
ഈ അടുത്ത കാലത്ത് ഏറെ ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് എംപുരാൻ. മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ചിത്രം പ്രീ റിലീസ് സെയിലിൽ 80 കോടി നേടുകയും ചെയ്തിരുന്നു. മാർച്ച് 27ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്. ആക്ഷൻ ത്രില്ലറായെത്തിയ എംപുരാൻ ആഗോളതലത്തിൽ ആദ്യ ദിനം ഏകദേശം 22 കോടി രൂപ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ മലയാള സിനിമയിലെ ഏറ്റവും വലിയ ഓപ്പണർ ആയി മാറിയിരിക്കുകയാണ് എംപുരാൻ.
ട്രാക്കിംഗ് വെബ്‌സൈറ്റായ സാക്നിൽക് പ്രകാരം, ആഭ്യന്തര ബോക്‌സ് ഓഫീസിൽ ഏകദേശം 22 കോടി രൂപ നേടിയ ചിത്രത്തിൽ കൂടുതൽ കളക്ഷൻ നേടിയത് കേരളത്തിൽ നിന്ന് തന്നെയാണ്. മലയാളം പതിപ്പ് 19.45 കോടി രൂപയും തെലുങ്ക് പതിപ്പ് 1.2 കോടി രൂപയും നേടി. തമിഴ്, കന്നഡ, ഹിന്ദി പതിപ്പുകൾ യഥാക്രമം 80 ലക്ഷം, 5 ലക്ഷം, 50 ലക്ഷം രൂപ എന്നിങ്ങനെയാണ് നേടിയത്.
മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റെക്കോഡ് ആണ് എംപുരാൻ തകർത്തിരിക്കുന്നത്. മരക്കാർ ആദ്യ ദിനം ലോകമെമ്പാടുമായി 20 കോടി രൂപ കളക്ഷൻ നേടിയിരുന്നു. വരുംദിവസങ്ങളിൽ ചിത്രം 50 കോടി കളക്ഷൻ നേടുമെന്നാണ് ട്രേഡിങ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഈദുൽ ഫിത്തർ കൂടി വരുന്നതോടെ ചിത്രത്തിന്റെ കളക്ഷൻ വർധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം ആദ്യ ദിനം തന്നെ എംപുരാൻ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കും തുടക്കമിട്ടിരുന്നു. വലതുപക്ഷ പ്രത്യയശാസ്ത്രത്തെ ചിത്രം അവഹേളിക്കുന്നതായി ആരോപിച്ച് ചില സോഷ്യൽ മീഡിയാ ഹാൻഡിലുകൾ രംഗത്തെത്തിയതോടെയാണ് ചർച്ച ചൂടുപിടിച്ചത്.
മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എംപുരാൻ എത്തിയത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക