തിയറ്ററിൽ നിറസദസ്സിൽ പ്രദർശനം തുടരുന്ന മാർക്കോയുടെ എച്ച്ഡി പതിപ്പ് ലീക്കായതിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. വ്യാജ പതിപ്പ് പ്രചരിക്കുന്നതിൽ തങ്ങൾ നിസ്സഹായരാണ് എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇത് തടയാൻ പ്രേക്ഷകർ സഹായിക്കണം എന്നും താരം അഭ്യർത്ഥിച്ചു.
‘ദയവായി സിനിമകളുടെ വ്യാജ പതിപ്പുകള്‍ കാണാതിരിക്കൂ. ഞങ്ങള്‍ നിസ്സഹായരാണ്. എനിക്ക് നിസ്സഹായത തോന്നുന്നു. നിങ്ങള്‍ക്ക് മാത്രമാണ് ഇത് തടയാനാവുക. ഓണ്‍ലൈനില്‍ എത്തുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യാതിരിക്കുന്നതിലൂടെ. ഇതൊരു അപേക്ഷയാണ്’- ഉണ്ണി മുകുന്ദൻ കുറിച്ചു. പൃഥ്വിരാജ്, ബേസിൽ ജോസഫ് ഉൾപ്പടെയുള്ളവർ ഉണ്ണി മുകുന്ദന്റെ കുറിപ്പ് പങ്കുവച്ച് മാർക്കോ ടീമിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സിനിമയുടെ ഹിന്ദി ഡബ്ബ്ഡ് വേർഷന്റെ എച്ച്ഡി പതിപ്പാണ് ഓൺലൈനിലൂടെ പുറത്തുവന്നത്. ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ സിനിമയുടെ വിവിധ രംഗങ്ങൾ പ്രചരിക്കുന്നുണ്ട്. അതിനിടെ അന്യ ഭാഷകളിലടക്കം ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹിന്ദിയ്ക്ക് പുറമേ തെലുങ്ക് പതിപ്പും റിലീസ് ചെയ്തു. മുന്നൂറ് തിയറ്ററുകളിലാണ് തെലുങ്ക് പതിപ്പ് റിലീസിനെത്തിയത് ആന്ധ്രയിലും തെലങ്കാനയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ ദിനം ലഭിച്ചത്. ചിത്രത്തിന്‍റെ തമിഴ് പതിപ്പ് നാളെ തിയറ്ററുകളില്‍ എത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക