
എംപുരാൻ സിനിമയുടെ ടിക്കറ്റിനായുള്ള പരക്കം പാച്ചിലിലാണ് നാടെങ്ങും ആരാധകരിപ്പോൾ. അഡ്വാൻസ് ബുക്കിങ് ഓപ്പൺ ആയതോട് കൂടി ചൂടപ്പം പോലെയാണ് ചിത്രത്തിന്റെ ടിക്കറ്റ് വിറ്റു പോകുന്നത്. ഇപ്പോഴിതാ കൊടും ചൂടിനെപ്പോലും വക വയ്ക്കാതെ തൃശൂർ ജില്ലയിലെ രാഗം തിയറ്ററിന് മുന്നിൽ എംപുരാൻ ടിക്കറ്റ് എടുക്കാൻ നിൽക്കുന്ന ആരാധകരുടെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. തിയറ്ററിന്റെ ഗെയ്റ്റ് തുറന്നപ്പോൾ ടിക്കറ്റെടുക്കാൻ കൗണ്ടറിന് മുന്നിലേക്ക് ഓടുകയാണ് ആരാധകർ.
പരക്കം പാച്ചിലിൽ തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണത് നിരവധി പേരാണ്. വീണിടത്ത് നിന്നും ആവേശത്തോടെ വീണ്ടും എഴുന്നേറ്റ് ഓടുന്ന ആരാധകരുടെ വിഡിയോ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. ഒൻപത് മണിക്ക് ടിക്കറ്റെടുക്കാനായി രാവിലെ 5 മണി മുതൽ രാഗം തിയറ്ററിൽ ക്യൂ നിന്നവരും കുറവല്ല. ഈ അടുത്ത കാലത്തൊന്നും ഇത്തരത്തിൽ ഒരു സിനിമയുടെയും ടിക്കറ്റെടുക്കാനുള്ള ആരാധകരുടെ കൂട്ടയോട്ടം കണ്ടിട്ടില്ല.
അതും കൗതുകത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഒരു മണിക്കൂറിൽ തന്നെ സിനിമയുടെ അഞ്ച് ദിവസത്തെ ഷോകൾ രാഗം തിയറ്ററിൽ ഫുള്ളായെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതുമാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മണിക്കൂറിൽ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകളുടെ ബുക്കിങ് നടക്കുന്നത്. സകല കളക്ഷന്‍ റെക്കോർഡുകളും എംപുരാൻ തകർത്തെറിയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ഇൻട്രസ്റ് കാണിച്ച സിനിമയും എംപുരാൻ ആയിരുന്നു. എംപുരാന്റെ വിദേശ രാജ്യങ്ങളിലെ അഡ്വാൻസ് ബുക്കിങ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എംപുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എംപുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക