Devara: Part 1
ദേവരാഫെയ്സ്ബുക്ക്

ചെങ്കടലിലെ 'ദേവരാ'യുടെ താണ്ഡവം- റിവ്യു

മറ്റൊന്ന് ആയുധങ്ങൾക്ക് ചിത്രത്തിൽ ഒരു പ്രത്യേക സ്ഥാനം തന്നെ സംവിധായകൻ കൊടുത്തിട്ടുണ്ട്.
Published on
ഡാൻസും മാസും ദേവരായിൽ തിളങ്ങി ജൂനിയർ എൻടിആർ(2.5 / 5)

ചടുലമായ നൃത്തച്ചുവടുകളിലൂടെ തെന്നിന്ത്യയെ മുഴുവൻ അമ്പരപ്പിക്കുന്ന നടനാണ് ജൂനിയർ എൻടിആർ. അദ്ദേഹത്തിന്റെ മാസിനേക്കാൾ കൂടുതൽ ഒരുപക്ഷേ പ്രേക്ഷകർക്ക് കാണാനിഷ്ടം ഈ ഡാൻസ് തന്നെയായിരിക്കും. ദേവരാ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെയും പ്രധാന ആകർഷണഘടകവും തകർപ്പൻ ന‍ൃത്തച്ചുവടുകളും മാസ് രം​ഗങ്ങളുമാണ്. ആക്ഷൻ രം​ഗങ്ങളും ഇമോഷനും ചേർന്നു നിൽക്കുന്ന ആദ്യ പകുതിയും മാസ് രം​ഗങ്ങൾക്കൊണ്ട് കോർത്തിണക്കിയ രണ്ടാം പകുതിയുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

ജൂനിയർ എൻടിആറിന്റെ ഇൻട്രോ സീനും മികച്ച രീതിയിൽ തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സം​ഗീതത്തിലൂടെ അനിരുദ്ധ് രവിചന്ദറും ഞെട്ടിച്ചു. അച്ഛനായും മകനായുമെത്തി പെർഫോമൻസ് ബാലൻസ് ചെയ്തിട്ടുണ്ട് ജൂനിയർ എൻടിആർ. മനസിൽ തങ്ങി നിൽക്കുന്ന ഒട്ടേറെ മാസ് ഡയലോ​ഗുകളും ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട് സംവിധായകൻ.

കഥ, സംവിധാനം, സംഭാഷണം

ഒരു ടിപ്പിക്കൽ തെലുങ്ക് സിനിമ തന്നെ‌യാണ് ദേവരായും, അതിൽ നിന്ന് ഒരംശം പോലും മാറി നിൽക്കാൻ ചിത്രത്തിനായിട്ടില്ല. കൊരട്ടാല ശിവയാണ് ദേവരായുടെ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. യാതൊരുവിധ പുതുമയോ സസ്പെൻസോ ഒന്നും അവകാശപ്പെടാനില്ലാത്ത കഥയാണ് ചിത്രത്തിന്റേത്. ദേവരാ (ജൂനിയർ എൻടിആർ), ഭൈറ (സെയ്ഫ് അലി ഖാൻ), വരദ (ജൂനിയർ എൻടിആർ) എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. കടലാണ് ദേവരായുടെ കഥയ്ക്ക് പശ്ചാത്തലമാകുന്നത്. എന്നാൽ ദേവരാ കടലിന്റെ മക്കളുടെ കഥയാണോ എന്ന് ചോദിച്ചാൽ അല്ലാ എന്ന് തന്നെയാണ് ഉത്തരം.

തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകന് ഊഹിച്ചെടുക്കാവുന്ന കഥയും കഥാസന്ദർഭങ്ങളും തന്നെയാണ് ചിത്രത്തിന്റെ പോരായ്മകളിലൊന്ന്. തട്ടിക്കൂട്ടി ഒരു പടം ചെയ്തു വച്ചതാണോയെന്ന് പോലും പലയിടങ്ങളിലും തോന്നിപ്പോകും. സംവിധാനത്തിലും അത്രവലിയ ഇംപാക്ട് കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല.

എടുത്തു പറയേണ്ട ഒന്ന് സംഭാഷണങ്ങളാണ്. തുടങ്ങുമ്പോൾ മുതൽ അവസാനിക്കുന്നതുവരെ നിറയെ പഞ്ച് ഡയലോ​ഗുകളുണ്ട് സിനിമയിൽ. ദേവരായുടെ കഥാപാത്രത്തിന് തന്നെയാണ് മാസ് ഡയലോ​ഗുകൾ കൂടുതലും. സാധാരണ തെലുങ്ക് സിനിമകളിൽ കാണുന്നതു പോലെ തന്നെ വ്യത്യസ്ത തരത്തിലുള്ള പല തരം ആയുധങ്ങളെയും പ്രേക്ഷകന് പരിചയപ്പെടുത്തിയിട്ടുണ്ട് സംവിധായകൻ. ആദ്യ പകുതിയേക്കാൾ മികച്ച് നിന്നത് രണ്ടാം പകുതി തന്നെയാണ്. നിറയെ മാസ് രം​ഗങ്ങൾ കൊണ്ട് സമ്പന്നമാണ് രണ്ടാം പകുതി.

ചെങ്കടലും ആയുധങ്ങളും

ദേവരായുടെ കഥാപാത്രങ്ങളിലേക്ക് കടക്കുകയാണെങ്കിൽ മനുഷ്യർ മാത്രമല്ല ഉള്ളത്. വലിയൊരു മലയും, അലയടിച്ചു കൊണ്ടിരിക്കുന്ന ചെങ്കടലും, വേട്ടക്കാരനെപ്പോലെ പായുന്ന സ്രാവുമൊക്കെ കഥാപാത്രങ്ങളാണ്. ചോര വീണ് ചെങ്കടലായി മാറുന്ന കടലിനേക്കുറിച്ചാണ് ദേവരാ പറയുന്നത്. കടലിൽ നിന്നുള്ള രം​ഗങ്ങളൊക്കെയും ഒരുപരിധി വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ പോന്നവയാണ്. ചിത്രത്തിന്റെ പകുതിയിലേറെ കാര്യങ്ങളും ഈ കടലിനെ ചുറ്റിപ്പറ്റി തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നതും.

മറ്റൊന്ന് ആയുധങ്ങൾക്ക് ചിത്രത്തിൽ ഒരു പ്രത്യേക സ്ഥാനം തന്നെ സംവിധായകൻ കൊടുത്തിട്ടുണ്ട്. വർഷാവർഷം മല്ലയുദ്ധത്തിൽ പങ്കെടുത്ത് ജയിക്കുന്ന ​ഗ്രാമത്തിനായിരിക്കും ഈ ആയുധങ്ങൾ കൈവശം വയ്ക്കാൻ അവകാശം. ആയുധങ്ങളാണ് ഐശ്വര്യമെന്ന് വിശ്വസിക്കുന്ന ഒരുവിഭാ​ഗം ജനതയെ കുറിച്ചാണ് സംവിധായകൻ ദേവരായിലൂടെ പറയുന്നത്.

കാസ്റ്റിങ്, പെർഫോമൻസ്

ദേവരാ എന്ന ചിത്രത്തിനായി പ്രേക്ഷകരുടെ ഇതുവരെയുള്ള കാത്തിരിപ്പിന്റെ പ്രധാന കാരണം കാസ്റ്റിങ് തന്നെയായിരുന്നു. ജൂനിയർ എൻടിആർ, സെയ്ഫ് അലി ഖാൻ, ജാൻവി കപൂർ തുടങ്ങിയ താര നിര തന്നെയായിരുന്നു ഈ ഹൈപ്പിന് കാരണം. ജൂനിയർ എൻടിആറിന്റെ പെർഫോമൻസ് തന്നെയാണ് സിനിമയെ ആദ്യം മുതൽ അവസാനം വരെ കൊണ്ടു പോകുന്നത്.

മാസും ക്യൂട്ട്നെസുമൊക്കെയായി അച്ഛൻ ദേവരായായും മകൻ വരയായും അദ്ദേഹം തിളങ്ങി. ദേവരായ്ക്കൊത്ത വില്ലനായാണ് സെയ്ഫ് അലി ഖാനെ ചിത്രത്തിലെത്തിച്ചിരിക്കുന്നത്. എന്നാൽ വലിയ ഡയലോ​ഗുകളോ അതി​ഗംഭീര പെർഫോമൻസോ ഒന്നും സെയ്ഫിന് ചിത്രത്തിൽ ചെയ്യാനില്ലായിരുന്നു. തെലുങ്കിലെ തന്നെ അടുത്തിടെ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങളിലെ വില്ലൻമാരെ വച്ചു നോക്കുകയാണെങ്കിൽ സെയ്ഫ് അലി ഖാന്റെ കാസ്റ്റിങ്ങും പെർഫോമൻസും നിരാശപ്പെടുത്തിയെന്ന് വേണം പറയാൻ.

യാതൊരു കാര്യവുമില്ലാതെ ചിത്രത്തിലേക്ക് കടന്നുവന്ന ഒരു കഥാപാത്രമാണ് ജാൻവിയുടേത്. നല്ലൊരു പ്രണയ രം​ഗം പോലും ജാൻവിക്ക് ചിത്രത്തിൽ ഇല്ലാതെ പോയി. വെറും ​ഗ്ലാമർ പ്രദർശനത്തിലേക്ക് മാത്രം ജാൻവി ഒതുങ്ങി. പ്രകാശ് രാജ്, കലൈയരശൻ, മുരളി ശർമ്മ തുടങ്ങിയവരുടെ കഥാപാത്രങ്ങളും മികച്ചതായിരുന്നു. മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോയും സുദേവ് നായരും നരേനും ചിത്രത്തിലെത്തുന്നുണ്ട്. തെലുങ്ക് അരങ്ങേറ്റത്തിൽ സ്ക്രീൻ സ്പെയ്സ് ഉള്ള കഥാപാത്രം തന്നെയായിരുന്നു ഷൈനിന്റേത്. കുറച്ച് ചിരി സമ്മാനിക്കാനും ഷൈന്റെ കഥാപാത്രത്തിനായി. സുദേവിന്റെ പെർഫോമൻസും കൈയ്യടി നേടി. കുറച്ചു ഭാ​ഗമേയുള്ളൂവെങ്കിലും നരേന്റെ പ്രകടനവും അഭിനന്ദനാർഹമാണ്.

വിഎഫ്എക്സ്, ആക്ഷൻ

ചിത്രത്തിന്റെ മെയിൻ വിഎഫ്എക്സ് തന്നെയാണ്. എന്നാൽ പലയിടങ്ങളിലും ഒരു പെർഫെക്ഷൻ നിലനിർത്താൻ വിഎഫ്എക്സ് ടീമിന് ആയിട്ടില്ല. മാസ് രം​ഗങ്ങളിൽ തന്നെയാണ് ഈ പോരായ്മ കൂടുതൽ അനുഭവപ്പെട്ടത്. കടലിന്റെ അടിത്തട്ടിൽ നിന്നുള്ള ചില രം​ഗങ്ങളിലും മികവ് പുലർത്തിയിട്ടില്ല.

ആക്ഷൻ രം​ഗങ്ങളിലും പ്രേക്ഷകരെ ചിത്രം രസിപ്പിക്കുന്നുണ്ട്. മാസ് രം​ഗങ്ങൾ തന്നെയാണ് സംവിധായകൻ ആക്ഷൻ പ്രേമികൾക്കായി ഒരുക്കിയിരിക്കുന്നതും. രണ്ടാം പകുതിയിലെ ജൂനിയർ എൻടിആറിന്റെ ആക്ഷൻ രം​ഗങ്ങളെല്ലാം മികച്ചതായി. സ്രാവിനൊപ്പമുള്ള അദ്ദേഹത്തിന്റെ മാസ് രം​ഗമൊക്കെ കോരിത്തരിപ്പിക്കും.

Devara: Part 1
മനസ് നിറയ്ക്കും ഈ പ്രണയക്കാഴ്ച; കഥ ഇന്നുവരെ റിവ്യു

പശ്ചാത്തല സം​ഗീതം, ഛായാ​ഗ്രഹണം

ചിത്രത്തിൽ ഏറ്റവും കൈയ്യടി കൊടുക്കേണ്ട ഒന്ന് ഛായാ​ഗ്രഹണത്തിന് തന്നെയാണ്. വിഷ്വലി ചിത്രം മികവ് പുലർത്തിയിട്ടുണ്ട്. മനോഹരമായ ചില ഫ്രെയിമുകളൊക്കെ ഛായാ​ഗ്രഹകൻ ആർ രത്നവേലു പകർത്തിയിട്ടുണ്ട്. സിനിമയ്ക്കൊപ്പം തന്നെ സഞ്ചരിക്കുകയായിരുന്നു പശ്ചാത്തല സം​ഗീതം.

പ്രകടനം കൊണ്ടോ ഡയലോ​ഗു കൊണ്ടോ ഒന്നും മികവ് പുലർത്താൻ കഴിയാതിരുന്നിടത്തെല്ലാം അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സം​ഗീതം സ്കോർ ചെയ്തു.

മൊത്തത്തിൽ ഒരു ശരാശരി കാഴ്ചാനുഭവം മാത്രമാണ് ദേവരാ പാർട്ട് 1. രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കാനുള്ള ഒരു പ്രതീക്ഷ പോലും നൽകാതെയാണ് സിനിമ നിർത്തിയിരിക്കുന്നതെന്നും നിരാശയോടെ പറയേണ്ടി വരും.

ചിത്രത്തിന്റെ ക്ലൈമാക്സ് കണ്ട് മറ്റേതെങ്കിലും ചിത്രത്തോട് സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികമെന്ന് പറഞ്ഞൊഴിയാനേ തല്ക്കാലം നിവൃത്തിയുള്ളൂ. കഥയോ ലോജിക്കോ ഒന്നും നോക്കാതെ, ഒരു തെലുങ്ക് മാസ് - ആക്ഷൻ ചിത്രം കാണാൻ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ചിത്രം കണ്ടിരിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com