ജ്യോതിർമയി എന്ന പേര് കേൾക്കുമ്പോഴേ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത് മീശമാധവനിലെ ചിങ്ങമാസം വന്നു ചേർന്നാൽ... എന്ന് തുടങ്ങുന്ന ഗാനമാണ്. നീണ്ട 22 വർഷങ്ങൾക്കിപ്പുറം മറ്റൊരു പെർഫോമൻസുമായി ജ്യോതിർമയി മലയാളികൾക്ക് മുന്നിലെത്തി. ബോഗയ്ൻവില്ല എന്ന തന്റെ പുതിയ ചിത്രത്തിലെ സ്തുതി എന്ന ഗാനത്തിലൂടെയായിരുന്നു ആ കിടിലൻ വരവ്.
ഇതുവരെ കണ്ട ജ്യോതിർമയിയെ ആയിരുന്നില്ല സ്തുതിയിൽ മലയാളികൾ കണ്ടത്. ലുക്കും ആറ്റിറ്റ്യൂഡും ഡാൻസുമെല്ലാം അടിമുടി മാറിയിരിക്കുന്നു. മുടി പറ്റ വെട്ടി, വെള്ളത്തലയുമായി മാസ് ലുക്കിൽ ജ്യോതിർമയി അക്ഷരാർഥത്തിൽ ഞെട്ടിച്ചു എന്ന് വേണം പറയാൻ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഭർത്താവ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തുമ്പോൾ, പ്രേക്ഷകരും ഏറെ ആവേശത്തിലാണ്.
സിനിമകളിൽ ജ്യോതിർമയിക്ക് ഹിറ്റ് പാട്ടുകളിലും അഭിനയിക്കാൻ അവസരം ലഭിച്ചു. മീശമാധവനിലെ ചിങ്ങമാസം, പട്ടാളത്തിലെ ഡിങ്കിരി ഡിങ്കിരി പട്ടാളം, എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ വാവാ വോ വാവേ, കല്യാണരാമനിലെ തുമ്പി കല്യാണത്തിന് തുടങ്ങിയ ജ്യോതിർമയിയുടെ ഗാനരംഗങ്ങളും ഹിറ്റാണ്.
എന്തായാലും ജ്യോതിർമയിയുടെ ഈ വരവിനെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യമുറപ്പ്. ബോഗയ്ൻവില്ലയുടെ പോസ്റ്ററുകൾക്ക് താഴെ വരുന്ന കമന്റുകൾ തന്നെയാണ് ഇതിനുള്ള തെളിവും. മലയാളികൾ ഓർത്തിരിക്കുന്ന ജ്യോതിർമയിയുടെ ചില കഥാപാത്രങ്ങളിലൂടെ.
മീശമാധവൻ കഴിഞ്ഞാൽ ജ്യോതിർമയിയുടേതായി പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രം പട്ടാളത്തിലെ ഭാമയാണ്. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോന്റെ നായികയായാണ് ജ്യോതിർമയി എത്തിയത്. കളിയും ചിരിയും കുറുമ്പുമൊക്കെയായി നടക്കുന്ന ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ബിജു മേനോൻ - ജ്യോതിർമയി കെമിസ്ട്രിയും അക്കാലത്ത് ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി, ടെസ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
സിബി മലയിൽ സംവിധാനം ചെയ്ത് 2003 ലെത്തിയ ചിത്രമായിരുന്നു ഇത്. കാളിദാസ് ജയറാം, ജയറാം, ജ്യോതിർമയി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ജ്യോതിർമയിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേത്. മീര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരമെത്തിയത്.
വിശ്വനാഥൻ വടുതല സംവിധാനം ചെയ്ത് 2003 തിയറ്ററുകളിലെത്തിയ ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. മോഹൻലാൽ, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ ജ്യോതിർമയിയുടെ കാവ്യ എന്ന കഥാപാത്രവും ശ്രദ്ധ നേടി.
വൈശാഖ് സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ സീനിയേഴ്സിലും ജ്യോതിർമയി അഭിനയിച്ചിരുന്നു. ബിജു മേനോന്റെ ഭാര്യയുടെ വേഷത്തിലാണ് താരമെത്തിയത്. കുറച്ചു സീനുകളെ ജ്യോതിർമയിക്ക് സിനിമയിലുള്ളൂവെങ്കിലും പ്രേക്ഷക ശ്രദ്ധ നേടി.
ബോഗയ്ൻവില്ലയിലെ ജ്യോതിർമയിയുടെ കഥാപാത്രത്തിന്റെ ലുക്കും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാൽ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ട്രെയ്‍ലറിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകരും. മാഡ് മാക്സ് ഫുരി റോഡ് എന്ന ചിത്രത്തിലെ ഇംപറേറ്റർ ഫുരിയോസ എന്ന കഥാപാത്രത്തിന്റെ ലുക്കിനെ അനുസ്മരിപ്പിക്കുന്ന ഗെറ്റപ്പിലാണ് ബോഗയ്ൻവില്ലയിൽ ജ്യോതിർമയി എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക