
വര്‍ഷം 1959. അപ്പോഴേക്കും വെര്‍ട്ടിഗോയും റിയല്‍ വിന്‍ഡോയും ഡയല്‍ എം ഫോര്‍ മര്‍ഡറുമടക്കമുള്ള ക്ലാസിക്കുകള്‍ ഒരുക്കി കഴിഞ്ഞിരുന്നു ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് എന്ന മാസ്റ്റര്‍ ഓഫ് സസ്‌പെന്‍സ്. തുടര്‍ച്ചയായി വലിയ താരനിരയും ബജറ്റുമുള്ള സിനിമകള്‍ ഒരുക്കി സ്വയം മടുത്തിരിക്കുകയാണ് ഹിച്ച്‌കോച്ച്. അങ്ങനെയിരിക്കെ തന്റെ സഹായി പെഗ്ഗി അദ്ദേഹത്തെ ഒരു നോവല്‍ പരിചയപ്പെടുത്തി. റോബര്‍ട്ട് ബ്‌ളോച്ച് എഴുതി 1959 ല്‍ തന്നെ പുറത്തിറങ്ങി നോവല്‍ വായിച്ചതും അതിന്റെ റൈറ്റ്‌സ് വാങ്ങാന്‍ ഹിച്ച്‌കോക്ക് തീരുമാനിച്ചു.
തന്റെ മുന്നിലിരിക്കുന്ന നോവലില്‍ അതിഗംഭീരമായൊരു സിനിമയുണ്ടെന്ന് ഹിച്ച്‌കോക്കിന് അറിയാമായിരുന്നു. നേരത്തെ തന്നെ താനുമായി കരാറുണ്ടായിരുന്ന പാരമൗണ്ട് സ്റ്റുഡിയോയെ അദ്ദേഹം സമീപിച്ചുവെങ്കിലും ചിത്രത്തില്‍ അവര്‍ക്ക് തീരെ ആത്മവിശ്വാസം തോന്നിയില്ല. ബ്ലോച്ചിന്റെ നോവലില്‍ ഒരു സിനിമ കാണാന്‍ അവര്‍ക്ക് സാധിച്ചില്ല. എന്നാല്‍ ഹിച്ച്‌കോക്ക് തന്റെ ആത്മവിശ്വാസത്തിന്റെ പിടി വിട്ടില്ല. വലിയ സിനിമകള്‍ ഒരുക്കി കൊണ്ടിരുന്ന ഹിച്ച്‌കോച്ച് തന്റെ പുതിയ സിനിമ ഒരു കൊച്ചു ചിത്രമായിട്ട് ഒരുക്കാന്‍ തീരുമാനിച്ചു.
ബജറ്റ് കുറയ്ക്കാന്‍ തന്റെ പ്രതിഫലം അദ്ദേഹം വേണ്ടെന്ന് വച്ചു. പകരം ബോക്‌സ് ഓഫീസില്‍ നിന്നും നേടുന്നതിന്റെ 60 ശതമാനം മതി എന്നായി. വലിയ താരങ്ങള്‍ക്ക് പകരം തന്റെ ടെലിവിഷന്‍ സീരീസായ ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് പ്രസന്റ്‌സില്‍ നിന്നുള്ള താരങ്ങളെയാണ് അദ്ദേഹം കാസ്റ്റ് ചെയ്തത്. ഡിഒപിയും മറ്റ് ക്രൂവുമെല്ലാം അങ്ങനെ തന്നെ തിരഞ്ഞെടുക്കപ്പെട്ടു. ബ്‌ളോച്ചിന്റെ നോവലില്‍ തനിക്ക് ചേര്‍ക്കാനും കുറയ്ക്കാനുമുള്ളതുമൊക്കെയായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു കൊണ്ട് ജോസഫ് സ്റ്റെഫാനോയെ തിരക്കഥയെഴുതാന്‍ ഏല്‍പ്പിച്ചു. ബജറ്റ് കുറയ്ക്കാന്‍ സിനിമ ബ്ലാക്ക് ആന്റ് വൈറ്റില്‍ ഒരുക്കാനും തീരുമാനമായി. അങ്ങന ഒരുപാട് പരിമിധികളില്‍ ആ സിനിമ ഓണ്‍ ആയി.
ഒടുവില്‍ 1960 ജൂണ്‍ 16 ന് സിനിമ തിയറ്ററിലേക്ക് എത്തി. തുടക്കത്തില്‍ ചിത്രത്തിന് ലഭിച്ചത് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു. ചിലര്‍ക്ക് കഥ മനസിലായില്ല, ചിലര്‍ക്ക് വയലന്‍സ് താങ്ങാനായില്ല. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ മാറി മറഞ്ഞു. ചിത്രം കാണാനായി ബോക്‌സ് ഓഫീസിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. ഹിച്ച്‌കോക്കിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് അന്ന് പിറന്നത്. തന്റെ ഷെയര്‍ ആയി അദ്ദേഹത്തിന് ലഭിച്ചത് 15 മില്യണ്‍ ആണ്. ഹിച്ച്‌കോക്കിന്റെ കരിയറില്‍ മാത്രമല്ല, ലോക സിനിമ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ ആ സിനിമയുടെ പേര് 'സൈക്കോ' എന്നാണ്. പുറത്തിറങ്ങി 65 വര്‍ഷങ്ങള്‍ക്കിപ്പുറവും ലോകമെമ്പാടുമുള്ള സിനിമാമോഹികള്‍ക്ക് പ്രചോദനമായി തുടരുകയാണ് സൈക്കോ.
അതുവരെ കണ്ട സൈക്കോളജിക്കല്‍ ത്രില്ലറുകളുടെയോ ഹൊററുകളുടെയോ പാറ്റേണിലായിരുന്നില്ല ഹിച്ച്‌കോക്ക് സൈക്കോ ഒരുക്കിയത്. ചിത്രത്തിലെ ഫ്രെയ്മിംഗ് മുതല്‍ നരേഷന്‍ വരെ കാലത്തിന് മുമ്പേ സഞ്ചരിച്ചവയാണ്. ഹിച്ച്‌കോക്ക് അന്ന് വരച്ച വരയിലൂടെയാണ് ഇന്നും സിനിമാ ലോകം സഞ്ചരിക്കുന്നത്. എങ്ങനെയാകണം ഒരു ഹൊറര്‍ സിനിമ ഒരുക്കേണ്ടത് എന്നതിന്റെ ബെഞ്ച് മാര്‍ക്കാണ് സൈക്കോ. നേരിട്ട് കാണിക്കാത്തെ, മനസിന് മേല്‍ പെടഞ്ഞു കയറുന്നൊരു പാമ്പ് പോലെ എങ്ങനെയാണ് ഭയത്തെ അവതരിപ്പിക്കേണ്ടതെന്ന് അദ്ദേഹം കാണിച്ചു തന്നു. സൈക്കോയിലെ ഓരോ സീനും ഓരോ സ്‌കൂളാണ്. പ്രശസ്തമായ ഷവര്‍ സീന്‍ മുതല്‍ നോര്‍മന്റെ ചിരിവരെ ഇന്നും ലോക സിനിമയുടെ ചുമരുകളില്‍ മായാതെ നിലനില്‍ക്കുന്നു.
അതുവരെ ഉണ്ടായിരുന്ന പല ക്ലീഷേകളും അന്ന് ഹിച്ച്‌കോക്ക് തിരുത്തുന്നുണ്ട്. തുടക്കം മുതല്‍ അവസാനം വരെ ഒരു കഥാപാത്രത്തെ പിന്തുടരുന്നതായിരുന്നു അതുവരെ ഉണ്ടായിരുന്ന കഥ പറച്ചില്‍ രീതി. എന്നാല്‍ തന്റെ പ്രധാന കഥാപാത്രത്തെ ആദ്യത്തെ 45 മിനുറ്റിനുള്ളില്‍ തന്നെ കൊന്നുകളയുകയായിരുന്നു ഹിച്ച്‌കോക്ക് ചെയ്തത്. നായകന്‍/നായകന്‍ സങ്കല്‍പ്പത്തേയും ഹിച്ച്‌കോക്ക് തിരുത്തിയെഴുതി. മോറലി കറപ്പ്റ്റഡ് ആയ നായികയെ അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം അത് നിര്‍വ്വഹിച്ചത്. കില്ലര്‍-മര്‍ഡര്‍-വിക്ടം എന്ന എളുപ്പവഴിയിലൂടെ മാത്രം സഞ്ചരിക്കാതെ കില്ലറുടെ സൈക്കിലേക്ക് കൂടെ അദ്ദേഹം ഇറങ്ങി ചെന്നു. അതുവരെ ഹോളിവുഡ് സിനിമകളില്‍ കാണാത്ത അത്ര വലയന്റായിരുന്നു സൈക്കോ. പക്ഷെ അതിനായി അദ്ദേഹം എല്ലായിപ്പോഴും ക്രൈം നേരിട്ട് കാണിച്ചുമില്ല. ശബ്ദം കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും തെറിച്ചു വീഴുന്ന രക്തം കൊണ്ടും മാത്രം ഭയപ്പെടുത്തിയ ഷവര്‍ സീന്‍ ഇല്ലാതാക്കിയത് തലമുറകളുടെ ഉറക്കമാണ്.
ചിത്രത്തിലെ താരങ്ങളുടെ പ്രകടനങ്ങളും ഹിച്ച്‌കോക്കിന്റെ വിഷനെ പൂര്‍ണതയിലേക്ക് എത്തിക്കുന്നതായിരുന്നു. നോര്‍മന്‍ ബേറ്റ്‌സ് ആയുള്ള ആന്റണി പെര്‍ക്കിന്‍സിന്റെ പ്രകടനം എങ്ങനെയാണ് മറക്കാന്‍ സാധിക്കുക. അദ്ദേഹത്തിന്റെ ആ ചിരി ഇന്നും തലയ്ക്കകത്തൊരു മൂളല്‍ സൃഷ്ടിക്കുന്നുണ്ട്. സ്‌ക്രീന്‍ ടൈമില്‍ കുറവെങ്കിലും ജാനെറ്റ് ലെയിയുടെ രംഗങ്ങള്‍ സൃഷ്ടിച്ച ഇംപ്കാട് കാലത്തെ അതിജീവിക്കുന്നതാണ്.
ഓണ്‍ സ്‌ക്രീനിലെ നടപ്പുരീതികളെ മാത്രമല്ല ഹിച്ച്‌കോക്ക് മാറ്റിയെഴുതുന്നത്. സാധാരണ പ്രേക്ഷകന്റെ സിനിമ കാണുന്ന രീതിയെ കൂടിയാണ്. അതുവരെ സിനിമ എന്നത് ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും വെറും വിനോദം മാത്രമായിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ കഥ പറച്ചില്‍ അവര്‍ ഗൗനിച്ചിരുന്നില്ല. സിനിമ തുടങ്ങിയ ശേഷവും ഇന്റര്‍വെല്ലിന് ശേഷവുമൊക്കെ ആളുകള്‍ തിയറ്ററിലേക്ക് കേറി വരുന്നത് പതിവായിരുന്നു. തിയറ്ററുകാര്‍ക്കും അതിലൊരു എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ തന്റെ സിനിമ തുടങ്ങും മുമ്പ് തിയറ്ററില്‍ എത്തുന്നവരെ മാത്രം അകത്തു കയറ്റിയാല്‍ മതിയെന്നും വൈകി വരുന്നവര്‍ക്ക് പ്രവേശനമില്ലെന്നും അദ്ദേഹം തിയറ്ററുകാരോട് കട്ടായം പറഞ്ഞു. ആദ്യത്തെ 45-ാം മിനുറ്റില്‍ നായിക മരിക്കുന്നൊരു സിനിമയുടെ സസ്‌പെന്‍സ് സ്വഭാവം നിലനിര്‍ത്താന്‍ ആയിരുന്നു അദ്ദേഹം അങ്ങനെ ചെയ്തത്. അതിലൂടെ പ്രേക്ഷകരെ സിനിമ കാണാന്‍ പഠിപ്പിക്കുക കൂടിയായിരുന്നു ഹിച്ച്‌കോക്ക്.
നല്ല സിനിമകള്‍ ഇനിയും ഉണ്ടാകും. പക്ഷെ സൈക്കോ പോലെ ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ത്തികള്‍ ഭേദിച്ച, സിനിമയുടെ ചട്ടക്കൂടുകള്‍ പൊളിച്ചെഴുതിയ, ഒരിക്കലും വറ്റാത്തൊരു ജലാശയം പോലെ, ഓരോ കാഴ്ചയിലും പുതുത് എന്തെങ്കിലും സമ്മാനിച്ചു കൊണ്ടിരിക്കുന്നൊരു സിനിമ ഒരുക്കുക അസാധ്യമാണ്. റിലീസിന് 65 വര്‍ഷം തികയുന്ന ഈ നേരവും ലോകത്തെവിടെയെങ്കിലും ആരെങ്കിലുമൊക്കെയിരുന്ന് സൈക്കോ കാണുകയോ പഠിക്കുകയോ ചെയ്യുന്നുണ്ടാകും. അതാണ് സിനിമയുടെ മാജിക്.
Alfred Hitchcock's Psycho completes 65 years. and it still keeps on inspiring movie lovers.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates