
നസ്‌ലിൻ നായകനായെത്തിയ ആലപ്പുഴ ജിംഖാന (Alappuzha Gymkhana) ഒടിടിയിലേക്ക്. തിയറ്ററുകളിലും ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഈ മാസം 13 മുതൽ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാകും. ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആലപ്പുഴ ജിംഖാന.
വിഷു റിലീസായി ഏപ്രിൽ 10ന് ആണ് ചിത്രം തിയറ്ററുകളിലെത്തിയത്. ബോക്സിങ് പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. നസ്‌ലിൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആലപ്പുഴ ജിംഖാന ആഗോളതലത്തിൽ 70 കോടിയിലധികം രൂപയാണ് നേടിയത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്.
ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ