
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. പ്രശസ്തിയോടൊപ്പം തന്നെ വൻ തോതിലുള്ള വിമർശനങ്ങളും സൈബർ ആക്രമണവുമൊക്കെ രേണുവിന് നേരിടേണ്ടി വന്നു. ഫോട്ടോ ഷൂട്ടുകളുടെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് രേണുവിന് നിരന്തരം വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുന്നത്.
പലപ്പോഴും തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിക്കാറുമുണ്ട് രേണു. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ രേണുവിന്റെ അഭിമുഖവും വൈറലായി മാറിയിരുന്നു. അവതാരകയുടെ ധാർഷട്യവും പക്വതയോടെയുള്ള രേണുവിന്റെ മറുപടിയും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയും ചെയ്തു.
ഇതിന് പിന്നാലെ രേണുവിനെ സപ്പോർട്ട് ചെയ്തു കൊണ്ട് സെലിബ്രിറ്റികൾ അടക്കം രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ രേണുവിനെ പിന്തുണച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി.
നെഗറ്റീവുകളുടെയും അസഭ്യങ്ങളുടെയും പരിഹാസങ്ങളുടെയും ചെളിവെള്ളക്കുത്തൊഴുക്കിൽ ഒലിച്ച് മരിച്ചു പോകാതെ, കിട്ടിയ കിട്ടിയ പിടിവള്ളികളിൽ കടിച്ചുപിടിച്ചു നിന്ന്, തനിക്കനുകൂലമായ പോസിറ്റീവ് പ്രതികരണങ്ങളിലേക്ക് സമൂഹത്തെ സ്വയമെത്തിച്ചു കൊണ്ടുവരുന്ന രേണു സുധി എന്ന മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്. എന്നാണ് ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നെഗറ്റീവ് കളുടെയും അസഭ്യങ്ങളുടെയും പരിഹാസങ്ങളുടെയും ചെളിവെള്ളക്കുത്തൊഴുക്കിൽ ഒലിച്ചു മരിച്ചുപോകാതെ, കിട്ടിയ കിട്ടിയ പിടിവള്ളികളിൽ കടിച്ചുപിടിച്ചു നിന്ന്, തനിക്കനുകൂലമായ പോസിറ്റീവ് പ്രതികരണങ്ങളിലേക്ക് സമൂഹത്തെ സ്വയമെത്തിച്ചു കൊണ്ടുവരുന്ന രേണു സുധി എന്ന മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്. ഭർത്താവില്ലാത്ത അവർ കരയുന്നില്ല എന്നതായിരുന്നു മലയാളി സമൂഹത്തിൻ്റെ ഏറ്റവും വലിയ ചൊറിച്ചിൽ.
നിങ്ങൾ സങ്കൽപിക്കുന്ന തരം 'കല'യോ 'സൗന്ദര്യ'മോ തനിക്കുണ്ടെന്നവർ അവകാശപ്പെടുന്നില്ല. ജീവിതമാണ് പ്രധാനം, പണമാണ് അതിനാവശ്യം എന്നവർ മനസ്സിലാക്കുന്നുണ്ട്. സ്ത്രീയാവുക എന്നത് വലിയ കുറ്റമാണ്.
തനിച്ചായ സ്ത്രീയാവുക അതിലും വലിയ കുറ്റമാണ്. തൻ്റേടിയും അഭിമാനിയും ഏകാകിയും ആയ സ്ത്രീയാവുക എന്നതാണ് ഏറ്റവും വലിയ കുറ്റം എന്ന അജീത് കൗറിൻ്റെ വാക്കുകൾ ഓർത്തു പോകുന്നു.
എസ്. ശാരദക്കുട്ടി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ