
മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലായിരുന്ന തമിഴ് നടന്‍ ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. താരം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി വൈദ്യ പരിശോധനയില്‍ കണ്ടെത്തി. നടന്റെ വീട്ടില്‍ നിന്നും മൂന്ന് പാക്കറ്റ് കൊക്കെയ്ന്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ മുന്‍ അണ്ണാ ഡിഎംകെ നേതാവില്‍ നിന്നും ശ്രീകാന്ത് 40 തവണയിലേറെ ലഹരിമരുന്ന് വാങ്ങിയതായും കണ്ടെത്തി.
നടനും മയക്കുമരുന്ന് വില്‍പ്പനക്കാരും തമ്മില്‍ നാലര ലക്ഷത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതും താരത്തിന് തിരിച്ചടിയായി. കഴിഞ്ഞ ദിവസമാണ് എഐഎഡിഎംകെയുടെ പ്രവര്‍ത്തകനായ പ്രസാദിനെ മറ്റൊരു കേസില്‍ പൊലീസ് പിടികൂടുന്നത്. തുടര്‍ന്നാണ് ഇയാള്‍ക്ക് മയക്കുമരുന്ന് വില്‍പ്പനയടക്കമുള്ള ഇടപാടുകളുണ്ടെന്ന് കണ്ടെത്തുന്നത്.
പ്രസാദ് ശ്രീകാന്തിന് മയക്കുമരുന്ന് നല്‍കിയതായി വെളിപ്പെടുത്തിയതോടെയാണ് നടനെതിരെ അന്വേഷണം നീങ്ങുന്നത്. പ്രസാദിന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്ന പ്രദീപ് എന്നെ ആളെയും പൊലീസ് പിടികൂടിയിരുന്നു. പ്രസാദ് വഴി ശ്രീകാന്ത് പ്രദീപിനേയും പരിചയപ്പെട്ടുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കിടയിലും ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം ഒരു ഗ്രാം കൊക്കെയ്ന്‍ 12000 രൂപയ്ക്കാണ് ശ്രീകാന്ത് വാങ്ങിയതെന്നാണ് പ്രസാദിന്റെ മൊഴി.തന്റെ പക്കല്‍ നിന്നും ശ്രീകാന്ത് 7.72 ലക്ഷം രൂപയുടെ കൊക്കെയ്ന്‍ പല തവണയായി വാങ്ങിയിട്ടുണ്ടെന്നാണ് പ്രസാദ് വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് താരത്തെ പൊലീസ് കഴിഞ്ഞ ദിവസം വിളിച്ചു വരുത്തിയതും ചോദ്യം ചെയ്തതും. ചോദ്യം ചെയ്യലില്‍ താരം കുറ്റം നിരസിച്ചുവെങ്കിലും തുടര്‍ന്ന് നടത്തിയ രക്തപരിശോധനയില്‍ താരം ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇതോടെയാണ് ശ്രീകാന്ത് കുടുങ്ങുന്നത്.
അതേസമയം ലഹരി ഇടപാടില്‍ ബന്ധമുണ്ടെന്ന് കരുതുന്ന നടന്‍ കൃഷ്ണയോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൃഷ്ണ ഇപ്പോള്‍ ചിത്രീകരണത്തിനായി കേരളത്തിലാണുള്ളത്. തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ശ്രീകാന്തിന്റെ അറസ്റ്റ്. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട് ശ്രീകാന്ത്.
Actor Srikanth arrested in drug case. according to reports he bought cocaine worth 7 lakhs from the dealer.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates