ആഷിഖ് അബു ചിത്രം റൈഫിൾ ക്ലബിലൂടെ മലയാളത്തിലും മികച്ചൊരു എൻട്രി നടത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. നടൻ മമ്മൂട്ടിയെക്കുറിച്ചും അദ്ദേഹം തിരഞ്ഞെടുക്കുന്ന സിനിമകളേക്കുറിച്ചും പലപ്പോഴും വാചാലനാകാറുണ്ട് അനുരാഗ് കശ്യപ്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചും മലയാള സിനിമയെക്കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
താരങ്ങളും അവരുടെ ആരാധകവൃന്ദവും മലയാള സിനിമയെ യാതൊരു വിധത്തിലും ബാധിക്കാറില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനുരാഗ് ഇക്കാര്യം പറഞ്ഞത്. "മമ്മൂട്ടി ചെയ്യുന്ന സിനിമകൾ നോക്കൂ, എത്ര ബോളിവുഡ് നടൻമാർ ചെയ്യും അതൊക്കെ? അദ്ദേഹം ചെയ്യുന്ന സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്.
അത് അങ്ങനെയാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. ആരാധകരും അദ്ദേഹത്തെ പിന്തുണക്കുന്നുണ്ട്. അതേസമയം ബോളിവുഡിൽ അങ്ങനെയല്ല. ബോളിവുഡിൽ ഓരോ താരങ്ങളും അവരുടെ ആരാധകരെക്കുറിച്ച് വളരെയധികം കണ്‍സേണാണ്. അതിനാൽ തന്നെ വ്യത്യസ്തമായ എന്തെങ്കിലും കഥ ചെയ്യുന്നതിന് മുന്നേ താരങ്ങളുടെ ഏജൻസികൾ കഥ പരിശോധിക്കും. കഥയുടെ മൂല്യത്തെക്കുറിച്ച് അവർ ബോധവാന്മാരല്ല, മറിച്ച് താരങ്ങളുടെ വാല്യൂ കുറയാതെ നോക്കുക എന്നതാണ് അവർ ചെയ്യുന്നത്".- അനുരാഗ് കശ്യപ് പറഞ്ഞു.
"ബോളിവുഡിലെ ഏതെങ്കിലും ഒരു സൂപ്പർതാരത്തിന്റെ അടുത്തേക്ക് ഏതെങ്കിലും കഥയുമായി ചെല്ലുമ്പോള്‍ ഈ ഏജന്‍സിയാണ് അത് ആദ്യം വായിക്കുക. ഓരോ സീനും വര്‍ക്കാകുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് അവരാണ്. എന്നാല്‍ മലയാള സിനിമയിൽ അങ്ങനെയല്ല. ഫാന്‍ ബേസും സ്റ്റാര്‍ സിസ്റ്റവും ഇവിടെയും ഉണ്ട്. എന്നാൽ അതൊന്നും സിനിമയുടെ ഉള്ളിലേക്ക് വരുന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഇന്നും നിറഞ്ഞുനില്‍ക്കുന്നതിന്റെ കാരണവും അത് തന്നെയാണ്".- അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക