Arvind Swamy
അരവിന്ദ് സ്വാമിഫെയ്സ്ബുക്ക്

ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലേക്ക്, തിളങ്ങി നിന്ന സമയത്ത് ബ്രേക്ക്; തിരിച്ചുവരവിലും അമ്പരപ്പിക്കുന്ന അരവിന്ദ് സ്വാമി

സിനിമയിൽ നിന്ന് മാറി നിന്ന സമയത്തെ അരവിന്ദ് സ്വാമിയുടെ ലുക്ക് പോലും സോഷ്യൽ മീ‍ഡിയ ചർച്ചയാക്കിയിരുന്നു.

പ്രണയവും വിരഹവുമൊക്കെയായി ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അരവിന്ദ് സ്വാമി. വളരെ യാദൃച്ഛികമായാണ് താൻ സിനിമയിലെത്തിയതെന്ന് പലപ്പോഴും താരം തുറന്നു പറഞ്ഞിട്ടുണ്ട്. മോഡലിങ് രം​ഗത്തു നിന്നാണ് അദ്ദേഹം സിനിമയിലെത്തുന്നത്. മോഡലിങ്ങിൽ സജീവമായിരുന്ന സമയത്ത് അദ്ദേഹത്തിന്റെയൊരു ഫോട്ടോ സംവിധായകൻ മണിരത്നം കാണുകയും അദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിക്കുകയുമായിരുന്നു.

1991 ൽ രജനികാന്തും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച ദളപതിയിലൂടെയായിരുന്നു അരവിന്ദ് സ്വാമിയുടെ സിനിമയിലേക്കുള്ള വരവ്. പിന്നീട് ബോംബൈ, മിന്‍സാരക്കനവ്, തനി ഒരുവന്‍, ധ്രുവ, ബോഗന്‍, ചെക്ക ചിവന്ത വാനം തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകളുടെ ഭാ​ഗമായി താരം. സിനിമയിൽ തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു അരവിന്ദ് സ്വാമി സിനിമയില്‍ നിന്നും ബ്രേക്കെടുത്തത്. വീട്ടിലെ ഒരേയൊരു ആണ്‍തരിയായതിനാല്‍ അച്ഛന്റെ ബിസിനസ് നോക്കി നടത്തുന്നതിന് വേണ്ടിയായിരുന്നു അ​ദ്ദേഹം സിനിമയിൽ നിന്ന് മാറി നിന്നത്.

സിനിമയിൽ നിന്ന് മാറി നിന്ന സമയത്തെ അരവിന്ദ് സ്വാമിയുടെ ലുക്ക് പോലും സോഷ്യൽ മീ‍ഡിയ ചർച്ചയാക്കിയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം അദ്ദേഹം സിനിമ ലോകത്തേക്ക് മടങ്ങി വന്നു. ആ തിരിച്ചുവരവിൽ അരവിന്ദ് സ്വാമിയിലെ 'വില്ലനെ'യും പ്രേക്ഷകർ കണ്ടു. ഇപ്പോഴിതാ കാർത്തിക്കൊപ്പം മെയ്യഴകൻ എന്ന ചിത്രവുമായി അരവിന്ദ് സ്വാമി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്കെത്തുകയാണ്.

"എന്നെ മനസിൽ കണ്ടു കൊണ്ടാണ് പ്രേംകുമാർ എന്റെ കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് തോന്നുന്നു. അതിന് അ​ദ്ദേഹത്തോട് നന്ദിയുണ്ട്. ഇത് എന്റെ തന്നെ ജീവിതത്തിൽ നടന്ന കഥയാണ്. എന്നെ ഏറെ സ്വാധീനിച്ച, ഇപ്പോഴും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷയം"- എന്നാണ് അരവിന്ദ് സ്വാമി ചിത്രത്തേക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ തന്നെയാണ് സിനിമയുടെ കാത്തിരിപ്പിനായുള്ള പ്രതീക്ഷയും. അരവിന്ദ് സ്വാമിയുടെ പ്രേക്ഷകർ ഏറ്റെടുത്ത ചില കഥാപാത്രങ്ങളിലൂടെ.

1. റോജ

Arvind Swamy

1992 ൽ മണിരത്നം സം‌വിധാനം ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു റോജ. മണിരത്നത്തിന് ദേശീയശ്രദ്ധ നേടിക്കൊടുത്ത ചിത്രവും ഇതായിരുന്നു. മാതുവാണ് ചിത്രത്തിലെ നായികയായെത്തിയത്. റോജ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചത്. ചിത്രത്തിലെ ​ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. എആർ റഹ്മാനായിരുന്നു സം​ഗീത സംവിധാനം ഒരുക്കിയത്.

2. ദേവരാ​ഗം

Arvind Swamy

1996 ൽ ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. അരവിന്ദ് സ്വാമി, ശ്രീദേവി എന്നിവരായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് അരവിന്ദ് സ്വാമിയെ തേടിയെ നിരവധി പ്രശംസയുമെത്തി. എംഎം കീരവാണിയായിരുന്നു ചിത്രത്തിന് സം​ഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്.

3. മിൻസാരക്കനവ്

Arvind Swamy

തോമസ് തങ്കദുരൈ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അരവിന്ദ് സ്വാമിയെത്തിയത്. രാജീവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭുദേവയും കജോളുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ അരവിന്ദ് സ്വാമിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എആർ റഹ്മാനായിരുന്നു ചിത്രത്തിന് സം​ഗീതമൊരുക്കിയത്.

4. തനി ഒരുവൻ

Arvind Swamy

2015 ൽ മോഹൻരാജ സംവിധാനം ചെയ്ത ചിത്രമായിരുന്നു തനി ഒരുവൻ. ജയം രവി നായകനായ ചിത്രത്തിൽ അരവിന്ദ് സ്വാമി വില്ലനായാണെത്തിയത്. നയൻതാരയായിരുന്നു ചിത്രത്തിലെ നായിക. ബോക്സോഫീസിലും ചിത്രം വൻ വിജയമായി മാറിയിരുന്നു.

5. തലൈവി

Arvind Swamy

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് തലൈവി. കങ്കണ റണാവത്തായിരുന്നു ചിത്രത്തിലെ നായിക. എഎൽ വിജയ് ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ചിത്രം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com