
വിവാദങ്ങൾക്കിടയിലും എംപുരാന്റെ തിയറ്റർ വിഹിതം 100 കോടി രൂപ കടന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മലയാള സിനിമയുടെ തിയറ്റർ ഷെയർ 100 കോടി കടക്കുന്നത്. പൃഥ്വിരാജും മോഹൻലാലും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമയുടെ നിർമാതാക്കൾക്ക് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്ന പങ്കാണ് തിയറ്റർ ഷെയർ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
ആൻ്റണി പെരുമ്പാവൂർ, സുബാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ 200 കോടി കളക്ഷൻ നേടിയ ആദ്യ മലയാള ചിത്രം എന്ന റെക്കോഡ് നേരത്തെ എംപുരാൻ സ്വന്തമാക്കിയിരുന്നു. മോഹൻലാൽ നായകനായ പുലിമുരുകൻ ആയിരുന്നു ആദ്യമായി 100 കോടി ആഗോള ഗ്രോസ് കളക്ഷൻ നേടിയ മലയാള ചിത്രം.
പിന്നീട് മോഹൻലാലിന്റെ തന്നെ ലൂസിഫർ 150 കോടി ആഗോള കളക്ഷൻ നേടി. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 ലൂസിഫറിനെ വെട്ടിച്ച് മുന്നേറി. എന്നാൽ അതിനെയും മറികടന്ന് 200 കോടിയുടെ ആഗോള ഗ്രോസ് കളക്ഷൻ നേടി മഞ്ഞുമ്മൽ ബോയ്സ് റെക്കോഡ് സൃഷ്ടിച്ചു.
മഞ്ഞുമ്മൽ ബോയ്സിന്റെ റെക്കോഡിനും ഇനി എംപുരാന് മുന്നിൽ അധികം ആയുസ് ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാൻ മാർച്ച് 27 നാണ് തിയറ്ററുകളിലെത്തിയത്. മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ടൊവിനോ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക