അജിത്തിന്റേതായി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു വിടാമുയർച്ചി. ഇപ്പോഴിതാ വിടാമുയര്‍ച്ചിയുടെ റിലീസ് മാറ്റിയതായി അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്. പുതുവത്സരാശംസകള്‍ നേര്‍ന്നതിന് ഒപ്പമാണ് ചിത്രത്തിന്റെ റിലീസ് മാറ്റുന്ന വിവരവും നിര്‍മാതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
2023 ജനുവരിയില്‍ റിലീസായ തുനിവ് ആണ് അജിത്തിന്റേതായി തിയറ്ററുകളിലെത്തിയ അവസാന ചിത്രം. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയായിരുന്നു വിടാമുയര്‍ച്ചിയുടെ റിലീസിനായി ആരാധകര്‍ കാത്തിരുന്നത്. പ്രഖ്യാപനത്തിന് ശേഷം പലപ്പോഴും ചിത്രത്തെ കുറിച്ച് അപ്‌ഡേറ്റുകളൊന്നും വരാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു.
എന്നാല്‍ പിന്നീട് വിടാമുയര്‍ച്ചിയുടെ പോസ്റ്ററുകളും ടീസറും അടുത്തിടെ ഗാനവും പുറത്തുവരികയും ട്രെന്‍ഡിങ്ങില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. പൊങ്കല്‍ റിലീസായി ജനുവരിയില്‍ ചിത്രമെത്തുമെന്നും ഔദ്യോഗികമായി നിര്‍മാതാക്കള്‍ അറിയിക്കുക കൂടി ചെയ്തതോടെ ആരാധകര്‍ വീണ്ടും ഇരട്ടി ആവേശത്തിലായി. നിര്‍മാതാക്കള്‍ റിലീസ് മാറ്റുകയാണെന്ന് അറിയിച്ചതോടെ നിരവധി പേര്‍ പോസ്റ്റിന് താഴെ നിരാശ പങ്കുവെക്കുന്നുണ്ട്. ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാല്‍ റിലീസ് മാറ്റിവെക്കുകയാണ് എന്ന് മാത്രമാണ് ലൈക്ക അറിയിച്ചിരിക്കുന്നത്.
എന്നാൽ ലൈക്കയുടെ ഈ പോസ്റ്റിന് താഴെ ആരാധകരുടെ നീണ്ട കമന്റുകളാണ്. 'ഏറ്റവും മോശം പ്രൊഡക്ഷനാണ് ലൈക്കയെന്നും തങ്ങളുടെ വികാരം വച്ച് കളിക്കരുതെ'ന്നുമാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. 'ലൈക്ക ആയതു കൊണ്ട് ഇത് ഊഹിച്ചിരുന്നു', 'വിജയ്‌യുടെ സിനിമയാണെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമായിരുന്നോ?' - എന്നൊക്കെ കമന്റ് ചെയ്യുന്നവരും കുറവല്ല.
അതേസമയം ചിത്രത്തിന്റെ ടീസര്‍ റിലീസിന് പിന്നാലെ വിടാമുയര്‍ച്ചിക്കെതിരെ പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹോളിവുഡ് ചിത്രം ബ്രേക്ഡൗണുമായി വിടാമുയര്‍ച്ചി ടീസറിനുള്ള സാമ്യതകളെ തുടര്‍ന്നായിരുന്നു ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ലൈക്ക പ്രൊഡക്ഷന്‍സിനെതിരെ പാരാമൗണ്ട് പിക്ചേഴ്സ് 150 കോടിയുടെ നോട്ടിസ് അയച്ചെന്നായിരുന്നു അഭ്യൂഹങ്ങള്‍ വന്നത്. ഇത് കാരണമാകാം ചിത്രത്തിന്റെ റിലീസ് നീട്ടിയതെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നോട്ടിസൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു ലൈക്കയുടെ പ്രതികരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക