
ഒരുപാട് നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് തുടരും. 20 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാലെത്തുക. മോഹൻലാൽ- ശോഭന കോമ്പോ തന്നെയാണ് ട്രെയ്‌ലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
വര്‍ഷങ്ങള്‍ക്കു മുൻപ് റിലീസ് ചെയ്ത 'ഏയ് ഓട്ടോ' എന്ന ചിത്രത്തിലെ പ്രശസ്തമായ 'ഗോ റ്റു യുവര്‍ ക്ലാസസ്' എന്ന ഡയലോഗ് മോഹന്‍ലാല്‍ ആവര്‍ത്തിക്കുന്നതും ട്രെയ്‌ലറിലുണ്ട്. ട്രെയ്‌ലർ തുടക്കത്തിൽ കോമഡി ട്രാക്കിലാണെങ്കിലും പതിയെ ത്രില്ലർ സ്വഭാവത്തിലേക്ക് മാറുന്നുണ്ട്. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. തരുണ്‍ മൂര്‍ത്തിയും കെആര്‍ സുനിലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക