'വലിയ പരിഹാസവും ട്രോളുകളും, ഒരാഴ്ചയോളം ഡിപ്രഷനിലായി'; ​ഗോട്ടിന് ശേഷമുണ്ടായ അനുഭവം പറഞ്ഞ് മീനാക്ഷി

പ്രധാനമായും ഒരു പാട്ടിന് വേണ്ടിയാണ് എന്നെ ഉപയോഗിച്ചത്. അതിനാല്‍ തന്നെ വലിയ വിമര്‍ശനമുണ്ടായി.
Meenaakshi Chaudhary
മീനാക്ഷി ചൗധരി ഇൻസ്റ്റ​ഗ്രാം
Updated on

വിജയ് ഇരട്ട വേഷത്തിലെത്തി വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രമാണ് ദ് ​ഗോട്ട്. ചിത്രത്തിൽ വിജയ് അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങൾക്കും നായികമാരുണ്ടായിരുന്നു. ഇതിൽ ജീവനെന്ന വിജയ്‌യുടെ കഥാപാത്രത്തിന്റെ നായികയായെത്തിയത് നടി മീനാക്ഷി ചൗധരി ആണ്. എന്നാൽ ചിത്രം റിലീസായതിന് പിന്നാലെ താൻ വിഷാദാവസ്ഥയിലൂടെ കടന്നു പോയെന്ന് പറയുകയാണിപ്പോൾ മീനാക്ഷി. അടുത്തിടെ നൽകിയ ഒരഭിമുഖത്തിലായിരുന്നു മീനാക്ഷി ഇക്കാര്യം പറഞ്ഞത്.

ഗോട്ടിന്റെ റിലീസിനു ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്ക് ഒരുപാട് ട്രോളുകൾ വന്നുവെന്ന് താരം പറഞ്ഞു. ഇത്തരം ട്രോളുകളും നെഗറ്റീവ് കമന്റുകളും തനിക്കേറെ മാനസികാഘാതമുണ്ടാക്കിയെന്നും ഒരാഴ്ചയോളം കടുത്ത ഡിപ്രഷനിലേക്ക് പോയിയെന്നും മീനാക്ഷി പറയുന്നു. പിന്നീട് ലക്കി ഭാസ്‌കറില്‍ ചെയ്ത വേഷം ഏറെ പ്രശംസ നേടി തന്നുവെന്നും നല്ല സിനിമകള്‍ ചെയ്തു മുന്നോട്ട് പോകണമെന്ന തിരിച്ചറിവുണ്ടാകുന്നത് അപ്പോഴാണെന്നും മീനാക്ഷി പറഞ്ഞു.

"ഗോട്ട് സിനിമയില്‍ എന്റെ സീനുകള്‍ വളരെ കുറവായിരുന്നു. പ്രധാനമായും ഒരു പാട്ടിന് വേണ്ടിയാണ് എന്നെ ഉപയോഗിച്ചത്. അതിനാല്‍ തന്നെ വലിയ വിമര്‍ശനമുണ്ടായി. എനിക്കെതിരെ നിരന്തരമായി ട്രോളുകള്‍ വന്നു. ഒരാഴ്ചയോളം വലിയ മാനസിക സമ്മര്‍ദ്ദത്തിലായി. ഒരു പ്രാധാന്യവുമില്ലാത്ത സിനിമയില്‍ അഭിനയിക്കരുതെന്ന് മനസിലായി".- മീനാക്ഷി പറഞ്ഞു.

വിജയ്ക്കൊപ്പമുള്ള മീനാക്ഷിയുടെ സ്പാർക്ക് എന്ന ഡാൻസും ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. സംക്രാന്തി വസ്തുനം എന്ന തെലുങ്ക് ചിത്രമാണ് മീനാക്ഷിയുടേതായി ഇനി പുറത്തുവരാനുള്ളത്. വെങ്കടേഷ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. പൊങ്കൽ റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com