മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുഗു ഭാഷകളിലായി ഒട്ടേറെ സിനിമകൾ തിയറ്ററുകളിലെത്തിയ മാസമായിരുന്നു ഫെബ്രുവരി. ചെറിയ ചിത്രങ്ങളും ബിഗ് ബജറ്റ് ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തിയറ്ററിലെത്തിയ ചിത്രങ്ങളും ഡയറക്ട് ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളും ഈ ആഴ്ച പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. ഫെബ്രുവരി അവസാന ദിവസങ്ങളിലും മാർച്ച് ആദ്യ വാരവും ഒടിടിയിലൂടെ നിങ്ങളുടെ മുന്നിലേക്കെത്തുന്ന ചിത്രങ്ങളിലൂടെ.
അജിത്തിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത സിനിമയാണ് വിടാമുയർച്ചി. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയറ്ററിലെത്തിയത്. എന്നാൽ തിയറ്ററുകളിൽ ചിത്രം തണുപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന് പിന്നാലെ ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.
മാർച്ച് മൂന്ന് മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യാനൊരുങ്ങുന്നത്. മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി.
രാജശേഖർ, പാണ്ടിയമ്മാൾ, എം ആർ കെ വീര എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് സാച്ചി പെരുമാൾ. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന ചിത്രം വി പി വിനു ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രത്തിന് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ടെന്റ് കോട്ട എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാനാകും. കഴിഞ്ഞ വർഷം റിലീസായ ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങിയിരുന്നു.
ജയ് ഭീമിലെ ശക്തമായ പ്രകടനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ നായകനായെത്തിയ ചിത്രമാണ് കുടുംബസ്ഥൻ. ബോക്സോഫീസിലും ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഫെബ്രുവരി 28 ന് ചിത്രം സീ 5 ലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. രാജേശ്വർ കാളിസാമി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വെങ്കടേഷ് നായകനായെത്തിയ ചിത്രമാണ് സംക്രാന്തികി വാസ്തുനം. ഒരേ ദിവസം തന്നെ ഒടിടിയിലും ടിവിയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ചിത്രമിപ്പോൾ. അനിൽ രവിപുടി സംവിധാനം ചെയ്ത മാർച്ച് 1 ന് സീ 5 തെലുങ്ക് പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് തുടങ്ങും. അതേദിവസം വൈകുന്നേരം 6 മണിക്ക് സീ ടിവിയിലും ചിത്രമെത്തും. ചിത്രം തിയറ്ററുകളിലും വിജയമായി മാറിയിരുന്നു.
അഞ്ച് വീട്ടമ്മമാരുടെ കഥ പറയുന്ന വെബ് സീരിസാണ് ഡബ്ബ കാർട്ടൽ. ഷബാന ആസ്മി, ജ്യോതിക, ശാലിനി പാണ്ഡെ, ഷിബാനി അക്തർ, നിമിഷ സജയൻ, വിഷ്ണു മേനോൻ തുടങ്ങി നിരവധി പേരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഈ മാസം 28 ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് തുടങ്ങും.
നീരജ് മാധവ്, ഗൗരി കിഷൻ, അജു വർഗീസ് എന്നിവർ പ്രധാന വേഷത്തിലെത്തിയ വെബ് സീരിസാണ് ലവ് അണ്ടർ കൺസട്രക്ഷൻ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ 28 മുതൽ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. വിഷ്ണു ജി രാഘവ് ആണ് സംവിധാനം ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക