വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കടന്നുവരുകയാണ്. ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ മലയാളികൾ തുടങ്ങിക്കഴിഞ്ഞു. ബസൂക്ക, ഗുഡ് ബാഡ് അഗ്ലി, ആലപ്പുഴ ജിംഖാന ഉൾപ്പെടെ തകർപ്പൻ സിനിമകളാണ് വിഷുവിന് തിയറ്ററുകളിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളിലും നിങ്ങളെ കാത്ത് ഈ ആഴ്ച മികച്ച ചിത്രങ്ങളാണുള്ളത്. അറിയാം ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ.
സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത 'പ്രാവിന്‍കൂട് ഷാപ്പ്' ഒടിടിയിലേക്ക് എത്തുകയാണ്. ഒരു ഷാപ്പില്‍ നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കേസ് അന്വേഷണവുമാണ് ചിത്രം പറയുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് ആണ് ചിത്രം നിർമിച്ചത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും നിർവഹിച്ചിരിക്കുന്നു. സോണി ലിവിലൂടെയാണ് പ്രാവിന്‍കൂട് ഷാപ്പ് ഒടിടിയിലെത്തുന്നത്. ഏപ്രിൽ 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രമാണ് 'പൈങ്കിളി'. 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ ആണ് പൈങ്കിളിയുടെ രചന നിർവഹിച്ചത്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ഏപ്രിൽ 11ന് ചിത്രം സ്ട്രീം ചെയ്തു തുടങ്ങും.
ആന്റണി വർഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രമാണ് 'ദാവീദ്.' ആക്ഷന് പ്രധാന്യം നൽകി ഒരുക്കിയ ചിത്രം മികച്ച പ്രതികരണമായിരുന്നു തിയറ്ററുകളിൽ നേടിയത്. ഫെബ്രുവരിയിൽ റിലീസിനെത്തിയ ചിത്രം ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. സീ 5 ലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. ഏപ്രിൽ 11 മുതൽ ദാവീദ് സ്ട്രീമിങ് ആരംഭിക്കും.
കോർട്ട്: സ്റ്റേറ്റ് വേഴ്സസ് എ നോബഡി എന്ന ചിത്രവും ഒടിടി റിലീസിനെത്തുകയാണ്. റാം ജഗദീഷാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സസ്പെൻസുകൾ നിറഞ്ഞ ത്രില്ലർ സിനിമയാണിത്. സാമൂഹിക വിഷയങ്ങളാണ് ഇതിൽ കൈകാര്യം ചെയ്യുന്നത്. മലയാളം ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ ഇത് ലഭ്യമാകും. 2025 ഏപ്രിൽ 11 മുതൽ നെറ്റ്ഫ്ളിക്സിൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. ഹർഷ് റോഷൻ, ശ്രീദേവി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
വിക്കി കൗശൽ നായകനായെത്തിയ ബോളിവുഡ് ഹിറ്റായിരുന്നു ഛാവ. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തിയത്. ഫെബ്രുവരി 14നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. നെറ്റ്ഫ്ലിക്സിലൂടെ ഏപ്രിൽ 11 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും. ലക്ഷ്മൺ ഉടേക്കർ ആണ് ചിത്രം സംവിധാനം ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക