ചെന്നൈ: ഇനിമുതല്‍ തന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുതെന്ന് സിനിമാ താരം നയന്‍താര. ഇനി തന്നെ പേര് വിളിച്ചാല്‍ മാത്രം മതി. സ്ഥാനങ്ങളും അംഗീകാരങ്ങളും വിലമതിക്കാനാവാത്തതാണ്. എങ്കിലും അവ ചിലപ്പോള്‍ ജോലിയില്‍ നിന്നും പ്രേക്ഷകരുമായുള്ള നിരുപാധിക ബന്ധത്തില്‍ നിന്നും അകറ്റി നിര്‍ത്തി പ്രത്യേക ഇമേജ് സൃഷ്ടിക്കാന്‍ ഇടയാക്കിയേക്കുമെന്ന് ആശങ്കപ്പെടുന്നതായും നയന്‍താര എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'ഒരു നടി എന്ന നിലയില്‍ സന്തോഷവും വിജയവും നിറഞ്ഞ എന്റെ യാത്രയ്ക്ക് എല്ലാവരോടും നന്ദി പറയുന്നു. ഈ കുറിപ്പ് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും ഏറ്റവും മികച്ച അനുഭവം നല്‍കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. നിങ്ങളുടെ നിരുപാധികമായ സ്‌നേഹവും വാത്സല്യവും കൊണ്ട് അലങ്കാരമായി തീര്‍ന്ന ഒരു തുറന്ന പുസ്തകമാണ് എന്റെ ജീവിതം. എന്റെ വിജയത്തിനിടയില്‍ എന്റെ തോളില്‍ തലോടിയും കഷ്ടപ്പാടുകളില്‍ എന്നെ ഉയര്‍ത്താന്‍ കൈ നീട്ടിയും നിങ്ങള്‍ എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു.'- നയന്‍താര കുറിച്ചു.
'നിങ്ങളില്‍ പലരും എന്നെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിട്ടുണ്ട്, നിങ്ങളുടെ അതിയായ സ്‌നേഹത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു പദവിയാണ് ഇത്. ഇത്രയും വിലപ്പെട്ട ഒരു പദവി നല്‍കി എന്നെ കിരീടമണിയിച്ചതിന് ഞാന്‍ നിങ്ങളോട് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, നിങ്ങളെല്ലാവരും എന്നെ 'നയന്‍താര' എന്ന് വിളിക്കണമെന്ന് ഞാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു. കാരണം, ആ പേരാണ് എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നതെന്ന് എനിക്ക് തോന്നുന്നു. ഒരു താരം എന്ന നിലയില്‍ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും ഞാന്‍ ആരാണെന്ന് അത് പ്രതിനിധീകരിക്കുന്നു. എല്ലാ പരിധികള്‍ക്കും അപ്പുറം നമ്മെ ബന്ധിപ്പിക്കുന്ന സ്‌നേഹത്തിന്റെ ഭാഷയാണ് നമുക്കെല്ലാവര്‍ക്കും ഉള്ളതെന്ന് വിശ്വസിക്കുന്നു. ഭാവി നമുക്കെല്ലാവര്‍ക്കും പ്രവചനാതീതമായിരിക്കാം, പക്ഷേ നിങ്ങളുടെ മങ്ങാത്ത പിന്തുണയും നിങ്ങളെ രസിപ്പിക്കാനുള്ള എന്റെ കഠിനാധ്വാനവും എന്നെന്നും നിലനില്‍ക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. സിനിമയാണ് നമ്മളെ ഒന്നിപ്പിച്ചു നിര്‍ത്തുന്നത്, നമുക്ക് അത് ഒരുമിച്ച് ആഘോഷിക്കാം. സ്‌നേഹത്തോടെ, ബഹുമാനത്തോടെ, നന്ദിയോടെ,'- നയന്‍താര പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക