
ചെന്നൈ: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നു ഒരു സംഗീത സംവിധായകന്‍ ലണ്ടനില്‍ പാശ്ചാത്യ ക്ലാസിക്കല്‍ സിംഫണി അവതരിപ്പിച്ചു. ഇതിഹാസ സംഗീതജ്ഞന്‍ ഇളയരാജയ്ക്കാണ് ആ പെരുമ സ്വന്തമാക്കാന്‍ സാധിച്ചത്. ഞായറാഴ്ച രാത്രി ലണ്ടനിലെ ഇവന്റിം അപ്പോളോ തിയേറ്ററിലാണ് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ആദ്യത്തെ പാശ്ചാത്യ ക്ലാസിക്കല്‍ സിംഫണിയായ 'വാലിയന്റ്' അരങ്ങേറിയത്. റോയല്‍ ഫില്‍ഹാര്‍മോണിക്ക് ഓര്‍ക്കസ്ട്രയാണ് അദ്ദേഹത്തിനൊപ്പം സിംഫണിയില്‍ പങ്കാളികളായത്. അദ്ദേഹത്തിന്റെ ജനപ്രിയമായ ചില ഗാനങ്ങളുടെ അവതരണവും വേദിയില്‍ അരങ്ങേറി.
അമ്പരപ്പിക്കുന്ന ഏറ്റവും സവിശേഷമായ അവതരണമെന്നാണ് അദ്ദേഹം സിംഫണിയെ വിശേഷിപ്പിച്ചത്. ഇളയരാജയുടെ സംഗീത സപര്യയിലെ നിര്‍ണായക നാഴികക്കല്ലാണിത്. വാലിയന്റിന്റെ അരങ്ങേറ്റ സ്റ്റേജ് കൂടിയായിരുന്നു ലണ്ടന്‍ പരിപാടി.
ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നു ലണ്ടനില്‍ ഇത്തരമൊരു സംഗീത പരിപാടി അവതരിപ്പിക്കുന്ന ആദ്യ സംഗീതജ്ഞനായി ഇളയരാജ മാറി. പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിന്റെ ഘടകങ്ങള്‍ ചലച്ചിത്ര സംഗീതത്തിനായി ഉപയോഗിച്ച ആദ്യത്തെ ഇന്ത്യക്കാരനും, ഒരു മുഴുനീള സിംഫണി രചിച്ച ആദ്യ സംഗീതജ്ഞനുമായി ഇളയരാജ മാറി.
റോയല്‍ സ്‌കോട്ടിഷ് നാഷണല്‍ ഓര്‍ക്കസ്ട്രയ്ക്കൊപ്പമാണ് ഇളയരാജ വാലിയന്റ് റെക്കോര്‍ഡ് ചെയ്തത്. അതിന്റെ നിര്‍മാണ സമയത്തെ വിഡിയോ അടുത്തിടെ അദ്ദേഹം പങ്കിട്ടിരുന്നു. ഓര്‍ക്കസ്ട്രയിലെ അംഗങ്ങളോടു താന്‍ സിനിമ സംഗീത സംവിധായകനെന്നു സ്വയം പരിചയപ്പെടുത്തുന്നതും വിഡിയോയില്‍ കാണാം. ഇത്തരത്തില്‍ നിങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു കരുതിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
ഈ വര്‍ഷം ആദ്യമാണ് ഇളയരാജ സിംഫണി പ്രഖ്യാപിച്ചത്. പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ലോകമെങ്ങുമുള്ള തമിഴരുടെ ജീവിതവുമായി ഇഴചര്‍ന്ന സംഗീതമാണ് ഇളയരാജയുടേത്. അദ്ദേഹത്തിന്റെ എണ്ണമറ്റ നേട്ടങ്ങളിലെ മറ്റൊരു കിരീടം എന്നാണ് സ്റ്റാലിന്‍ ലണ്ടന്‍ അവതരണത്തെ വിശേഷിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക