ഫണ്ട് ചെയ്ത് പുറത്തിറങ്ങിയ ആദ്യത്തെ ഇന്ത്യൻ സിനിമ കൂടിയാണിത്. 1977 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ നാമനിർദേശം കൂടിയായിരുന്നു ഈ ചിത്രം. അമ്പതാമത് അക്കാദമി അവാർഡിലാണ് ചിത്രം സമർപ്പിക്കപ്പെട്ടത്.

2. ലഗാൻ

Academy Awards

അശുതോഷ് ഗോവാരിക്കറുടെ ലഗാൻ 2001 ൽ 74-ാമത് അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷാ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിനും ഓസ്‌കർ നേടാനായില്ല. ദേശിയ അന്തർ ദേശീയ തലങ്ങളിൽ ചിത്രം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു.

3. താരെ സമീൻ പർ

Academy Awards

ആമിർ ഖാൻ സം‌വിധാനം ചെയ്ത ചിത്രം 2007 ലാണ് പുറത്തിറങ്ങിയത്. 2008 ൽ 81-ാമത് അക്കാദമി അവാർഡിലാണ് ചിത്രം പരി​ഗണിക്കപ്പെട്ടത്. ബോളിവുഡിൽ ഗംഭീര വിജയം നേടിയ ചിത്രമായിരുന്നു താരെ സമീൻ പർ. നിരവധി കുട്ടികളുടെ ഇഷ്ട ചിത്രവും പല സ്കൂളുകളിലും ചിത്രം നിരവധി തവണ കുട്ടികൾക്ക് വേണ്ടി പ്രദർശിപ്പിക്കുകയും ചെയ്തു. ബോക്സ് ഓഫീസിൽ 100 കോടിയിലധികം രൂപ ചിത്രം നേടുകയും ചെയ്തിരുന്നു.

4. ഏകലവ്യ: ദ് റോയൽ ഗാർഡ്

Academy Awards

വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. 2007 ലെ 80-ാമത് അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഈ ചിത്രം തെരഞ്ഞെടുത്തു. അമിതാഭ് ബച്ചൻ, സെയ്ഫ് അലി ഖാൻ, ഷർമിള ടാഗോർ, സഞ്ജയ് ദത്ത്, വിദ്യ ബാലൻ, റൈമ സെൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിനായി അണിനിരന്നു.

5. രംഗ് ദേ ബസന്തി

Academy Awards

2006 ൽ പുറത്തിറങ്ങിയ ചിത്രം രാകേഷ് ഓംപ്രകാശ് മെഹ്റയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ആ വർഷത്തെ മികച്ച വിദേശച്ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ഓസ്കർ പുരസ്കാരത്തിനുമുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശവും രംഗ് ദേ ബസന്തിയായിരുന്നു. ആമിർ ഖാൻ, മാധവൻ, സോഹ അലി ഖാൻ, ഷർമ്മൺ ജോഷി, സിദ്ധാർഥ്, കുണാൽ കപൂർ, അതുൽ കുൽക്കർണി തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരന്നു.

റിഡിൽ (2005), ദേവദാസ് (2002), എർത്ത് (1999), മുഹാഫിസ് (1994), രുധാലി (1993), ഹെന്ന (1991), പരിന്ദ (1989), സലാം ബോംബെ (1988), സാ​ഗർ (1985), പായൽ കി ജൻകർ (1980), സാരൻഷ് (1984) തുടങ്ങി നിരവധി ഹിന്ദി സിനിമകൾ മികച്ച വിദേശ ഭാഷാ ചിത്രത്തിനായി മത്സരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com