'ദിവസം റീടേക്കുകൾ കൊണ്ട് നിറയട്ടെ'; പ്രിയദർശന് പിറന്നാൾ ആശംസകളുമായി അക്ഷയ് കുമാർ

അടുത്ത വർഷം ഏപ്രിൽ‌ 2 ന് ചിത്രം തിയറ്ററുകളിലെത്തും.
Akshay Kumar, Priyadarshan
പ്രിയദർശനും അക്ഷയ് കുമാറുംഇൻസ്റ്റ​ഗ്രാം
Updated on

സംവിധായകൻ പ്രിയദർശന്റെ 68-ാം പിറന്നാൾ ആണിന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയദർശന് പിറന്നാൾ ആശംസകൾ നേരുന്നത്. മലയാളികൾക്ക് എക്കാലവും ഓർത്തുവയ്ക്കാൻ നിരവധി സിനിമകളാണ് അദ്ദേഹം ഒരുക്കിയത്. പ്രിയദർശൻ സിനിമകൾക്ക് തന്നെ ഒരു പ്രത്യേക ആരാധക നിരയുണ്ട് മലയാളികൾക്കിടയിൽ. അദ്ദേഹത്തിന്റെ സിനിമകളിലെ കോമഡി രം​ഗങ്ങളും ഫ്രെയിമുകളുമെല്ലാം സിനിമാ പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്.

1980 കളിലും 1990 കളിലും നിരവധി സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം മലയാളം കൂടാതെ ബോളിവുഡിലും, കോളിവുഡിലും നിരവധി സിനിമകളൊരുക്കി. ബോളിവുഡിൽ കൂടുതലും റീമേക്കുകൾ ഒരുക്കിയാണ് പ്രിയദർശൻ തിളങ്ങിയത്. കിലുക്കത്തിന്റെ റീമേക്കായ മുസ്‌കുരാത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. എന്നാൽ ഈ ചിത്രത്തിന് ബോളിവുഡ് പ്രതീക്ഷിച്ചത്ര വിജയം സമ്മാനിച്ചില്ല.

തുടർന്ന് അദ്ദേഹം 1989ൽ പുറത്തിറങ്ങിയ 'കിരീടം' എന്ന മലയാള ചിത്രത്തിന്റെ റീമേക്കായി ഒരുക്കിയ 'ഗർദ്ദിഷ്' ബോളിവുഡ് ലോകം ഏറ്റെടുത്തു. കമൽ ഹാസൻ നായകനായ 'തേവർ മകൻ' എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായ 'വിരാസത്' ആണ് പ്രിയദർശനെ ഹിന്ദിയിലെ പ്രഗത്ഭരായ സംവിധായകരുടെ നിരയിലേക്ക് ഉയർത്തിയത്. ഭൂത് ബംഗ്ല എന്ന തന്റെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഇത്തവണ പ്രിയദർശന്റെ പിറന്നാൾ ആഘോഷം. അക്ഷയ് കുമാറാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

പ്രിയദർശനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അക്ഷയ് കുമാർ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. "ഹാപ്പി ബർത്ത് ഡേ പ്രിയൻ സാർ. പ്രേതങ്ങളാൽ ചുറ്റപ്പെട്ട, ഒരു പ്രേതബാധയുള്ള സെറ്റിൽ ആഘോഷിക്കുന്നതിനേക്കാൾ മികച്ചത് മറ്റെന്താണുള്ളത്. എന്റെ ഉപദേഷ്ടാവായി തുടരുന്നതിന് നന്ദി, കുഴപ്പങ്ങൾ ഒരു മാസ്റ്റർപീസ് പോലെ തോന്നിപ്പിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി. നിങ്ങളുടെ ദിവസം കുറേ റീടേക്കുകൾ കൊണ്ട് നിറയട്ടെ. മുൻപോട്ടുള്ള വർഷങ്ങൾ മികച്ചതാകട്ടെ" - എന്നാണ് അക്ഷയ് കുമാർ കുറിച്ചിരിക്കുന്നത്.

പ്രിയദർശൻ - അക്ഷയ് കുമാർ കൂട്ടുകെട്ടിൽ നിരവധി സിനിമകൾ പിറന്നിട്ടുണ്ട്. ഭൂത് ബം​ഗ്ലയുടെ നിർമാതാക്കളായ ബാലാജി മോഷൻ പിക്ചേഴ്സും പ്രിയദർശന് ആശംസകൾ നേർന്നിട്ടുണ്ട്. അക്ഷയ് കുമാറിനൊപ്പം പരേഷ് റാവൽ, രാജ്‌പാൽ, തബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അടുത്ത വർഷം ഏപ്രിൽ‌ 2 ന് ചിത്രം തിയറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com