'ഫുള്‍ ടൈം മോഹന്‍ലാലിന്റെ പിന്നാലെ നടത്തം, അഭിനയിച്ചതില്‍ കുറ്റബോധമുണ്ട്'; സൂപ്പര്‍ ഹിറ്റ് ചിത്രത്തെക്കുറിച്ച് ആനന്ദ്
ജോഷി സംവിധാനം ചെയ്ത് മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്. വലിയ താരനിര അണിനിരന്ന സിനിമ ബോക്‌സ് ഓഫീസിലും വിജയം നേടിയിരുന്നു. ഇപ്പോഴിതാ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സിനെക്കുറിച്ച് നടന്‍ ആനന്ദ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് ചെയ്തതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നാണ് ആനന്ദ് പറയുന്നത്. ചിത്രത്തില്‍ അധോലോക നേതാവായ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായിട്ടാണ് ആനന്ദ് അഭിനയിച്ചത്. എന്തിനാണ് ആ സിനിമ ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും കയ്‌പ്പേറിയ അനുഭവമായിരുന്നു ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്നുമാണ് ആനന്ദ് പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ആനന്ദിന്റെ തുറന്നു പറച്ചില്‍.
''ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്ന സിനിമ ചെയ്തത് എന്തിനെന്ന് അറിയില്ല. എനിക്കതില്‍ കുറ്റബോധമുണ്ട്. കാരണം അവര്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പോയി. മോഹന്‍ലാലിന്റെ പിന്നില്‍ നില്‍ക്കുകയാണ് മുഴുവന്‍ സമയവും. പിന്നെയാണ് ഞാനത് തിരിച്ചറിയുന്നത്. ഒരു സിനിമ ചെയ്തതിന്റെ പേരില്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കുറ്റബോധം തോന്നിയത് ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് ആണ്'' ആനന്ദ് പറയുന്നു.
''സെറ്റില്‍ ഞാന്‍ നിശബ്ദനായിരുന്നു. ഞാനിത് ചെയ്യാന്‍ സമ്മതിച്ചതാണ് എന്ന് ഉള്‍ക്കൊണ്ടു. പിന്നെ മിണ്ടിയില്ല. അവർ 10 ദിവസം ചോദിച്ചു, പക്ഷെ 20 ദിവസമായി. ഞാന്‍ എന്റെ പൈസ തരാന്‍ പറഞ്ഞു. ആ സെറ്റിലേത് കയ്‌പ്പേറിയ അനുഭവമാണ്. ഇക്കാര്യം ഞാന്‍ ഇന്നലെയാണ് ഭാര്യയോട് പോലും പറയുന്നത്. അന്ന് സെറ്റില്‍ വച്ച് ബിജു മേനോന്‍ പോലും ചോദിച്ചിട്ടുണ്ട്, ആനന്ദ് നീ എന്തിനാണ് ഈ കഥാപാത്രമൊക്കെ ചെയ്യുന്നതെന്ന്. ബിജു മേനോന് ഓര്‍മയുണ്ടാകില്ല, പക്ഷെ ഞാനത് ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്.'' എന്നും ആനന്ദ് പറയുന്നു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടനാണ് ആനന്ദ്. മലയാളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മണിരത്‌നം ഒരുക്കിയ തിരുഡ തിരുഡയിലൂടെ താരമായി മാറിയ നടനാണ് ആനന്ദ്. സത്യ, പൂന്തോട്ട കാവല്‍ക്കാരന്‍, ദ ടൈഗര്‍, ഉദയനാണ് താരം, വര്‍ഗം, ജൂലൈ 4, മേരിക്കുണ്ടൊരു കുഞ്ഞാട്, ഊഴം, ഡിയര്‍ കോമ്രേഡ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Actor Anand says he regrets acting in Mohanlal starrer Christian Brothers.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates