
പൃഥ്വിരാജും കജോളും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് സര്‍സമീന്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ജൂലൈ 25 ന് ജിയോ ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന സിനിമയില്‍ സെയ്ഫ് അലി ഖാന്റേയും അമൃത സിങിന്റേയും മകന്‍ ഇബ്രാഹിം അലി ഖാനും പ്രധാന വേഷത്തിലെത്തുന്നു. പൃഥ്വിരാജിന്റെ നായികയായി കജോള്‍ എത്തുമ്പോള്‍ അതിന് പിന്നില്‍ മറ്റൊരു കൗതുകം കൂടിയുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1980 ല്‍ മലയാളത്തില്‍ 'തളിരിട്ട കിനാക്കള്‍' എന്നൊരു സിനിമ പുറത്തിറങ്ങിയിരുന്നു. പി ഗോപികുമാര്‍ ആയിരുന്നു സിനിമയുടെ സംവിധാനം. ജമാല്‍ കൊച്ചങ്ങാടിയാണ് രചന. അന്നത്തെ ആ സിനിമയില്‍ നായകന്‍ സുകുമാരന്‍ ആയിരുന്നു. നായിക ബോളിവുഡ് നടി തനൂജയും. 45 വര്‍ഷങ്ങള്‍ക്ക് ശേഷം സുകുമാരന്റെ മകന്റെ ഹിന്ദി ചിത്രത്തില്‍ തനൂജയുടെ മകള്‍ കജോള്‍ ആണ് നായിക. അന്ന് അച്ഛനും അമ്മയും നിന്നിടത്ത് ഇന്ന് മക്കള്‍ നില്‍ക്കുകയാണ്.
സര്‍സമീന്‍ ട്രയ്‌ലര്‍ റിലീസിന് പിന്നാലെ ഈ കൗതുകവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സിനിമാപ്രേമികളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പായ എം3ഡിബിയില്‍ സെബാസ്റ്റ്യന്‍ സേവ്യര്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ചരിത്രത്തിലെ ഈ ആവര്‍ത്തനം ചര്‍ച്ചയാകുന്നത്.
''1980 ല്‍ 'തളിരിട്ട കിനാക്കള്‍' എന്ന പേരില്‍ ഒരു മലയാളചിത്രം റിലീസാവുന്നു. ചിത്രത്തില്‍ സുകുമാരന്‍ നായകനായപ്പോള്‍ നായികയായെത്തിയത് ബോളിവുഡ് അഭിനേത്രി തനൂജ സമര്‍ത്ഥ്. നാല്‍പ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സര്‍സമീന്‍ എന്ന പേരില്‍ ഒരു ഹിന്ദി ചിത്രം വരുന്ന ജൂലായ് 25 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ റിലീസിനെത്തുന്നു. തളിരിട്ട കിനാക്കളിലെ നായകന്റെ മകന്‍ പൃഥ്വിരാജും നായികയുടെ മകള്‍ കജോളും ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി ഒന്നിക്കുന്നു. നാലര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കപ്പുറവും ഇപ്പുറവുമായി സ്‌ക്രീനില്‍ മുഖ്യവേഷങ്ങളില്‍ രണ്ട് തലമുറകളുടെ സംഗമം'' എന്നാണ് കുറിപ്പില്‍ പറയുന്നത്.
സുകുമാരനും തനൂജയ്ക്കുമൊപ്പം പ്രതാപ് പോത്തന്‍, മധുമാലിനി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് തളിരിട്ട കിനാക്കള്‍. ബോളിവുഡിലെ ഐക്കോണിക് നടിമാരില്‍ ഒരാളാണ് തനൂജ. കജോളിന്റെ അമ്മ കൂടിയായ തനൂജ നടി നൂത്തന്റെ സഹോദരിയുമാണ്. ചാന്ദ് ഓര്‍ സൂരജ്, ജ്വല്‍ തീഫ്, നയി റോഷ്‌നി, ജീനേ കി രാഹ്, ഹാത്തി മേരെ സാത്തി, അനുഭവ് തുടങ്ങി നിരവധി സിനിമകളില്‍ തനൂജ അഭിനയിച്ചിട്ടുണ്ട്. അറുപതുകളിലേയും എഴുതുകളിലേയും മുന്‍നിര നായികയായിരുന്നു തനൂജ.
അതേസമയം ജൂലൈ 25ന് സര്‍സമീന്‍ റിലീസാകും. കയോസ് ഇറാനിയാണ് സിനിമയുടെ സംവിധാനം. നടന്‍ ബൊമ്മന്‍ ഇറാനിയുടെ മകനാണ് കയോസ്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് ആണ് സിനിമയുടെ നിര്‍മാണം.
Prithviraj and Kajol recreats histoy by being hero and heroine in Sarzameen. 45 years ago Sukumaran and Tanuja was in a movie together.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates