
ബോളിവുഡ് സിനിമാലോകത്ത് ഏറ്റവും വിവാദമുണ്ടാക്കിയ പ്രണയ കഥയാണ് നടന്‍ അമിതാഭ് ബച്ചനും രേഖയും തമ്മിലുണ്ടായത്. ഇന്നും ഈ വിഷയം സിനിമാ ലോകത്ത് ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ബിഗ് ബി ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ലെങ്കിലും പല വേദികളിലും രേഖ അമിതാഭിനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞിട്ടുണ്ട്. രേഖയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് ജയ ബച്ചന്‍ ആ പ്രണയം പൊളിച്ചതെന്ന് അന്ന് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.
അടുത്തിടെ എഴുത്തുകാരനും ചലച്ചിത്ര ചരിത്രകാരനുമായ ഹനീഫ് സാവേരി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. രേഖ എങ്ങനെയാണ് ബച്ചന്റെ ജീവിതത്തിലേക്ക് കടന്നതെന്നും പിന്നീട് സംഭവിച്ചതിനെ കുറിച്ചും ഇദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. "ഇപ്പോഴും താൻ ബച്ചനെ സ്നേഹിക്കുന്നുണ്ടെന്ന് രേഖ പറയാറുണ്ട്, അത് സത്യമാണ്. ബച്ചനിൽ നിന്ന് അകന്നു നിൽക്കാൻ രേഖ പരമാവധി ശ്രമിച്ചു.
മുകേഷ് എന്ന വ്യവസായിയെ അവർ വിവാഹം കഴിച്ചു. ആ വിവാഹബന്ധം വിജയകരമായില്ല, അയാൾ ആത്മഹത്യ ചെയ്തു. അത് വേറെ കഥ. എന്നാൽ രേഖ അമിതാഭ് ബച്ചനെ വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചു, അമിതാഭ് ബച്ചനും ആ തീരുമാനത്തിൽ തന്നെയായിരുന്നു. അവരുടെ ആ പ്രായത്തിൽ വിവാഹം ഒരു പ്രശ്‌നമേയല്ല. എന്നാൽ ഇപ്പോൾ അവരെ കാണുമ്പോൾ, അവർ തമ്മിൽ ഇപ്പോഴും പരസ്പരം സ്നേഹിക്കുന്നുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഒരുപക്ഷേ ഇതായിരിക്കാം സ്നേഹം,”- സാവേരി പറഞ്ഞു. രേഖ ഇപ്പോഴും സിന്ദൂരം അണിയുന്നതിനേക്കുറിച്ചും സാവേരി സംസാരിച്ചു. അവരുടെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും അതൊക്കെ അവരുടെ ഇഷ്ടമാണ്. "പക്ഷേ, ഇപ്പോൾ അവർ അതിനെ അത്ര കാര്യമാക്കാറില്ല എന്നാണ് എനിക്ക് തോന്നുന്നത്. അവർ തമ്മിലൊരു അടുപ്പമുണ്ട്. അമിതാഭ് ബച്ചന് എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ, അങ്ങനെയുണ്ടാകരുത് എന്നവർ കരുതുന്നു. അതുപോലെ, രേഖയ്ക്കും അങ്ങനെയുണ്ടാകരുതെന്ന് അമിതാഭ് കരുതുന്നു. അതൊരു അടുപ്പമാണ്. - സാവേരി പറഞ്ഞു.
ഒരുമിച്ച് നായിക, നായകന്മാരായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 'ദോ അഞ്ജാനെ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള ബന്ധം ദൃഢമാവുന്നത്. ഇന്ത്യൻ ആചാരങ്ങൾ അനുസരിച്ച് ഭർത്താവ് മരണപ്പെട്ട സ്ത്രീകളും അവിവാഹിതരും സിന്ദൂരം അണിയാറില്ല. ഭർത്താവ് മരണപ്പെട്ടിട്ടും രേഖയുടെ നെറുകയിലെ സിന്ദൂരം എപ്പോഴും ചർച്ച വിഷയമാകാറുണ്ട്.
ബിസിനസുകാരനായ മുകേഷ് അഗർവാളുമായി 1990ലായിരുന്നു രേഖയുടെ വിവാഹം. ഏഴു മാസം മാത്രമാണ് ഇരുവരുടെയും ദാമ്പത്യ ജീവിതം നീണ്ടത്. മറ്റുളവരുടെ പ്രതികരണത്തെക്കുറിച്ച് താൻ ബോധവതിയാകാറില്ലെന്നും സിന്ദൂരം അണിയുന്നത് എനിക്ക് അനുയോജ്യമാണെന്നും മനോഹരമാണെന്നും താൻ കരുതുന്നുവെന്നും രേഖ ഒരിക്കൽ ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക