
ലോസ് ഏഞ്ചൽസ്: 67-ാമത് ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച റാപ് ആൽബത്തിനുള്ള പുരസ്കാരം ഡോയിച്ചി സ്വന്തമാക്കി. അലിഗേറ്റർ ബൈറ്റ്സ് നെവർ ഹീൽ എന്ന ആൽബത്തിനാണ് ഡോയിച്ചിക്ക് പുരസ്കാരം ലഭിച്ചത്. ഇതോടെ റാപ്പ് ആല്‍ബത്തിനുളള പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയായി ഡോയിച്ചി. മികച്ച പോപ്പ് വോക്കൽ ആൽബത്തിനുള്ള പുരസ്കാരം ഷോർട്ട് ആൻഡ് സ്വീറ്റ് എന്ന ആൽബത്തിലൂടെ സബ്രീന കാർപന്റർ നേടി.
'കൗബോയ് കാർട്ടർ' എന്ന ആൽബത്തിലൂടെ മികച്ച കൺട്രി ആൽബത്തിനുള്ള പുരസ്‌കാരം ബിയോൺസേക്ക് ലഭിച്ചു. ഇതോടെ 50 വർഷത്തിനിടെ കൺട്രി വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയായി ബിയോൺസേ മാറി. ഒപ്പം ഈ വർഷത്തെ ഗ്രാമി അവാർഡിൽ ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയെന്ന നേട്ടവും ബിയോൺസേക്കാണ്. പതിനൊന്ന് നോമിനേഷനുകളാണ് ഇത്തവണ ബിയോൺസേയുടെ പേരിലുള്ളത്. 33 ഗ്രാമി പുരസ്‌കാരങ്ങളാണ് ബിയോൺസേ ഇതുവരെ നേടിയിട്ടുള്ളത്.
6 നാമനിർദേശങ്ങളോടെ ടെയ്‌ലർ സ്വിഫ്റ്റ് രണ്ടാമതെത്തി. ലോസ് ഏഞ്ചൽസിലാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകൾ നടക്കുന്നത്. കാട്ടുതീയിൽ ദുരിതം അനുഭവിക്കുന്ന ജനതയെ സ്മരിച്ചു കൊണ്ടാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകൾ ആരംഭിച്ചത്. ഹാസ്യതാരവും എഴുത്തുകാരനും നടനും അവതാരകനുമായ ട്രെവർ നോവ ആണ് പ്രഖ്യാപനം നടത്തുന്നത്. 94 വിഭാഗങ്ങളിലേക്കാണ് മത്സരം നടന്നത്. പതിവുപോലെ സംഗീതവിജയങ്ങൾ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഈ വർഷത്തെ ഗ്രാമി.
ലോസ് ഏഞ്ചൽസിലെ കാട്ടുതീയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി പണം സ്വരൂപിക്കാനും ദുരിതത്തിൽ അകപ്പെട്ട സംഗീതകലാകാരന്മാർക്കു മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കാനും വേണ്ടിയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി റെക്കോർഡിങ് അക്കാദമി ഇതിനകം 3.2 മില്യൻ ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
പുരസ്കാര നേട്ടം ഇങ്ങനെ
മികച്ച റാപ് ആൽബം: അലിഗേറ്റർ ബൈറ്റ്സ് നെവർ ഹീൽ
മികച്ച കൺട്രി ആൽബം: ബിയോൺസി (കൗബോയ് കാർട്ടർ)
മികച്ച ഡാൻസ്/ ഇലക്ട്രോണിക് റെക്കോർഡിങ്: ചാർളി XCX (ബ്രാറ്റ്)
മികച്ച ഡാൻസ് പോപ് റെക്കോർഡിങ്: ചാർളി XCX (വോൺ ഡച്ച്)
മികച്ച റോക്ക് ആൽബം: ദ് റോളിങ് സ്റ്റോൺസ് (ഹാക്ക്നി ഡയമണ്ട്സ്)
മികച്ച ക്ലാസിക്കൽ സോളോ വോക്കൽ ആൽബം: ക്യാരിൻ സ്ലാക്ക്
മികച്ച കൺട്രി സോങ്: ദ് ആർക്കിടെക്ട് (കെയ്സി മസ്ഗ്രേവ്സ്)
ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ്: ചാപ്പൽ റോൺ
മികച്ച കൺട്രി സോളോ പെർഫോമൻസ്: ക്രിസ് സ്റ്റാപ്‌ലിറ്റൻ (ഇറ്റ് ടേക്ക്സ് എ വുമൻ)
സോങ് റൈറ്റർ ഓഫ് ദ് ഇയർ: എയ്മി എലൻ
മികച്ച ആർ&ബി പെർഫോമൻസ്: മുനി ലോങ് (മെയ്ഡ് ഫോർ മി)
പ്രൊഡ്യൂസർ ഓഫ് ദ് ഇയർ, നോൺ ക്ലാസിക്കൽ: ഡാനിയൽ നിഗ്രോ
മികച്ച ട്രെഡീഷനൽ പോപ് വോക്കൽ ആൽബം: നോറാ ജോൻസ്
മികച്ച ആഫ്രിക്കൻ മ്യൂസിക് പെർഫോമൻസ്: ടെംസ് (ലവ് മി ജെജെ)
മികച്ച ജാസ് വോക്കൽ ആൽബം: സമാര ജോയ് (ജോയ്ഫുൾ ഹോളിഡേ)
മികച്ച ലാറ്റിൻ പോപ് ആൽബം: ലാസ് മുജെരെസ് യാ നോ ലോറാൻ (ഷക്കീറ)
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക