'കഥ കേട്ടപ്പോൾ തന്നെ ഇഷ്ടമായി; മണവും പ്രണയവും തമ്മിൽ'
'മയൂഖം' എന്ന സിനിമയിൽ ഉണ്ണി കേശവനായെത്തി മലയാളികളുടെ ഹൃദയം കവർന്ന നടനാണ് സൈജു കുറുപ്പ്. രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന കരിയറിൽ 150 ലധികം സിനിമകൾ, വേറിട്ട കഥാപാത്രങ്ങൾ. 'ഭരതനാട്യം' എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം നിർമാണ രംഗത്തേക്കും സൈജു ചുവടുവച്ചു. ഷംസു സയ്ബ സംവിധാനം ചെയ്യുന്ന 'അഭിലാഷം' എന്ന സൈജുവിന്റെ പുതിയ ചിത്രം മാർച്ച് 29ന് റിലീസിനൊരുങ്ങുകയാണ്. 'അഭിലാഷ'ത്തിന്റെ വിശേഷങ്ങളുമായി സമകാലിക മലയാളത്തോടൊപ്പം സൈജു കുറുപ്പ്.
'എംപുരാൻ' പോലെ വൻ ഹൈപ്പിലെത്തുന്ന ഒരു ചിത്രത്തിനൊപ്പം 'അഭിലാഷം' റിലീസ് ചെയ്യുന്നു. പേടിയുണ്ടോ?
തീർച്ചയായും പേടിയുണ്ട്. പേടിയില്ല എന്ന് പറഞ്ഞാൽ അത് നുണയായിരിക്കും. പക്ഷേ പ്രൊഡ്യൂസേഴ്സ് നല്ല കോൺഫിഡന്റാണ്. അവർക്കാണ് എംപുരാന്റെ കൂടെ റിലീസ് ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്, അവരുടെ തീരുമാനം ആണല്ലോ എല്ലാം. മാത്രമല്ല ആളുകൾ കൂടുതൽ തിയറ്ററിലേക്ക് വരുന്ന സമയമാണല്ലോ ഇത്. നമ്മുടെ പടത്തിൽ നമുക്ക് കോൺഫിഡൻസ് ഉണ്ട്, രസമായിട്ട് പടം വന്നിട്ടുണ്ട്. അപ്പോൾ എംപുരാന് വരുന്ന ആളുകൾ നമ്മുടെ പടത്തിനും കയറിയാൽ അത് വർക്കൗട്ട് ആകുമല്ലോ എന്ന വിശ്വാസമാണ്. റിലീസ് മാറ്റിയാൽ കൊള്ളാമെന്ന് എനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പ്രൊഡ്യൂസേഴ്സ് ഒരിക്കലും അതിനെപ്പറ്റി ചിന്തിച്ചിട്ടില്ല.
'അഭിലാഷം' പേര് കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവാണ്. സിനിമയെക്കുറിച്ച്?
ഇതൊരു റൊമാന്റിക് ലവ് സ്റ്റോറിയാണ്. പ്രണയം എല്ലാവരുടെയും മനസിൽ ഉണ്ടല്ലോ. ഏത് പ്രായത്തിലുള്ളവരുടെയും മനസിൽ ഉള്ള ഒന്നാണത്. അതുകൊണ്ട് തന്നെ ഈ സിനിമ എല്ലാവർക്കും കണക്ട് ആകുമെന്നാണ് വിശ്വാസം. ഒരു 39 വയസ് പ്രായം വരുന്ന ഒരാളുടെ പ്രണയ കഥയാണ് സിനിമ പറയുന്നത്.
സിനിമയിൽ അഭിലാഷ് എന്ന കഥാപാത്രമായാണ് ഞാനെത്തുന്നത്. ഒരു മുഴുനീള റൊമാന്റിക് കഥാപാത്രമാണ് ചിത്രത്തിലേത്. കൂടെ പഠിച്ച പെൺകുട്ടിയോട് ചെറുപ്പം മുതൽ അഭിലാഷിന് തോന്നുന്ന പ്രണയവും പിന്നീട് അതിൽ എന്ത് സംഭവിക്കുന്നു എന്നുള്ള കാര്യവുമാണ് സിനിമയിൽ പറയുന്നത്.
സംവിധായകൻ ഷംസു സയ്ബയ്ക്കൊപ്പം ഇത് രണ്ടാമത്തെ പ്രൊജക്ട് ആണ്. ആദ്യം 'ജെസി'എന്ന ആന്തോളജിയായിരുന്നു ചെയ്തത്. ഷംസുവിനൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു?
നല്ലൊരു ഫിലിംമേക്കറാണ് ഷംസു. പിന്നെ അവരുടെ ഒരു ടീം ഉണ്ട്, ആ ടീമിൽ എനിക്ക് ഭയങ്കര വിശ്വാസമാണ്. ജെസി കഴിഞ്ഞപ്പോൾ ഷംസുവിനോട് ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ടതാണ് നമുക്കൊരു സിനിമ ചെയ്യണമെന്ന്. അങ്ങനെയാണ് ഷംസു ജെനിത് കാച്ചപ്പള്ളിയ്ക്കൊപ്പം കഥ ഒരുക്കിയിട്ട് എന്നെ സമീപിക്കുന്നത്. കഥ കേട്ടപ്പോൾ തന്നെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അങ്ങനെയാണ് 'അഭിലാഷം' ചെയ്യാൻ തീരുമാനിക്കുന്നത്.
സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയാണോ?
ശ്രീഹരി നായരാണ് അഭിലാഷത്തിന് വേണ്ടി സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയിരിക്കുന്നത്. ജെസിയിലും ശ്രീഹരി തന്നെയായിരുന്നു സംഗീതം. ജെസിയുടെ ടീം തന്നെയാണ് അഭിലാഷത്തിലും ഉള്ളത്. മൊത്തം ആറ് പാട്ടുകളുണ്ട്, അതിൽ നാലെണ്ണം മുഴുനീള പാട്ടുകളും രണ്ടെണ്ണം ബിറ്റ്സുമാണ്. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ആദ്യം റിലീസ് ചെയ്ത രണ്ട് പാട്ടുകളും പ്രേക്ഷകർ നന്നായി സ്വീകരിച്ചു. ഒരു പാട്ട് പുറത്തുവരാനുണ്ട്, എനിക്കിഷ്ടപ്പെട്ടത് അതാണ്. അത് സിനിമ വന്നതിന് ശേഷം ആളുകളിലേക്ക് എത്തും.
ഇതുവരെ കാണാത്ത ഒരു ലുക്കിൽ ആണല്ലോ അഭിലാഷത്തിൽ?
ഇതുവരെ കാണാത്ത ഒരു ലുക്കിൽ ആളുകൾ എന്നെ കാണണമെന്ന് സംവിധായകൻ ഷംസുവിന്റെ ആഗ്രഹമായിരുന്നു. എന്നോട് മുടി വളർത്താൻ പറഞ്ഞു, അങ്ങനെ ഞാൻ മുടിയും താടിയുമൊക്കെ വളർത്തി. മേക്കപ്പ്മാൻ റോണക്സ് ആണ് സിനിമയിൽ കാണുന്ന രീതിയിലേക്ക് ആക്കിയത്. കണ്ടവർക്കെല്ലാം ആ ലുക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു, പക്ഷേ എനിക്ക് ആദ്യം അത്ര ഇംപ്രസീവ് ആയി ഫീൽ ചെയ്തില്ല. കാരണം എന്നെ ഞാനിതുവരെ അങ്ങനെ കണ്ടിട്ടില്ല. പെട്ടെന്ന് അങ്ങനെ കണ്ടപ്പോൾ എനിക്ക് അത്ര ഇഷ്ടമായില്ല. പാട്ട് റിലീസായതിന് ശേഷം പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായങ്ങൾ വന്നപ്പോഴാണ് എനിക്ക് സമാധാനം ആയത്. കാരണം ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു, ഇപ്പോൾ ഞാൻ വളരെ ഹാപ്പിയാണ്.
സിനിമയുടെ ട്രെയ്‌ലറിൽ അത്തറിന് വലിയ പ്രാധാന്യമുണ്ടല്ലോ. മണവും പ്രണയവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
മണം എന്ന് പറയുന്നത് നമുക്ക് നൊസ്റ്റാൾജിയ തരുന്ന ഒന്നാണ്. ചില മണങ്ങൾ, ഒരുപാട് നാളുകൾക്ക് ശേഷം നമുക്ക് കിട്ടുമ്പോൾ അത് കുറേ ഓർമകളിലേക്ക് കൊണ്ടുപോകും. അങ്ങനെയൊരു സ്വഭാവമുണ്ട് സെന്റിന്. പ്രണയവും സെന്റും കൂടി ബ്ലെൻഡ് ചെയ്തിട്ടുള്ള ഒരു സിനിമയാണിത്. സെന്റ് ഈ സിനിമയിലെ ഒരു കഥാപാത്രം തന്നെയാണെന്ന് പറയാം. സെന്റ് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെ സിനിമയിൽ കാണിക്കുന്നുമുണ്ട്.
അർജുൻ അശോകനൊപ്പം ഏകദേശം അഞ്ചോളം സിനിമകളായി. നിങ്ങൾ തമ്മിലുള്ള കോമ്പോ എങ്ങനെയാണ്?
അർജുനുമായി വർക്ക് ചെയ്യാൻ ഭയങ്കര രസമാണ്. എപ്പോഴും ചാടി ചാടി, ഹൈ എനർജി ലെവലുള്ള ഒരു ആക്ടർ ആണ് അർജുൻ.
മുഴുനീള റൊമാന്റിക് കഥാപാത്രമാണോ അഭിലാഷത്തിൽ?
മുഴുനീള റൊമാന്റിക് കഥാപാത്രം കുറച്ചു നാളുകൾക്ക് ശേഷമാണ് ഞാൻ ചെയ്യുന്നത്. അധികം ഞാൻ ടച്ച് ചെയ്യാത്ത ഒരു കഥാപാത്രമാണിത്. മുൻപ് റൊമാന്റിക് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കഥാപാത്രത്തിന് റൊമാന്റിക് ടച്ച് ഉണ്ടാകാറില്ല. ഇതൊരു ലവ് സ്റ്റോറിയാണ്, എന്റെ കഥാപാത്രവും റൊമാന്റിക് ആണ്. അഭിലാഷ് എന്ന കഥാപാത്രം ചെയ്യുമ്പോൾ നല്ല രസമായിരുന്നു. പഴയകാല പ്രണയവും അങ്ങനെയുള്ള ഓർമകളൊക്കെ മനസിലേക്ക് കടന്നുവരും. അത്തരം കാര്യങ്ങളൊക്കെ ഓർത്ത് അഭിനയിക്കുമ്പോഴാണ് പ്രേക്ഷകരിലേക്കും അത് ആഴത്തിൽ കണക്ട് ആവുക.
തൻവിയാണ് അഭിലാഷത്തിൽ നായിക. സിനിമയിൽ നിങ്ങൾ തമ്മിലുള്ള കെമിസ്ട്രി?
തൻവിയുടെ ബാക്ക്ഗ്രൗണ്ടൊക്കെ എനിക്കറിയാമായിരുന്നു. പക്ഷേ ആദ്യം ലൊക്കേഷനിൽ വച്ച് കണ്ടപ്പോൾ ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചൊന്നുമില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ തൻവി സംസാരിച്ചു. പിന്നെ ഞങ്ങൾ അങ്ങ് സെറ്റായി. അപ്പോൾ പിന്നെ അഭിനയിക്കാൻ കുറച്ചു കൂടി എളുപ്പമായി. എല്ലാ അഭിനേതാക്കളുടെ ഇടയിലും ഗിവ് ആൻഡ് ടേക്ക് തന്നെയാണ് സംഭവിക്കുന്നത്. നമ്മൾ പെർഫോം ചെയ്യുമ്പോൾ അവർ അതിലും വലുത് തിരിച്ച് തരുന്നു, അങ്ങനെ അത് വർക്കാകുകയാണ്.
'അയലത്തെ ചേട്ടൻ' അല്ലെങ്കിൽ 'നാട്ടിൻപുറത്തെ ചെറുപ്പക്കാരൻ' ഇമേജ് അടുത്തിടെയായി പുറത്തിറങ്ങുന്ന സിനിമകളിൽ കാണാറുണ്ട്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ?
അയലത്തെ ചേട്ടൻ ആയാലും എന്ത് കഥാപാത്രമായാലും പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യണം. അതിപ്പോൾ ഏത് തരം കഥാപാത്രമായാലും, എന്റെ മോട്ടീവ് അതാണ്. പിന്നെ എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണ് ഞാൻ സെലക്ട് ചെയ്യുന്നത്. അല്ലാത്ത കഥകൾ വന്നാൽ എനിക്കത് ചെയ്യാൻ പറ്റില്ല എന്ന് പറയാറുണ്ട്. ഏറ്റവും വലിയ കാര്യം ആളുകളെ എന്റർടെയ്ൻ ചെയ്യുക എന്നതാണ്. പോസിറ്റീവായിട്ടുള്ള ഒരു ഇമോഷനുമായി ആളുകൾ തിയറ്ററിൽ നിന്ന് പോകണം, അതാണ് ഞാൻ നോക്കുന്നത്.
20 വർഷം, 150 ഓളം സിനിമകൾ. എങ്ങനെയുണ്ടായിരുന്നു ഈ സിനിമാ യാത്ര?
ഞാൻ വളരെ ഹാപ്പിയാണ്, അതുപോലെ കരിയറിൽ തൃപ്തനുമാണ്. വളരെ അപൂർവമായിട്ടുള്ള ആളുകൾക്ക് മാത്രമേ ഇത്രയും വർഷം സിനിമയിൽ നിൽക്കാൻ പറ്റൂ. അതുപോലെ എനിക്ക് ഒരുപാട് ഇടവേളകളും സിനിമയിൽ ഉണ്ടായിട്ടില്ല. ആകെ ഒരു ഗ്യാപ് വന്നിരിക്കുന്നത് 2010- 2011 സമയത്ത് ഒരു ഒന്നരവർഷം മാത്രമാണ്. അതല്ലാതെ ഈ 20 വർഷത്തിനിടയിൽ എനിക്ക് വലിയൊരു ഗ്യാപ് വന്നിട്ടില്ല, ദൈവാധീനം കൊണ്ട് അങ്ങനെ സംഭവിച്ചിട്ടില്ല. അത് ഭയങ്കര സംതൃപ്തിയും സന്തോഷവും തരുന്ന കാര്യമാണ്. ഇത്രത്തോളം സിനിമകളും ചെയ്യാൻ പറ്റി, എത്ര പേർക്ക് ഇത്രയും സിനിമകൾ ചെയ്യാനുള്ള ഭാഗ്യമുണ്ടാകും. എന്നെ സംബന്ധിച്ച് അത് ഭയങ്കര സന്തോഷം തന്നെയാണ്.
ഭരതനാട്യം 2 ഉണ്ടാകുമോ?
ഒടിടിയിൽ വലിയ ഹിറ്റായി കഴിഞ്ഞപ്പോൾ, എന്റെ പാട്ണർ ആയ തോമസ് ചേട്ടൻ ആണ് ഇതിനൊരു രണ്ടാം ഭാഗം വന്നാൽ തിയറ്ററിൽ ആളുകൾ കാണുമായിരിക്കും എന്ന് ആദ്യം പറയുന്നത്. പക്ഷേ ശരിക്കും ആ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല. കാരണം, അത് അത്രയേ ഉള്ളൂ, ഇനി എന്ത് പറയാനാണ്?. ഭരതൻ നായർ എന്ന സായ് ചേട്ടന്റെ കഥാപാത്രം ഇപ്പോഴില്ല, അദ്ദേഹം മരിച്ചു. പക്ഷേ അതിന്റെ സംവിധായകനും കഥാകൃത്തുമായ കൃഷ്ണദാസ് മുരളിയെ സല്യൂട്ട് ചെയ്തേ പറ്റൂ. അത്ര വ്യത്യസ്തമായ നല്ലൊരു പ്രമേയമാണ് ഭരതനാട്യം 2വിനായി ഒരുക്കിയിരിക്കുന്നത്. അത് കേട്ടുകഴിഞ്ഞപ്പോൾ ഇത് കൊള്ളാലോ, ഇയാൾ ആള് പുലിയാണല്ലോ എന്ന് നമ്മൾ വിചാരിക്കുന്നത്. ഭയങ്കര രസമായിട്ട് അദ്ദേഹം രണ്ടാം ഭാഗം എഴുതിയിട്ടുണ്ട്. ഈ വർഷം തന്നെ ഷൂട്ട് ചെയ്യാനുള്ള പ്ലാനിങ്ങിലാണ്.
ആട് 3 അപ്ഡേറ്റ്?
ആട് 3 മെയ് ആദ്യവാരം ചിത്രീകരണം തുടങ്ങും. ഈ വർഷം ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തും. സ്ക്രിപ്റ്റ് ഒക്കെ വായിച്ച് കുറേ നേരം നമ്മളെല്ലാവരും ചിരിച്ചു. അഭിനയിക്കുമ്പോൾ അതിൽ നിന്ന് സ്പോട്ട് ഇംപ്രവൈസേഷൻ ഉണ്ടാകും. ആട് ആദ്യ ഭാഗത്ത് ഞാൻ അഭിനയിക്കാൻ ചെല്ലുമ്പോൾ അറയ്ക്കൽ അബു എന്ന കഥാപാത്രത്തെക്കുറിച്ച് എനിക്ക് യാതൊരു ഐഡിയയും ഇല്ലായിരുന്നു. ഓരോ ദിവസത്തെ ഷൂട്ട് കഴിയുമ്പോഴും ഓട്ടോമാറ്റിക് ആയി സംഭവിച്ചു പോയ ഒന്നാണത്.
കാരണം അറയ്ക്കൽ അബുവിന് അങ്ങനെ റെഫറൻസ് ഒന്നുമില്ലായിരുന്നു, അത് വേറൊരു ടൈപ്പ് കഥാപാത്രമായിരുന്നു. പിന്നെ വേറൊരു കാര്യമെന്താണെന്ന് വച്ചാൽ, സിനിമ ആളുകൾക്ക് ഇഷ്ടപ്പെടുമ്പോൾ അതിലെ കഥാപാത്രങ്ങളേയും ആളുകൾക്ക് ഇഷ്ടപ്പെടും, കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടാൽ ഓട്ടോമാറ്റിക്കായി പടവും ആളുകൾക്ക് ഇഷ്ടപ്പെടും. ആട് വലിയ വിജയമായപ്പോൾ അതിലെ ഓരോ കഥാപാത്രങ്ങളുടെയും പേര് പ്രേക്ഷകർക്ക് ഓർമയുണ്ട്. പടം ആളുകൾ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
ഒരുപാട് കോമഡി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടല്ലോ. ഹ്യൂമർ ചെയ്യാൻ എളുപ്പമല്ല എന്ന് പല അഭിനേതാക്കളും പറഞ്ഞു കേൾക്കാറുണ്ട്. സൈജുവിന് ഹ്യൂമർ ടഫ് ആണോ?
കോമഡി ചെയ്യുക എന്നത് ഒട്ടും എളുപ്പമല്ല. ഞാൻ സംവിധായകനെയും കഥാകൃത്തിനെയും വിശ്വസിച്ച് അങ്ങ് ചെയ്യുകയാണ്. ശരിക്കും അതിന്റെ റിസൽറ്റിനെക്കുറിച്ച് ട്രിവാൻഡ്രം ലോഡ്ജ് ചെയ്യുമ്പോൾ മാത്രമേ ഞാൻ ആലോചിച്ചിട്ടുള്ളൂ. ഇതെന്താകും, വർക്കാകുമോ എന്നൊക്കെ. പക്ഷേ അത് വർക്കായി. കഥാകൃത്ത് നന്നായി എഴുതിയിട്ടുണ്ട്, സംവിധായകർ നന്നായി മേക്ക് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് കോമഡിയിൽ കൂടുതലും ഞാൻ ചെയ്തിരിക്കുന്നത്, അങ്ങനെയൊരു ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്.
പോക്കിരി സൈമൺ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ സിനിമകളിലൊക്കെ അങ്ങനെയുള്ള കഥാപാത്രങ്ങളായിരുന്നു. ആളുകൾക്ക് അത് ഇഷ്ടപ്പെട്ടു, കാരണം വളരെ നന്നായിട്ടാണ് അതൊക്കെ എഴുതിയിരിക്കുന്നത്. നന്നായി എഴുതിയിട്ടുണ്ടെങ്കിലും പെർഫോമൻസ് ചെയ്യുമ്പോൾ ടൈമിങ് ആണ് പ്രധാനം, അതിലാണ് നമ്മൾ നന്നായി ശ്രദ്ധിക്കേണ്ടത്. ടൈമിങ് പാളിപ്പോയാൽ ആ കഥാപാത്രം തന്നെ ഇല്ലാതെയാകും. അതുകൊണ്ടാണ് ഹ്യൂമർ ഭയങ്കര പാടാണ് എന്ന് ഞാൻ പറഞ്ഞത്.
സപ്പോർട്ടിങ് റോളുകൾ ചെയ്യാനാണ് കൂടുതൽ ഇഷ്ടമെന്ന് കേട്ടിട്ടുണ്ട്. സെയ്ഫ് സോൺ പിടിക്കുന്നത് കൊണ്ടാണോ അങ്ങനെ?
ഒരുപരിധി വരെ അത് സെയ്ഫ് ആയതു കൊണ്ട് തന്നെയാണ്. പിന്നെ നമുക്ക് കുറേ സിനിമകൾ ചെയ്യാം, വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ ചെയ്യാം, അതു കൂടിയുണ്ട്. ഞാൻ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടം മയൂഖത്തിലെ ഉണ്ണി കേശവനെ തന്നെയാണ്. ആദ്യത്തെ സിനിമ ആയതുകൊണ്ട് തന്നെ അതെന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒന്നാണ്. ഹരിഹരൻ സാറിനെപ്പോലെ ഇത്രയും ലെജൻഡായ ഒരു സംവിധായകൻ എഴുതി സംവിധാനം ചെയ്ത ഒരു സിനിമയാണത്. വളരെ ലെജൻഡ് ആയിട്ടുള്ള പിന്നണി ഗായകർ പാടിയ പാട്ടിന് ലിപ് സിങ്ക് ചെയ്യാൻ പറ്റി.
ഫസ്റ്റ് ഹാഫിൽ നെഗറ്റീവ് ഷെയ്ഡും സെക്കന്റ് ഹാഫിൽ പോസിറ്റീവ് ഷെയ്ഡുമായുള്ള കഥാപാത്രമായിരുന്നു അത്. ഒരു സിനിമയിൽ തന്നെ ഒരു കഥാപാത്രത്തിന് ഇങ്ങനെ രണ്ട് ഷെയ്ഡ് കിട്ടുന്നതും വളരെ അപൂർവമായിട്ട് ആയിരിക്കും, നായകനെന്ന രീതിയിലാണ് ഞാൻ പറഞ്ഞത്. അതെനിക്ക് ആദ്യ സിനിമയിൽ തന്നെ ചെയ്യാൻ പറ്റി. ഇങ്ങനെ ഒരുപാട് കാരണങ്ങൾ കൊണ്ട് അതെന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ചിത്രമാണ്. കരിയറായി സിനിമ എടുക്കണോ എന്ന കാര്യത്തിൽ അന്ന് ഞാൻ ഒട്ടും സീരിയസ് അല്ലായിരുന്നു.
പക്ഷേ മയൂഖത്തിൽ ഞാൻ സീരിയസ് ആയിരുന്നു. എന്റെ നൂറ് ശതമാനവും കൊടുക്കണം എന്ന രീതിയിൽ തന്നെയാണ് ഞാൻ അത് ചെയ്തത്. 13 ഓളം പുതുമുഖങ്ങളുണ്ടായിരുന്നു ആ ചിത്രത്തിൽ. പിന്നെ ഹരിഹരൻ സാർ നല്ലൊരു അഭിനേതാവ് കൂടിയാണ്. എങ്ങനെയാണ് പെർഫോം ചെയ്യേണ്ടത് എന്ന് അദ്ദേഹം കാണിച്ചു തരുമായിരുന്നു. അതുകൊണ്ട് നമുക്ക് കുറച്ചു കൂടി എളുപ്പമായിരുന്നു പെർഫോം ചെയ്യാൻ.
പുതിയ പ്രൊജക്ടുകൾ
ഫ്ലാസ്ക്, അങ്കം അട്ടഹാസം, സുമതി വളവ് തുടങ്ങി കുറച്ച് സിനിമകൾ ഇനി വരാനുണ്ട്. തെലുങ്കിൽ നിന്നും തമിഴിൽ നിന്നുമൊക്കെ ഇടയ്ക്ക് ഓഫർ വന്നിരുന്നു. ഹിന്ദി വെബ് സീരിസിലേക്കും ഒരു ഓഫർ വന്നിരുന്നു. കമ്മിറ്റ് ചെയ്ത മറ്റു സിനിമകൾ ഉള്ളതിനാൽ അതൊന്നും ചെയ്യാനായില്ല. കൈയിൽ ഉള്ള മലയാള സിനിമ കളഞ്ഞിട്ട് മറ്റ് ഭാഷകളിൽ പോയി അഭിനയിക്കാൻ എനിക്ക് അത്ര താല്പര്യമില്ല. ഓഫർ വരുമ്പോൾ ഡേറ്റ് ഉണ്ടെങ്കിൽ തീർച്ചയായും അഭിനയിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക