
യുവതാരം മമിത ബൈജുവിന്റെ പിതാവായ ഡോക്ടര്‍ ബൈജുവിനെക്കുറിച്ചുള്ള നടി മീനാക്ഷി അനൂപിന്റെ കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. തങ്ങളുടെ കുടുംബ ഡോക്ടര്‍ ആണ് മമിതയുടെ പിതാവെന്നാണ് മീനാക്ഷി പറഞ്ഞത്. ഡോക്ടര്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു മീനാക്ഷി കുടുംബ ഡോക്ടറെ പരിചയപ്പെടുത്തിയത്.
ഇപ്പോഴിതാ പിതാവിനെക്കുറിച്ച് മുമ്പൊരിക്കല്‍ മമിത ബൈജു പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെടുകയാണ്. മുമ്പൊരിക്കല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമിത പിതാവിനെക്കുറിച്ച് പറയുന്നത്. സംവിധായകന്‍ ആകണം എന്നായിരുന്നു തന്റെ പപ്പയുടെ ആഗ്രഹമെന്നാണ് മമിത പറയുന്നത്. ''സിനിമ ആഗ്രഹിച്ച് ഡോക്ടര്‍ ആയ ആളാണ് പപ്പ. ഡോക്ടര്‍ ആകാന്‍ ആഗ്രഹിച്ച് സിനിമയിലെത്തിയ ആളാണ് ഞാന്‍'' എന്നാണ് മമിത പറയുന്നത്.
തന്നെ ഡോക്ടറാക്കണം എന്നായിരുന്നു പപ്പയുടെ ആഗ്രഹമെന്നും മമിത പറയുന്നു.മമിതയുടേയും ആഗ്രഹം അതായിരുന്നു. പക്ഷെ ആറേഴ് സിനിമകള്‍ കഴിഞ്ഞപ്പോള്‍ ആ മോഹം ഉപേക്ഷിച്ചുവെന്നാണ് താരം പറയുന്നത്. പപ്പയ്ക്ക് അതില്‍ വിഷമമുണ്ടായിരുന്നു. പിന്നെ പപ്പ ഉള്‍ക്കൊണ്ടു. കാരണം സിനിമാ രംഗം പപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. സിനിമ സംവിധായകന്‍ ആവുക എന്നതായിരുന്നു പപ്പയുടെ സ്വപ്നം. പക്ഷെ വീട്ടിലെ സാമ്പത്തിക സാഹചര്യം അനുകൂലിച്ചില്ലെന്നാണ് മമിത പറയുന്നത്. പപ്പ നന്നായി പഠിക്കുമായിരുന്നു. അതിനാല്‍ പഠിച്ച് ഡോക്ടറായെന്നും മമിത പറയുന്നു.
ചെറുപ്പത്തില്‍ പപ്പയുടെ ക്ലിനിക്കില്‍ സ്ഥിരമായി പോയിരുന്നതിന്റെ ഓര്‍മകളും മമിത പങ്കുവെക്കുന്നുണ്ട്. ''കുഞ്ഞായിരിക്കുമ്പോള്‍ പപ്പയുടെ ക്ലിനിക്കില്‍ പോയിരിക്കും. അവിടെ വരുന്നവര്‍ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. കുട്ടി ഡോക്ടര്‍ എന്നാണ് വിളിച്ചിരുന്നത്. ഞാനും ഡോക്ടര്‍ ആണെന്നാണ് അന്ന് വിശ്വസിച്ചിരുന്നത്. കുറച്ചുകൂടി മുതിര്‍ന്നാല്‍ എനിക്കും രോഗികളെ പരിശോധിക്കാമെന്നും മരുന്നുകള്‍ കൊടുക്കാമെന്നും കരുതിയിരുന്നു'' എന്നാണ് താരം പറയുന്നത്.
രോഗം ഭേദമായ പലരും വന്ന് പപ്പയോട് നന്ദി പറയുന്നതും ഇമോഷണലി സംസാരിക്കുന്നതും കണ്ടിട്ടുണ്ടെന്നും മമിത ഓര്‍ക്കുന്നുണ്ട്. സര്‍വോപരി പാലാക്കാരന്‍ എന്ന സിനിമയിലൂടെയാണ് മമിത അഭിനയത്തിലേക്ക് കടക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. പ്രേമലു കേരളത്തിന്റെ അതിര്‍ത്തിക്ക് അപ്പുറത്ത് വന്‍ വിജയമായതോടെ മമിതയ്ക്കും ആരാധകര്‍ കൂടി. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം ജനനായകനില്‍ അഭിനയിക്കുകയാണ് മമിത. സൂര്യയുടെ പുതിയ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. പ്രദീപ് രംഗനാഥന്റെ നായികയായി ഡ്യൂഡ് എന്ന ചിത്രത്തിലും മമിത അഭിനയിക്കുന്നുണ്ട്.
Mamitha Baiju once shared how her father wanted to be a film director but became a doctor.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates