
വിഷ്ണു മഞ്ചു നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കണ്ണപ്പ. 140 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. ഒരു ശിവ ഭക്തന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 25 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ അണിയറപ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു.
പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ വിഷ്ണു നടൻമാരായ മോഹൻലാലിനെയും പ്രഭാസിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രഭാസോ മോഹൻലാലോ തങ്ങളുടെ വേഷങ്ങൾക്ക് ഇതുവരെ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് വിഷ്ണു പറഞ്ഞു.
"ലാൽ സാറിന്റെ കോസ്റ്റ്യൂം ഞങ്ങൾ സ്കെച്ച് ചെയ്ത് അയച്ചു. അത് കഴിഞ്ഞ് അദ്ദേഹമാണ് അതൊക്കെ ഇംപ്രവൈസ് ചെയ്തത്. ഇന്ന് ഈ ദിവസം വരെ അദ്ദേഹം ഒരു രൂപ പോലും വാങ്ങിയിട്ടില്ല. എന്റെ അച്ഛനോടുള്ള സ്നേഹവും സൗഹൃദവും കൊണ്ടാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തത്. ന്യൂസിലാൻഡിൽ ഷൂട്ടിങ് ഉണ്ടെന്ന കാര്യം പറഞ്ഞപ്പോൾ എപ്പോഴാണ് ഞാൻ അവിടെ വരേണ്ടത്, എന്റെ ടിക്കറ്റ് ഞാൻ എടുത്തുകൊള്ളാം എന്ന് വരെ അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാൽ ഈ സിനിമ ചെയ്യേണ്ട ഒരാവശ്യവും ഇല്ല. എന്റെ സഹോദരൻ പ്രഭാസിന്റെ കാര്യത്തിലും അത് തന്നെയാണ് പറയാനുള്ളത്. പ്രഭാസ് വളരെ സൗമ്യനും സ്വീറ്റുമാണ്. ഈ പ്രൊജക്ടിനായി എനിക്ക് അദ്ദേഹത്തിന് കൂടുതൽ വിശദീകരണങ്ങളൊന്നും നൽകേണ്ടി വന്നില്ല. ഞാൻ ഈ സിനിമയുടെ ഐഡിയ പറഞ്ഞപ്പോൾ അദ്ദേഹം വളരെ സന്തോഷത്തോടെ സമ്മതിച്ചു. അദ്ദേഹത്തിന് വേണമെങ്കിൽ ഈ കഥാപാത്രം വേണ്ടെന്ന് വയ്ക്കാമായിരുന്നു.
അല്ലെങ്കിൽ ഈ സിനിമ നിരസിക്കാമായിരുന്നു. പക്ഷേ അദ്ദേഹം അങ്ങനെ ചെയ്തില്ല. എന്റെ അച്ഛനുമായുള്ള സൗഹൃദത്തിന് അദ്ദേഹം വില കല്പിച്ചു".- വിഷ്ണു മഞ്ചു പറഞ്ഞു. കിരാത എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാലെത്തുന്നത്. രുദ്ര എന്ന കഥാപാത്രമായി പ്രഭാസും ചിത്രത്തിലെത്തുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.
ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. നടനും നിർമാതാവുമായ മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എവിഎ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക