ചെന്നൈ: തമിഴ് നടനും കരാട്ടെ മാസ്റ്ററുമായ ഷിഹാന്‍ ഹുസൈനി (60) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ കുടുംബമാണ് മരണവിവരം അറിയിച്ചത്. ചെന്നൈ ബസന്ത് നഗറിലെ വസതിയായ ഹൈക്കമാന്‍ഡിലെ പൊതുദര്‍ശനത്തിന് ശേഷം മധുരയിലായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കടുത്ത ആരാധകന്‍ എന്ന നിലയിലും ഷിഹാന്‍ ഹുസൈനി പ്രശസ്തനാണ്.
ഭാര്യയും ഒരു മകളുമുണ്ട്. കരാട്ടയിലെ കാട്ടകള്‍ പ്രദര്‍ശിപ്പിച്ചും അമ്പെയ്തും അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഹുസൈനിയുടെ ശിഷ്യരോടും മാതാപിതാക്കളോടും പരിശീലകരോടും കുടുംബം അഭ്യര്‍ഥിച്ചു. ഏറെ നാളുകളായി രക്താർബുദ ബാധിതനായി ചികിത്സയിലായിരുന്നു. തന്റെ ആരോഗ്യനിലയെക്കുറിച്ച് തുടര്‍ച്ചയായി അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഹുസൈനിയുടെ ചികിത്സയ്ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ധനസഹായം അനുവദിച്ചിരുന്നു. മരണാനന്തരം തന്റെ ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുനല്‍കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കമല്‍ ഹാസന്റെ പുന്നഗൈ മന്നനിലൂടെ 1986 ലാണ് അദ്ദേഹം സിനിമയിലെത്തിയത്. രജനികാന്തിന്റെ വേലൈക്കാരന്‍, ബ്ലഡ് സ്റ്റോണ്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. വിജയ് സേതുപതിയുടെ കാതുവാക്കുലെ രണ്ടു കാതല്‍ ആണ് അവസാന ചിത്രങ്ങളില്‍ ഒന്ന്.
ഉന്നൈ സൊല്ലി കുറ്റമില്ലൈ, ബദ്രി, ചെന്നൈ സിറ്റി ഗാങ്‌സ്റ്റേഴ്‌സ്, വേടൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജായിരുന്നു. 2015 ല്‍ ജയലളിത വീണ്ടും മുഖ്യമന്ത്രിയാവാന്‍ സ്വയം കുരിശിലേറി ഹുസൈനി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആറ് മിനിറ്റും ഏഴ് സെക്കന്‍ഡും ഹുസൈനി ജയലളിതയ്ക്കു വേണ്ടി കുരിശില്‍ തൂങ്ങിക്കിടന്നു. ആറിഞ്ച് നീളമുള്ള ആണികളായിരുന്നു ഹുസൈനിയുടെ പാദങ്ങളിലും കൈത്തലങ്ങളിലും അടിച്ചു കയറ്റിയത്.
ജയലളിതയുടെ മരണത്തിന് പിന്നാലെ 2016 ല്‍ 'അമ്മ മക്കള്‍ മുന്നേട്ര അമൈപ്' (അമ്മ) എന്ന പേരില്‍ ഹുസൈനി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ജയലളിതയുടെ മരണത്തിന് പ്രതികാരം ചോദിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു അവകാശവാദം. തമിഴ്നാട്ടിൽ അമ്പെയ്ത്തിന്റെ വളർച്ചയ്ക്ക് വലിയ പങ്കുവഹിച്ച വ്യക്തി കൂടിയാണ് ഹുസൈനി. നടൻ പവൻ കല്യാൺ, വിജയ് എന്നിവരുടെ കരാട്ടെ ഗുരുവും ഹുസൈനി ആയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക