
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെലുങ്കിലെ മുന്‍ നിര നായികയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍ (Anupama Parameswaran) . ഇപ്പോഴിതാ മലയാള സിനിമയില്‍ നിന്നും നേരിട്ട മോശം അനുഭവം പങ്കുവെക്കുകയാണ് അനുപമ. പുതിയ സിനിമയായ ജെഎസ്‌കെയുടെ ലോഞ്ച് പരിപാടിക്കിടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ഒരിടവേളയ്ക്ക് ശേഷം അനുപമ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ജെഎസ്‌കെ.
''ഒരുപാട് പേര്‍ എന്നെ മലയാളത്തില്‍ നിന്നും റിജക്ട് ചെയ്തിരുന്നു. ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങി. എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു.'' എന്നാണ് അനുപമ പറയുന്നത്. ട്രോളിക്കോളൂ, പക്ഷെ കൊല്ലരുത് എന്നും വിമര്‍ശകരോടായി അനുപമ പറയുന്നുണ്ട്. സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജെഎസ്‌കെ. അദ്ദേഹവും പരിപാടിയ്ക്ക് എത്തിയിരുന്നു.
അനുപമയുടെ പ്രസംഗത്തിന് പിന്നാലെ സംസാരിക്കാനെത്തിയ സുരേഷ് ഗോപി താരം പറഞ്ഞത് ശരിവെക്കുകയും നടി സിമ്രനുണ്ടായ അനുഭവം ചൂണ്ടിക്കാണിക്കുകയും ചെയ്തു. അനുപമ വലിയൊരു നടിയായി മാറുമെന്നും താരം ആശംസിച്ചു.
''ഇതാദ്യത്തെ സംഭവമല്ല അനുപമ. എനിക്ക് അറിയാവുന്ന സത്യമുണ്ട്. സിമ്രന്‍, മലയാളം ഒരുപാട് അവഹേളിച്ചു വിട്ട നായികയാണ്. പക്ഷെ പിന്നീട് സിമ്രന്റെ ഒരു സിനിമ മലയാളത്തില്‍ ഉണ്ടാകാന്‍ അവരുടെ പിന്നാലെ നടന്ന വമ്പന്‍ സംവിധായകരേയും എനിക്കറിയാം. അസിന്‍, നയന്‍താ ഇവരെല്ലാം പിന്നീട് ലോകം കാംക്ഷിക്കുന്ന, വിവിധ ഭാഷകളിലെ നായികമാരായി നല്ലതുപോലെ നിറഞ്ഞാടി. അത് തന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇത് കര്‍മ എന്ന് പറയും. അങ്ങനെ സംഭവിച്ചേ പറ്റുകയുള്ളൂ. അതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയുണ്ട്'' എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
നിവിന്‍ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ അരങ്ങേറുന്നത്. പിന്നീട് ജോമോന്റെ സുവിശേഷം,മണിയറയിലെ അശോകന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. എങ്കിലും അനുപമയെ തേടി കൂടുതല്‍ സിനിമകളെത്തിയത് തെലുങ്കില്‍ നിന്നായിരുന്നു. കുറുപ്പിലെ അതിഥി വേഷത്തിലാണ് അനുപമ ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചത്. താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഡ്രാഗണ്‍ ആണ്. പെറ്റ് ഡിറ്റക്ടീവാണ് മലയാളത്തില്‍ അനുപമയുടെ റിലീസ് കാത്തുനില്‍ക്കുന്ന മറ്റൊരു സിനിമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates