'ഭക്തന് നല്‍കിയ രസീതാണ് പരസ്യമായത്'; മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണമൂലമെന്ന് ദേവസ്വം ബോര്‍ഡ്

ദേവസ്വം സൂക്ഷിക്കുന്നത് കൗണ്ടര്‍ ഫോയിലാണ്. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തിയ ആള്‍ക്ക് കൈമാറി. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല.
Mohanlal, Mammootty
മോഹൻലാലും മമ്മൂട്ടിയുംഫെയ്സ്ബുക്ക്
Updated on

തിരുവനന്തപുരം: ശബരിമലയില്‍ മമ്മൂട്ടിക്കായി വഴിപാട് നടത്തിയ വിവരം പുറത്തുവിട്ടത് ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരില്‍ ആരോ ആണെന്ന മോഹന്‍ലാലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണയില്‍ നിന്ന് ഉണ്ടായതാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. വഴിപാട് പരസ്യപ്പെടുത്തിത് ദേവസ്വം ഉദ്യോഗസ്ഥരല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

വഴിപാട് നടത്തിയ ഭക്തന് നല്‍കിയ രസീതിന്റെ ഭാഗമാണ് പുറത്തുവന്നത്. ദേവസ്വം സൂക്ഷിക്കുന്നത് കൗണ്ടര്‍ ഫോയിലാണ്. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തിയ ആള്‍ക്ക് കൈമാറി. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. വസ്തുതകള്‍ ബോധ്യപ്പെട്ട് മോഹന്‍ലാല്‍ തിരുത്തുമെന്നാണ് പ്രത്യാശയെന്നും ബോര്‍ഡ് പ്രസ്താവനയില്‍ പറയുന്നു.

എമ്പുരാന്റെ പ്രമോഷന്റെ ഭാഗമായി ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാല്‍ വഴിപാടിനെക്കുറിച്ച് സംസാരിച്ചത്. മമ്മൂട്ടി സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ ഒരു ആരോഗ്യപ്രശ്‌നമുണ്ടായി. എല്ലാവര്‍ക്കും ഉണ്ടാകുന്നതുപോലെ സാധാരണമായതായിരുന്നു അത്. ആശങ്കപ്പെടാനൊന്നുമില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. മമ്മൂട്ടി തനിക്ക് സഹോദരനെപ്പോലെയാണെന്നും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ എന്താണ് തെറ്റെന്നും മോഹന്‍ലാല്‍ ചോദിച്ചു. ഒരാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണെന്നും ദേവസ്വം ബോര്‍ഡിലെ ആരോ ആണ് വഴിപാട് രസീത് ചോര്‍ത്തിനല്‍കിയതെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

ഒരാഴ്ച മുമ്പാണ് മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. മമ്മൂട്ടിക്കുവേണ്ടി മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് മോഹന്‍ലാല്‍ വഴിപാട് കഴിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com