
കൊച്ചി: മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി നിര്‍മ്മാതാവ് സാന്ദ്ര തോമസ് (Sandra Thomas). തനിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് സാന്ദ്രയുടെ ആരോപണം. ഫെഫ്ക അംഗം റെനി ജോസഫ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നായിരുന്നു സാന്ദ്രയുടെ പരാതി.
മാര്‍ച്ച് മാസമാണ് സാന്ദ്ര പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് സാന്ദ്ര ആരോപിക്കുന്നത്. പാലാരിവട്ടം എസ്എച്ച്ഒയ്‌ക്കെതിരേയും സാന്ദ്ര പരാതി ഉന്നയിക്കുന്നുണ്ട്. പ്രതികള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ അവസരമുണ്ടാക്കി കൊടുത്തുവെന്നാണ് സാന്ദ്ര ആരോപിക്കുന്നത്.
അതിനാല്‍ എസ്എച്ച്ഒയടക്കമുള്ളവര്‍ക്കെതിരേയും നടപടി വേണമെന്ന് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ സാന്ദ്ര പറയുന്നുണ്ട്. തന്റെ പരാതി അന്വേഷിക്കാന്‍ പുതിയൊരു സംഘത്തെ നിയമിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നുണ്ട്.
ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഫെഫ്കയിലെ ചില അംഗങ്ങള്‍ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്നും സാന്ദ്ര ആരോപിക്കുന്നു. നേരത്തെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെക്കുറിച്ചുള്ള സാന്ദ്രയുടെ പ്രസ്താവന വിവാദമായി മാറിയിരുന്നു. ഇതോടെ സാന്ദ്രയ്‌ക്കെതിരെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ സംഘടന മാനനഷ്ടത്തിന് കേസ് നല്‍കി. 50 ലക്ഷം രൂപയായിരുന്നു മാനനഷ്ടമായി ആവശ്യപ്പെട്ടത്.
ഈ പരാതിയുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കവെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റെനി ജോസഫ്, സാന്ദ്രയ്‌ക്കെതിരെ വധഭീഷണി മുഴക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന റെനിയുടെ തന്നെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു. തുടര്‍ന്ന് റെനി ജോസഫിനെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ റെനിക്കെതിരായ നടപടി കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്നാണ് സാന്ദ്രയുടെ വാദം. ഭീഷണിയെക്കുറിച്ച് ഫെഫ്കയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും സാന്ദ്ര ചൂണ്ടിക്കാണിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ