'രസികൻ' എന്ന ചിത്രത്തിലെ തങ്കിയായെത്തി മലയാളികളുടെ മനം കവർന്ന നായികയാണ് സംവൃത സുനിൽ. ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും സംവൃതയ്ക്ക് കഴിഞ്ഞു. വിവാഹത്തോടെ അഭിനയത്തിന്റെ തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞെങ്കിലും ഇടയ്ക്ക് ബിഗ് സ്ക്രീനിൽ മുഖം കാണിക്കാറുമുണ്ട് സംവൃത.
അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. അഖിൽ ആണ് സംവൃതയുടെ ജീവിത പങ്കാളി. രുദ്ര, അഗസ്ത്യ എന്നീ രണ്ട് മക്കളും സംവൃതയ്ക്കുണ്ട്. ഇവരുടെ ക്യൂട്ട് ചിത്രങ്ങളും സംവൃത പങ്കുവയ്ക്കാറുണ്ട്.
അച്ഛനുറങ്ങാത്ത വീട്, നീലത്താമര, ഡയമണ്ട് നെക്‌ലേസ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ലാല്‍ ജോസ് ചിത്രങ്ങളെല്ലാം സംവൃതയുടെ കരിയറിലെ വലിയ നേട്ടങ്ങളാണ്. വിവാഹത്തിന് ശേഷം അഭിനയത്തിലേക്ക് ചെറിയ തിരിച്ചുവരവ് നടത്തിയെങ്കിലും, ഇടയ്ക്കിടെയുള്ള നാട്ടിലേക്കുള്ള വരവ് അസാധ്യമായതിനാലാണ് സംവൃത സിനിമാ ലോകത്ത് നിന്ന് മാറി നില്‍ക്കുന്നത്.
മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പവും സംവൃത അഭിനയിച്ചിട്ടുണ്ട്. ഉയിർ എന്ന ചിത്രത്തിലൂടെ സംവൃത തമിഴിലും അരങ്ങേറ്റം നടത്തിയിരുന്നു. എവാഡിതെ നകെന്റി എന്ന ചിത്രത്തിലൂടെ തെലുങ്കിലും നടി അരങ്ങേറി.
നവ്യ നായർ നായികയായെത്തിയ നന്ദനത്തിൽ താനായിരുന്നു ആദ്യം നായികയാകേണ്ടിയിരുന്നതെന്ന് സംവൃത ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'സംവിധായകന്‍ രഞ്ജിത്ത് ചേട്ടന്‍ ഞങ്ങളുടെ കുടുംബ സുഹൃത്ത് ആണ്. അങ്ങനെ എനിക്ക് നന്ദനം സിനിമയുടെ ക്ഷണം രഞ്ജിത്തേട്ടനില്‍ നിന്നും ഉണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് ഞാന്‍ പത്താം ക്ലാസില്‍ ആയിരുന്നു. അത് കൊണ്ട് തന്നെ വീട്ടുകാര്‍ ആ സമയത്ത് സിനിമയില്‍ അഭിനയിക്കാന്‍ പോകാന്‍ സമ്മതിച്ചില്ല. അങ്ങനെയാണ് നന്ദനത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയാതെ പോയത്,’ സംവൃത പറഞ്ഞു.
ഡയമണ്ട് നെക്‌ലേസിലെ വേഷമാണ് താൻ അഭിനയിച്ചതിൽ ഏറ്റവും മികച്ചതെന്ന് സംവൃത പറഞ്ഞിരുന്നു. തന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ചിത്രമാണിതെന്നും സംവൃത പറഞ്ഞിരുന്നു. ചിത്രത്തിൽ അഭിനയിച്ച സമയത്ത് ഫഹദ് തനിക്കൊരുപാട് പ്രോത്സാഹനം നൽകിയതായും സംവൃത പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക