
അറ്റ്‌ലി- അല്ലു അർജുൻ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകർക്കിടയിൽ വൻ ചർച്ചയായി മാറിയിരുന്നു. അല്ലു അർജുന്റെ 43-ാം പിറന്നാളിനോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. പക്കാ ഹോളിവുഡ് ലെവലിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന ഓരോ അപ്‍ഡേറ്റുകളും സൂചിപ്പിക്കുന്നത്. AA22 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്.
ഇപ്പോഴിതാ ചിത്രത്തിലെ നായിക ആരാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. ബോളിവുഡ് നടി ദീപിക പദുക്കോൺ (Deepika Padukone) ആണ് ചിത്രത്തിൽ അല്ലു അർജുന്റെ നായികയായെത്തുക. ദീപികയെ സ്വാഗതം ചെയ്തു കൊണ്ടുള്ള വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
അറ്റ്‌ലി ദീപികയ്ക്ക് കഥ വിവരിക്കുന്നതും ത്രില്ലടിച്ച് ഇരിക്കുന്ന ദീപികയെയും വിഡിയോയിൽ കാണാം. വിഡിയോയുടെ അവസാനം ചിത്രീകരണത്തിന്റെ ഒരു ഭാഗം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പോരാളിയുടെ വേഷത്തിലാണ് ചിത്രത്തിൽ ദീപികയെത്തുന്നത് എന്നാണ് വിവരം.
സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ഇത് രണ്ടാം തവണയാണ് അറ്റ്‌ലി ചിത്രത്തിൽ ദീപിക അഭിനയിക്കുന്നത്. മുൻപ് അറ്റ്‌ലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ജവാനിൽ അതിഥി വേഷത്തിൽ ദീപിക അഭിനയിച്ചിരുന്നു. ഹോളിവുഡിലെ തന്നെ മികച്ച വിഎഫ്എക്സ് ടീം ആണ് ചിത്രത്തിൽ അണിനിരക്കുന്നത്.
നിരവധി മികച്ച ഹോളിവുഡ് സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. സായ് അഭയങ്കാർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. പുഷ്പ 2 ആണ് അല്ലു അർജുന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
സിങ്കം എഗ്യെൻ ആണ് ദീപികയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. അടുത്തിടെ പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്ന് ദീപിക പിന്മാറിയതും വാർത്തയായി മാറിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ