
സമീപകാലത്ത് പുറത്തിറങ്ങിയ മലയാളത്തിലെ ഹിറ്റ് സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവം ഏറെ ചർച്ചയായി മാറിയിരുന്നു. മലയാള സിനിമയില്‍ സ്ത്രീകള്‍ എവിടെ എന്ന ചോദ്യവുമായി സംവിധായിക അഞ്ജലി മേനോന്‍ രംഗത്തെത്തിയതോടെയാണ് ഈ ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി അന്ന ബെൻ. മലയാളത്തിലിപ്പോൾ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ കുറവാണെന്ന് അന്ന പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അന്ന.
"തിരിഞ്ഞുനോക്കുകയാണെങ്കിൽ നമുക്ക് നിരവധി മികച്ച സ്ത്രീ കഥാപാത്രങ്ങളുണ്ടായിരുന്നു. ഉർവശി ചേച്ചിയെ പോലുള്ള അഭിനേതാക്കൾ ചെയ്ത വേഷങ്ങൾ അവിശ്വസനീയമായിരുന്നു. പക്ഷേ എവിടെയോ അതിലൊരു മാറ്റമുണ്ടായി. റിസ്ക്കെടുക്കാൻ ഇപ്പോൾ ആളുകൾ തയ്യാറല്ല. അതിന് കാരണമെന്താണെന്ന് എനിക്കറിയില്ല. പക്ഷേ കൂടുതൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ എഴുതപ്പെടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. സിനിമയിൽ കണ്ടിട്ടുള്ളതിനേക്കാൾ രസകരമായ സ്ത്രീകളെ ഞാൻ യഥാർഥ ജീവിതത്തിൽ കണ്ടിട്ടുണ്ട്.
എന്നുവച്ച് സ്ത്രീ കേന്ദ്രീകൃത കഥകൾ നമുക്ക് ഇല്ല എന്നല്ല, സ്ത്രീകളുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും മനസിലാക്കുന്ന എഴുത്തുകാരെ നമുക്ക് ആവശ്യമുണ്ട്. പോരാട്ടത്തിന്റെയോ വേദനയുടെയോ ആഘാതത്തിന്റെയോ നിരന്തരമായ ചിത്രീകരണങ്ങൾ നമുക്ക് ആവശ്യമില്ല. കാരണം ഈ യാഥാർഥ്യങ്ങളെക്കുറിച്ച് നമുക്കറിയാം, നമ്മൾ ദിവസവും ഇതേക്കുറിച്ച് കേൾക്കുന്നതാണ്. എന്നാൽ സിനിമകളിൽ കാണിക്കാത്ത, അല്ലെങ്കിൽ കണ്ടെത്താത്ത നിരവധി മാനങ്ങൾ സ്ത്രീകൾക്കുണ്ട്.
മുൻ തലമുറകളെ അപേക്ഷിച്ച് ഇന്നത്തെ പെൺകുട്ടികൾക്ക് ജീവിതത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. ഒരു യുവതിയെക്കുറിച്ചുള്ള ഒരു പുതുമയുള്ള കഥ നമ്മൾ അവസാനമായി കണ്ടത് എപ്പോഴാണ്?"- അന്ന ചോദിച്ചു. മലയാളവും മറ്റ് ഇൻഡസ്ട്രികളും തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ചും അന്ന സംസാരിച്ചു. "സാംസ്കാരികപരമായി ഒരുപാട് വ്യത്യാസങ്ങളുണ്ട്. മലയാള സിനിമയിൽ, പരിചയം ഒരു വലിയ ഘടകമാണ്.
ഞാൻ കണ്ടു വളർന്ന ആളുകളോടൊപ്പമാണ് ഞാൻ പ്രവർത്തിക്കുന്നത്, അതുകൊണ്ട് തന്നെ അത് വളരെ കംഫർട്ട് ആണ്. കുറേക്കാലമായി എനിക്കറിയാവുന്ന നിർമാതാക്കളുമൊക്കെയാണ്. പക്ഷേ, ഞാൻ തമിഴിലും തെലുങ്കിലും വർക്ക് ചെയ്യുമ്പോൾ, അവിടം കുറച്ചു കൂടി പ്രൊഫഷണലാണ്. മലയാള സിനിമ പ്രൊഫഷണലല്ല എന്നല്ല, പക്ഷേ ഇവിടെ പരിചയങ്ങളാണ് കൂടുതൽ.
തമിഴ്, തെലുങ്ക് ഇൻഡസ്ട്രികൾ വ്യത്യസ്ത സ്കെയിലുകളിലാണ് പ്രവർത്തിക്കുന്നത്, പ്രത്യേകിച്ച് തെലുങ്ക്, ബിഗ് ബജറ്റ് ആണ്. ഒരു തെലുങ്ക് സിനിമയുടെ ഒരു ദിവസത്തെ നിർമാണച്ചെലവ് ഒരു മലയാള സിനിമയുടെ മുഴുവൻ ബജറ്റ് ചേർന്നതാണ്. സമീപനം വളരെ വ്യത്യസ്തമാണ്, സാംസ്കാരിക ഘടകങ്ങൾ കാരണം അത് അവർക്ക് മികച്ച രീതിയിൽ ചെയ്യാൻ കഴിയുന്നു. ഒരു തരത്തിൽ പൊരുത്തപ്പെടൽ കൂടിയാണിത്.
കഥ കേൾക്കുമ്പോൾ പോലും, ഒരു മലയാളം കഥയെ സമീപിക്കുന്നതുപോലെ ഒരു തെലുങ്ക് അല്ലെങ്കിൽ തമിഴ് കഥയെ സമീപിക്കാൻ എനിക്ക് കഴിയില്ല. അവരുടെ ഇൻഡസ്ട്രി, അവിടുത്തെ പ്രേക്ഷകർ തുടങ്ങിയവയെല്ലാം ഞാൻ മനസിലാക്കണം. അതൊരു നിർണായക ഘടകമാണ്".- അന്ന പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക