Empuraan അമേരിക്കയില്‍ ട്രെയിന്‍ കത്തുന്നതു പോയിട്ടു ട്രെയിന്‍ പോലും കാണിക്കുന്നില്ല; കുറിപ്പ്

empuraan
തമ്പി ആന്റണി, എംപുരാന്‍ പോസ്റ്റര്‍ facebook
Updated on

കൊച്ചി: എംപുരാന്‍ സിനിമയിലെ വിവാദ ഭാഗങ്ങള്‍ രാജ്യത്തിനു പുറത്തു പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ നിന്ന് ഇതിനകം തന്നെ നീക്കിയെന്ന സൂചന നല്‍കി നടന്‍ തമ്പി ആന്റണി. അമേരിക്കയില്‍ വച്ചു കണ്ട പടത്തില്‍ വിമര്‍ശനാത്മകമായി ഒന്നും കണ്ടില്ലെന്ന് തമ്പി ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ട്രെയിന്‍ കത്തുന്നതു പോയിട്ട് ട്രെയിന്‍ പോലും പടത്തില്‍ കാണിക്കുന്നില്ലെന്ന് തമ്പി ആന്റണി പറയുന്നു.

തമ്പി ആന്റണിയുടെ കുറിപ്പില്‍ നിന്ന്:

'ഇന്നാണ് എമ്പുരാന്‍ കണ്ടത്. വെട്ടിമാറ്റിയതിനു ശേഷമുള്ള പ്രിന്റായിരിക്കണം ഞങ്ങള്‍ അമേരിക്കയില്‍ കണ്ടത്, എന്നു ഞാനൂഹിക്കുന്നു. അല്ലെങ്കിലും

ചരിത്രത്തില്‍ ഇല്ലാത്ത കാര്യങ്ങളാണ് എഴുതിയിട്ടുള്ളതെങ്കില്‍ അതൊക്കെ എഡിറ്റിങ് സമയത്തു തന്നെ ഒഴിവാക്കണമായിരുന്നു, എന്നുതന്നെയാണ് എന്റെയും അഭിപ്രായം. അതുണ്ടെങ്കില്‍പോലും സാക്ഷരതയിലും സംസ്‌കാരത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരള ജനത അതിന്റെ പേരില്‍ പ്രതിഷേധിക്കുന്നതിനോടു യോജിക്കാന്‍ കഴിയുന്നില്ല.

അമേരിക്കയിലെ ഐ മാക്‌സ് തിയേറ്ററില്‍ ആദ്യമായാണ് ഒരു മലയാളംപടം റിലീസാകുന്നത്. ഞങ്ങളെ കൂടാതെ ഒരാള്‍ കൂടിയേ ആ വലിയ തിയേറ്ററില്‍ ഉണ്ടായിരുന്നുള്ളൂ. അതൊരു ആന്ധ്രാ ക്കാരനായിരുന്നു.

വെട്ടിമാറ്റിയതിനാലാകണം, പടത്തില്‍ വിമര്‍ശനാത്മകമായി ഒന്നും ഞാന്‍ കണ്ടില്ല. ഇടയ്‌ക്കൊരു കോഫി വാങ്ങാന്‍ പുറത്തേക്കു പോയിരുന്നു. അപ്പോഴെങ്ങാനും ഞാന്‍ മിസ്സ് ചെയ്‌തോ എന്നറിയാന്‍ പ്രേമയോടും ചോദിച്ചു. ഇല്ല. ട്രെയിന്‍ കത്തുന്നതു പോയിട്ടു ട്രെയിന്‍പോലും കാണിക്കുന്നില്ലെന്നാണ് പേമ പറഞ്ഞത്. ജനക്കൂട്ടത്തിന്റെ കലാപം കാണിക്കുന്നുണ്ടെങ്കിലും അതെന്തിനാണെന്നു കഥയറിയാത്തവര്‍ക്കു മനസ്സിലാകണമെന്നില്ല. കഥയറിയാതെയുള്ള ആട്ടംകാണലാണെങ്കിലും കിടിലന്‍ ഷോട്ടുകള്‍ നോക്കിയിരുന്നുപോകും. ഒരു കച്ചവടസിനിമയ്ക്കു വേണ്ട ചേരുവകളൊക്കെ കൃത്യമായിച്ചേര്‍ക്കാന്‍ സ്‌ക്രിപ്‌റ്റെഴുതിയ മുരളി ഗോപിക്കും സംവിധായകന്‍ പൃഥ്വിരാജിനും സാധിച്ചിട്ടുണ്ട്. മോഹന്‍ലാല്‍തന്നെയാണു ഹീറോ. പൃഥ്വിരാജ് ഒരു നിഴല്‍പോലെ വന്ന് ഇടിവെട്ട് ആക്ഷന്‍ ചെയ്യുന്നുണ്ടെങ്കിലും സ്റ്റീഫന്‍ നെടുമ്പള്ളിയായി വരുന്ന ലാലിനുതന്നെയാണു മുന്‍തൂക്കം. പ്രിയദര്‍ശിനി എന്ന കഥാപാത്രമായി വരുന്ന മഞ്ജു വാര്യരുടെ പ്രകടനം മികച്ചതായെന്നു പറയാതിരിക്കാനാവില്ല. ഒന്നിനും ഒരു വ്യക്തത വന്നില്ലെങ്കിലും ആക്ഷന്‍ രംഗങ്ങള്‍ ആരെയും അമ്പരപ്പിക്കും. ഒരു ജനപ്രിയചിത്രത്തിനു വേണ്ടത് അതുതന്നെയാണ്.

എന്തായാലും വിമര്‍ശനങ്ങളും പതിനേഴു കട്ടും സിനിമയെ കൂടുതല്‍ ശ്രദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഈ സിനിമ വിജയിച്ചാല്‍ അതിന്റെ പ്രധാനപങ്കു വഹിക്കുന്നത് വിമര്‍ശകര്‍തന്നെയാണ്. സിനിമയെ സിനിമയായും കലാരൂപമായും കാണേണ്ടതാണ്. ആവിഷ്‌കാരസ്വാതന്ത്ര്യമുണ്ടെന്ന് അഭിമാനിക്കുന്ന ഒരു ജനാധിപത്യരാജ്യത്ത് എന്തിനാണൊരു സെന്‍സര്‍ ബോര്‍ഡ്? ആദ്യം അതു പിരിച്ചുവിടുകയാണു വേണ്ടത്. അമേരിക്കയുള്‍പ്പെടെ മറ്റൊരു ജനാധിപത്യരാജ്യത്തും ഇങ്ങനെയൊരു കത്രികപ്രസ്ഥാനമില്ലെന്നോര്‍ക്കണം. അമേരിക്കയില്‍ 'മോഷന്‍ പിക്‌ചേഴ്‌സ് അസോസിയേഷന്‍' റേറ്റിംഗ് ചെയ്യാറുണ്ട്. കുട്ടികളെയും പ്രായമേറിയവരെയും ഉദ്ദേശിച്ചുള്ളതാണിത്. തികച്ചും ഒരു സ്വകാര്യകമ്മിറ്റിയാണിത്. നമ്മുടെ ഫെഫ്കയൊക്കെപ്പോലെ സിനിമയ്ക്കുവേണ്ടി ഒരസോസിയേഷന്‍. ഗവണ്‍മെന്റിന് അതില്‍ ഒരു കാര്യവുമില്ല.

ഒരെഴുത്തുകാരനെന്ന നിലയില്‍ ഇനിയൊരു വെട്ടിത്തിരുത്തലിനു മുരളി ഗോപി സമ്മതിക്കണമെന്നു തോന്നുന്നില്ല.

വധഭീഷണിയുണ്ടായിട്ടുപോലും സല്‍മാന്‍ റഷ്ദി അദ്ദേഹത്തിന്റെ പുസ്തകം വെട്ടിത്തിരുത്തിയതായി കേട്ടിട്ടില്ല. ഒരു നിലപാടുണ്ടെങ്കില്‍ അതില്‍ ഉറച്ചുനില്‍ക്കാനുള്ള തന്റേടമാണ് എഴുത്തുകാരനു വേണ്ടത്. അല്ലെങ്കില്‍ എഴുതാതിരിക്കുക.

കഥയും രംഗങ്ങളുമൊക്കെ ലൂസിഫര്‍ കാണാത്തവര്‍ക്കും സാധാരണപ്രേക്ഷകര്‍ക്കും മനസ്സിലാക്കാന്‍ അത്രയെളുപ്പമല്ല. എന്നാല്‍ മേക്കിംഗും പശ്ചാത്തലസംഗീതവും ഏതൊരു ഹോളിവുഡ് ആക്ഷന്‍ചിത്രത്തോടും കിടപിടിക്കുന്നതാണ്. എമ്പുരാന്റെ വിജയം, മലയാളസിനിമാവ്യവസായത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ഒരനിവാര്യതയാണെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com