
കൊച്ചി: സിനിമാ സംഘടനയുടെ ആവശ്യത്തിന് വഴങ്ങി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമാ നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി സുരേഷ് കുമാറിനെതിരായ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു. ഫിലിം ചേംബറിന്റെ നോട്ടീസിന് പിന്നാലെയാണ് ആന്റണിയുടെ പിന്മാറ്റം.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാവായ സുരേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍, സിനിമാതാരങ്ങളുടെ പ്രതിഫലം കുറയ്ക്കല്‍, സിനിമാ സമരം തുടങ്ങിയ വിഷയങ്ങളില്‍ സംഘടനയുടെ നിലപാട് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷ് കുമാറിനെ വിമര്‍ശിച്ച് ആന്റണി പെരുമ്പാവൂര്‍ ദീര്‍ഘമായ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്.
സിനിമാ സമരമടക്കമുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നു. താൻ നിർമിക്കുന്ന പുതിയ ചിത്രമായ 'എമ്പുരാന്റെ' ബജറ്റ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയതാണ് ആന്റണിയെ പ്രകോപിപ്പിച്ചത്.
ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് നടന്‍മാരായ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പോസ്റ്റ് ഏഴു ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്നും, രേഖാമൂലം സംഘടനയ്ക്ക് വിശദീകരണം നല്‍കണമെന്നും ഫിലിം ചേംബര്‍ ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയത്.
ഇന്നലെ ഫിലിം ചേംബര്‍, ഫിയോക് , നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ ഓണ്‍ലൈനായി ആന്റണി പെരുമ്പാവൂരും ജി സുരേഷ്‌കുമാറുമായി സംസാരിച്ചു. ഇതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമിടയിലെ തര്‍ക്കത്തില്‍ മഞ്ഞുരുകിയത്. എമ്പുരാനുമായി ബന്ധപ്പെട്ട് സുരേഷ് കുമാര്‍ നടത്തിയ പ്രസ്താവനകളും കണക്കുകളും തന്നെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടേണ്ടി വന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
എന്നാല്‍ താരങ്ങളുടെ പ്രതിഫലക്കാര്യത്തില്‍ അടക്കം താന്‍ പറഞ്ഞത് സംഘടനയുടെ നിലപാട് ആണെന്നായിരുന്നു സുരേഷ് കുമാര്‍ വിശദീകരിച്ചത്. സമരപ്രഖ്യാപനം സംയുക്ത യോഗത്തിലെടുത്ത തീരുമാനമാണ്. അത് പരസ്യമായി പറയുക മാത്രമാണ് ചെയ്തത്. സംഘടനയുടെ തീരുമാനങ്ങള്‍ പരസ്യമായി ചോദ്യം ചെയ്യുകയും, അത് മോഹന്‍ലാല്‍ അടക്കുമുള്ള താരങ്ങള്‍ ഷെയര്‍ ചെയ്തതും നല്ല കീഴ് വഴക്കമല്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. തുടര്‍ന്ന് വിഷയത്തില്‍ രമ്യതപ്പെടണമെന്ന് നേതാക്കള്‍ നിര്‍ദേശിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക