"നല്ലൊരു ആക്ടറിന്റെ മുഖത്ത് നല്ലൊരു ക്ലോസ്അപ് വെയ്ക്കുന്നതാണ് എന്നെ ഏറ്റവും കൂടുതൽ എക്സൈറ്റ് ചെയ്യിക്കുന്നത്"- സംവിധായകൻ അമൽ നീരദ് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്. അദ്ദേഹത്തിന്റെ ഏത് ചിത്രമെടുത്താലും നായകന്റെ അല്ലെങ്കിൽ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം ഒട്ടേറെ ക്ലോസ്അപ് ഷോട്ടുകൾ കാണാനാകും. കഥാപാത്രങ്ങളുടെ വികാരങ്ങളിലേക്ക് പ്രേക്ഷകന് ഇറങ്ങിച്ചെല്ലാൻ ഒരുപരിധി വരെ ഇത്തരം
ക്ലോസ്അപ് ഷോട്ടുകൾക്കാകും. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഗ്യാങ്സ്റ്റർ ചിത്രം ബിഗ് ബിയിലൂടെയാണ് അമൽ നീരദ് സംവിധായകന്റെ കുപ്പായമണിയുന്നത്. "ഇഷ്ടം പോലെ തന്തയ്ക്ക് പിറന്നവൻമാരെ കൊണ്ട് ഒരു രക്ഷയുമില്ലാതെയിരുന്ന സമയത്ത് കുറച്ച് അമ്മയ്ക്ക് പിറന്നവൻമാരെ വച്ചൊരു കൊമേഴ്സ്യൽ പടമെടുക്കുക എന്നൊരു ചെറിയ പൊളിറ്റിക്കൽ കോമഡി മാത്രമേ ബിഗ് ബി എന്ന പടം കൊണ്ട് ഉദ്ദേശിച്ചുള്ളൂ"വെന്നാണ് ബിഗ് ബിയേക്കുറിച്ച് അമൽ നീരദ് ഒരിക്കൽ പറഞ്ഞത്.
ചിത്രം അന്ന് തിയറ്ററിൽ പരാജയമായി മാറിയെങ്കിലും ഇന്ന് ആ ചിത്രത്തിന്റെയും സംവിധായകന്റെയും കഥ മറ്റൊന്നാണ്. ബിലാൽ എപ്പോ വരും, മേരി ടീച്ചറുടെ മൂത്ത മകനെ അഴിച്ചു വിട് അമലേട്ടാ തുടങ്ങിയ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിറയുന്ന കമന്റുകൾ മാത്രം മതിയാകും അമൽ നീരദെന്ന സംവിധായകനിലുള്ള പ്രേക്ഷരുടെ വിശ്വാസവും പ്രതീക്ഷയും അറിയാൻ. ബിഗ് ബി രണ്ടാം ഭാഗം പോലെ പ്രേക്ഷകരെ ഇത്രത്തോളം കാത്തിരിപ്പിന്റെ അങ്ങേയറ്റം വരെ എത്തിച്ച മറ്റൊരു ചിത്രവുമില്ലായെന്ന് ഉറപ്പാണ്.
ബിഗ് ബിയിലൂടെ മലയാള സിനിമയിൽ മേക്കിങ്ങിലൂടെ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ അമൽ നീരദിനായി. വളരെ കുറഞ്ഞ സംഭാഷണങ്ങളിലൂടെ തന്റെ നായകൻമാരെ അമൽ മാസാക്കി പലപ്പോഴും. കഥാപാത്രങ്ങളിലും മേക്കിങ്ങിലും മാത്രമല്ല അമൽ നീരദ് ചിത്രങ്ങളുടെ പോസ്റ്ററുകൾക്കു പോലുമുണ്ടായിരുന്നു വ്യത്യസ്തത. വെറും പോസ്റ്ററുകൾ മാത്രം വെച്ച് സിനിമ കാണാനുള്ള ഒരു കിക്ക് പ്രേക്ഷകന് തരുന്ന മറ്റൊരു സംവിധായകൻ മലയാള സിനിമയിൽ ഉണ്ടോയെന്നത് തന്നെ സംശയമാണ്. കളർ ടോൺ, സ്ലോ-മോഷൻ, പശ്ചാത്തല സംഗീതം, ആക്ഷൻ അങ്ങനെ എല്ലായിടത്തും അമൽ നീരദ് തന്റെ കൈയ്യൊപ്പ് ചാർത്തി.
ഇപ്പോഴിതാ അമൽ നീരദിന്റെ ബോഗയ്ൻവില്ല പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ്. സ്തുതി എന്ന ചിത്രത്തിലെ ഗാനവും ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു. ഒക്ടോബർ 17നാണ് ബോഗയ്ൻവില്ല റിലീസിനെത്തുക. ചിത്രം കാണാൻ തിയറ്ററുകളിലേക്ക് പോകും മുൻപ് അമൽ നീരദ് എന്ന ഫിലിംമേക്കറുടെ സിനിമകളിലൂടെ ഒന്ന് കടന്നു പോകാം.
2007 ലായിരുന്നു ചിത്രം റിലീസിനെത്തിയത്. ബിലാൽ എന്ന കരുത്തുറ്റ നായക കഥാപാത്രമായി മമ്മൂട്ടിയാണ് ചിത്രത്തിലെത്തിയത്. സമീർ താഹിറായിരുന്നു ചിത്രത്തിന് ഛായാഗ്രഹണമൊരുക്കിയത്. മനോജ് കെ ജയൻ, ബാല, സുമീത്, മംമ്ത, നഫീസ അലി, ഇന്നസെന്റ്, മംമ്ത, ലെന തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരന്നത്. ബിലാൽ എന്ന കഥാപാത്രം പ്രേക്ഷകരിലുണ്ടാക്കിയ ഓളം മറ്റൊന്നായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അധോലോക നായകനായ സാഗർ ഏലിയാസ് ജാക്കിയോട് യുവാക്കൾക്ക് ഇന്നും കടുത്ത ആരാധനയാണ്. 2009 ലാണ് എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ അമൽ നീരദ് ഈ ചിത്രവുമായെത്തിയത്. അമൽ നീരദ് തന്നെയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണമൊരുക്കിയതും. മോഹൻലാൽ, ശോഭന, മനോജ് കെ ജയൻ തുടങ്ങി വൻ താരനിര ചിത്രത്തിനായി അണിനിരന്നു.
2012 ലാണ് ബാച്ച്‌ലർ പാർട്ടി റിലീസ് ചെയ്യുന്നത്. സന്തോഷ് ഏച്ചിക്കാനവും ഉണ്ണി ആറും ചേർന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. കലാഭവൻ മണി, ആസിഫ് അലി, ഇന്ദ്രജിത്ത്, പൃഥ്വിരാജ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെത്തിയത്. ചിത്രത്തിലെ പാട്ടുകളും തരംഗമായി മാറിയിരുന്നു.
2014 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഫഹദ് ഫാസിലായിരുന്നു നായകൻ. അമൽ നീരദ് തന്നെയായിരുന്നു ഛായാഗ്രഹണവും. പദ്മപ്രിയ, ജയസൂര്യ, ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ചിത്രത്തിന്റെ ഛായാഗ്രഹണവും ഏറെ പ്രശംസ പിടിച്ചു പറ്റി.
2018 ൽ ഫഹദിനെ തന്നെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു വരത്തൻ. ഐശ്വര്യ ലക്ഷ്മിയായിരുന്നു ചിത്രത്തിലെ നായിക. അമൽ നീരദിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായിരുന്നു ഈ ചിത്രം. സുഷിൻ ശ്യാമായിരുന്നു സംഗീതമൊരുക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക