Boat Race 2024
ബി​ഗ് സ്ക്രീനിലും ആവേശമായി മാറിയ വള്ളം കളി

തെയ് തോം തെയ് തോം... ബി​ഗ് സ്ക്രീനിലും ആവേശമായി മാറിയ വള്ളം കളി

വള്ളം കളി ഉൾപ്പെടുത്തിക്കൊണ്ട് സിനിമകളും ​ഗാനരം​ഗങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്.

വീറും വാശിയും നിറഞ്ഞ, ഓളപ്പരപ്പിലെ വള്ളം കളി മലയാളികൾക്ക് എന്നും ഒരാവേശമാണ്. നമ്മുടെ നാട്ടിലുള്ളവർക്ക് മാത്രമല്ല വിദേശികൾക്കും ഏറെയിഷ്ടമാണ് വള്ളം കാണാൻ. ആറന്മുള ഉതൃട്ടാതി വള്ളം കളി, നെഹ്‌റു ട്രോഫി വള്ളം കളി, ചമ്പക്കുളം മൂലം വള്ളം കളി, പായിപ്പാട് ജലോത്സവം അങ്ങനെ പോകുന്നു കേരളത്തിലെ വിവിധ വള്ളം കളി മത്സരങ്ങൾ.

വള്ളം കളി ഉൾപ്പെടുത്തിക്കൊണ്ട് സിനിമകളും ​ഗാനരം​ഗങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലെ ​ഗാനരം​ഗങ്ങളിലും വള്ളം കളി കടന്നുവരാറുണ്ട്. വള്ളം കളി കടന്നുവരുന്ന ചില സിനിമകൾ പരിചയപ്പെട്ടാലോ.

1. കാവാലം ചുണ്ടൻ

1967 ൽ പുറത്തിറങ്ങിയ ജെ ശശികുമാർ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു കാവാലം ചുണ്ടൻ. തോപ്പിൽ ഭാസിയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സത്യൻ, ശാരദ, അടൂർ‌ ഭാസി, പി ജെ ആന്റണി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

2. തച്ചിലേടത്ത് ചുണ്ടൻ

വള്ളം കളിയുടെ പശ്ചാത്തലത്തിൽ ഷാജൂൺ കരിയാൽ സംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ ചിത്രമാണ് തച്ചിലേടത്ത് ചുണ്ടൻ. തിലകൻ, നെടുമുടി വേണു, നന്ദിനി, വാണി വിശ്വനാഥ്, ക്യാപ്റ്റൻ രാജു, കാവേരി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിലെ ആലപ്പുഴ വാഴും... എന്ന് തുടങ്ങുന്ന ​ഗാനം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്. വള്ളം കളിയാണ് ഈ ​ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

3. ജലോത്സവം

സിബി മലയിൽ സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ ചിത്രമാണ് ജലോത്സവം. കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, നവ്യ നായർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

4. ചമ്പക്കുളം തച്ചൻ

1992 ൽ കമൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ചമ്പക്കുളം തച്ചൻ. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. മുരളി, മധു, നെടുമുടി വേണു, വിനീത്, മോനിഷ, രംഭ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങൾ.

5. മേരേ ബാപ്പ് പെഹലെ ആപ്

പ്രിയദർശൻ സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായിരുന്നു മേരേ ബാപ്പ് പെഹലെ ആപ്. ജാനാ ഹേ തുജ്കോ... എന്ന് തുടങ്ങുന്ന ​ഗാനരം​ഗം ഒരുക്കിയിരിക്കുന്നത് വള്ളം കളിയുടെ പശ്ചാത്തലത്തിലാണ്. ജെനീലിയ ഡിസൂസയാണ് ചിത്രത്തിൽ നായികയായെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com