silk smitha
സിൽക് സ്മിതഫയൽ ചിത്രം

വണ്ടിച്ചക്രത്തിലെ സിൽക്, സ്ഫടികത്തിലെ ലൈല: സിൽക് സ്മിതയുടെ വേർപാടിന് 28 വർഷം

നടി അപര്‍ണയുടെ ടച്ച് അപ്പ് ആര്‍ട്ടിസ്റ്റായാണ് സില്‍ക്കിന്റെ തുടക്കം

18 വര്‍ഷത്തെ സിനിമാജീവിതം, മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 450ല്‍ പരം സിനിമകള്‍. 80കളിലും 90കളിലും ഇറോട്ടിക് സിനിമകളിലൂടെ തെന്നിന്ത്യയുടെ മനം കവര്‍ന്ന താരറാണി സില്‍ക് സ്മിത വിടപറഞ്ഞിട്ട് ഇന്നേക്ക് 28 വര്‍ഷം. 1996 സെപ്റ്റംബര്‍ 23നാണ് നടിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആന്ധ്രാപ്രദേശിലെ ചെറിയ ഗ്രാമത്തിലാണ് വിജയലക്ഷ്മി എന്ന സില്‍ക് സ്മിത ജനിച്ചത്. 14 വയസില്‍ വീട്ടുകാര്‍ വിവാഹം കഴിച്ചയച്ചു. ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും നേരിട്ട പീഡനങ്ങള്‍ വീട് വിട്ടിറങ്ങാന്‍ അവരെ നിര്‍ബന്ധിതയാക്കി. നടി അപര്‍ണയുടെ ടച്ച് അപ്പ് ആര്‍ട്ടിസ്റ്റായാണ് സില്‍ക് സിനിമയിലേക്ക് എത്തുന്നത്. മലയാളത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് തുടക്കം. തമിഴ് ചിത്രം വണ്ടിച്ചക്രമാണ് സില്‍ക്കിന്റെ ജീവിതം മാറ്റിമറിക്കുന്നത്. സില്‍ക് സ്മിതയുടെ സിനിമാജീവിതത്തിലെ മികച്ച സിനിമകള്‍.

1. വണ്ടി ചക്രം

silk smitha

വിനു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ കെ വിജയന്‍ സംവിധാനം ചെയ്ത ചിത്രം. ശിവകുമാര്‍ നായകനായ ചിത്രം 1980ലാണ് റിലീസായത്. സില്‍ക് സ്മിതയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു അത്. സില്‍ക് എന്ന ബാര്‍ ഗേളിന്റെ വേഷത്തിലാണ് താരം എത്തിയത്. സില്‍ക് സ്മിതയെ വന്‍ പ്രശസ്തിയില്‍ എത്തിക്കുന്നത് ഈ ചിത്രമാണ്. ഈ കഥാപാത്രത്തെ താരം പിന്നീട് തന്റെ പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.

2. ഇണയെ തേടി

silk smitha

ആന്റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്ത ഇണയെ തേടി എന്ന ചിത്രത്തിലൂടെയാണ് സ്മിത ആദ്യമായി നായികയാവുന്നത്. സ്മിത എന്ന പേര് നടിക്ക് സമ്മാനിക്കുന്നത് ആന്റണി ഈസ്റ്റ്മാനാണ്. അക്കാലത്ത് ഏറെ പ്രശസ്തയായിരുന്ന ശോഭയെ നായികയാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ നടിയുടെ മരണത്തോടെ സില്‍ക് സ്മിതയെ നായികയാക്കുകയായിരുന്നു.

3. അഥര്‍വ്വം

silk smitha

മമ്മൂട്ടിയെ നായകനാക്കി ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത ചിത്രം. 1989ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ മികച്ച വേഷത്തിലാണ് സില്‍ക് സ്മിത എത്തിയത്. പൊന്നി എന്ന ആദിവാസി പെണ്‍കുട്ടിയുടെ വേഷത്തിലാണ് താരം എത്തിയത്.

4. സ്ഫടികം

silk smitha

മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം. ലൈല എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സില്‍ക് സ്മിത എത്തിയത്. മലയാളികള്‍ക്ക് മുന്നില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നത് ചിത്രത്തില്‍ സില്‍ക് പാടി അഭിനയിച്ച ഏഴ്മല പൂഞ്ചോല എന്ന ഗാനത്തിലൂടെയാണ്.

5. മൂന്നാം പിറൈ

silk smitha

കമല്‍ഹാസനും ശ്രീദേവിയും പ്രധാന വേഷത്തിലെത്തിയ ചിത്രം. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററിന്റെ ഭാര്യ മിസിസ് വിശ്വനാഥന്റെ വേഷത്തിലാണ് സില്‍ക് എത്തിയത്. ചിത്രം സാദ്മ എന്ന പേരിയില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഈ ചിത്രത്തിലും സില്‍ക് തന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com