എത്ര പെട്ടെന്നാണ് അല്ലേ മാർച്ച് മാസം കടന്നു പോകാറായത്. ഈ മാസം എണ്ണിയാൽ തീരാത്ത അത്ര ചിത്രങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തി. ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ജിയോ ഹോട്ട്സ്റ്റാർ, പ്രൈം വിഡിയോ ഒക്കെ പുത്തൻ റിലീസുകളുമായി നിങ്ങളുടെ മുന്നിലേക്കെത്തുകയാണ്. ഏറെ കാത്തിരുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ഡ്രാഗൺ എന്നീ ചിത്രങ്ങളും ഈ ആഴ്ച നിങ്ങൾക്ക് മുന്നിലെത്തുന്നുണ്ട്. ഈ ആഴ്ച ഒടിടിയിൽ കാണാം ഈ ചിത്രങ്ങൾ.
കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒടിടി റിലീസിന് ഒരുങ്ങുന്നു. മാര്‍ച്ച് 20 മുതല്‍ ചിത്രം നെറ്റ്ഫ്ലിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ലഭ്യമാകും. ജീത്തു അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകന്‍.
പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച സൂപ്പർ ഹിറ്റ് ചിത്രം ഡ്രാഗൺ ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ മാർച്ച് 21ന് ചിത്രമെത്തും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ചിത്രം കാണാം. ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫിസിൽ സർപ്രൈസ് വിജയമായി മാറിയ ചിത്രമാണ് ഡ്രാഗൺ. 127 കോടിയിലധികമാണ് ചിത്രം തിയറ്ററിൽ നിന്നു മാത്രം കളക്ട് ചെയ്തത്. അതിനിടയിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
കൊൽക്കത്തയിലെ ഡോൺ ബാഗയെയും അയാളുടെ കൂട്ടാളികളെയും നേരിടുന്ന അർജുൻ മൈത്ര എന്ന സത്യസന്ധനായ പൊലീസുകാരന്റെ കഥയാണ് ഈ സീരിസ് പറയുന്നത്. ജീത് മദ്‌നാനി, പ്രോസെൻജിത് ചാറ്റർജി, ശാശ്വത ചാറ്റർജി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. 2022 ൽ പുറത്തിറങ്ങിയ ഖാക്കി: ദ് ബിഹാർ ചാപ്റ്ററിന്റെ തുടർച്ചയാണിത്. മാർച്ച് 20ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.
ഓസ്കർ പുരസ്കാരം നേടിയ ഷോൺ ബെക്കറിന്റെ അനോറയും ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്. മൈക്കി മാഡിസൺ ആണ് ചിത്രത്തിലെ നായിക. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാനാകും.
ഒരു ബിസിനസുകാരന്റെ പ്രേതത്തോടൊപ്പം ജോലി ചെയ്യാൻ നിയമിക്കപ്പെടുന്ന ഒരു സ്പോർട്സ് എഴുത്തുകാരന്റെ കഥയാണ് ബെറ്റ് യുവർ ലൈഫ് പറയുന്നത്. താൻ മരിച്ചത് എങ്ങനെയാണെന്ന് എഴുത്തുകാരനിലൂടെ കണ്ടെത്താൻ ശ്രമിക്കുകയാണ് ബിസിനസുകാരൻ. മാർച്ച് 20 മുതൽ സീരിസ് സ്ട്രീമിങ് തുടങ്ങും.
നയൻതാര, മാധവൻ, സിദ്ധാർഥ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ടെസ്റ്റ്. ഏപ്രിൽ 4 ന് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം എത്തും. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക